മെസ്സി ചാന്റ്സിനെതീരെ അശ്ലീല ആംഗ്യം നടത്തിയ റൊണാൾഡോക്ക് ശിക്ഷ വിധിച്ച് സൗദി ഫുട്ബോൾ ഫെഡറേഷൻ | Cristiano Ronaldo

സൗദി പ്രൊലീഗിൽ അൽ നസ്റിന്റെ അവസാന മത്സരത്തിൽ എതിർ സ്റ്റേഡിയത്തിൽ വച്ച് അൽശബാബിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി ക്രിസ്ത്യാനോ റൊണാൾഡോയും സംഘവും വിലപ്പെട്ട മൂന്നു പോയിന്റുകൾ സ്വന്തമാക്കിയാണ് മടങ്ങിയത്. എന്നാൽ ഈ മത്സരത്തിൽ ഗോൾ നേടിയ ക്രിസ്ത്യാനോ റൊണാൾഡോ അൽശബാബ് ആരാധകർക്കെതിരെ നടത്തിയ സെലിബ്രേഷൻ അശ്ലീല ആംഗ്യം അടങ്ങിയതായിരുന്നു.

ക്രിസ്ത്യാനോ റൊണാൾഡോയുടെ ഈ പെരുമാറ്റത്തിനെതിരെ നിരവധി വിമർശനങ്ങളും ട്രോളുകളുമാണ് പിന്നാലെ വന്നത്. ക്രിസ്ത്യാനോ റൊണാൾഡോയെ പ്രകോപിക്കുവാൻ വേണ്ടി ലിയോ മെസ്സിയുടെ പേരിൽ ചാന്റ്സ് നടത്തിയ എതിർ ടീം ആരാധകർക്കെതിരെ ക്രിസ്ത്യാനോ റൊണാൾഡോ കാണിച്ച മോശമായ പെരുമാറ്റത്തിനെതിരെ നടപടി എടുക്കണമെന്ന് സൗദി പ്രോ ലീഗ് അധികൃതരോട് ശക്തമായ ആവശ്യമാണ് ഉയർന്നുവന്നത്.

ഇതിനെ തുടർന്ന് ക്രിസ്ത്യാനോ റൊണാൾഡോയോട് ഇക്കാര്യത്തിൽ സൗദി ഫുട്ബോൾ ഫെഡറേഷൻ വിശദീകരണം ആവശ്യപ്പെട്ടപ്പോൾ ഗോൾ നേടിയതിന്റെ സെലിബ്രേഷൻ കാണിച്ചത് വിജയത്തിനേയും ശക്തിയെയും സൂചിപ്പിക്കാൻ വേണ്ടിയാണെന്നാണ് റൊണാൾഡോ നൽകിയ മറുപടി. എന്നാൽ മെസ്സി ചാന്റ്സ് നടത്തിയ അൽ ശബാബ് ആരാധകർക്കെതിരെ മനപ്പൂർവ്വം ആണ് ക്രിസ്ത്യാനോ റൊണാൾഡോ ഈ പ്രവൃത്തി ചെയ്തതെന്നാണ് വിമർശനം.

എന്തായാലും നിലവിൽ ക്രിസ്ത്യാനോ റൊണാൾഡോക്കെതിരെ നടപടിയെടുത്തിരിക്കുകയാണ് സൗദി ഫുട്ബോൾ ഫെഡറേഷൻ. സൗദി പ്രൊ ലീഗിലെ അടുത്ത മത്സരത്തിൽ വിലക്കും 10000 സൗദി റിയാൽ പിഴയുമാണ് ക്രിസ്ത്യാനോ റൊണാൾഡോക്ക് ശിക്ഷയായി വിധിച്ചത്. ഇതോടെ ഇന്ന് നടക്കുന്ന അൽ നസ്റിന്റെ സൗദി പ്രോ ലീഗ് മത്സരത്തിൽ ക്രിസ്ത്യാനോ റൊണാൾഡോ പങ്കെടുക്കില്ല എന്നത് ഉറപ്പായി. അൽ ഹസമിനെതിരെ നടക്കുന്ന ഇന്നത്തെ മത്സരത്തിന് ശേഷം അൽ നസ്റിന്റെ അടുത്ത മത്സരത്തിൽ ക്രിസ്ത്യാനോ റൊണാൾഡോ ടീമിലേക്ക് തിരിച്ചെത്തും.

Rate this post