‘മെസ്സി..മെസ്സി’ ആർപ്പുവിളിയിൽ നിയന്ത്രണം വിട്ട് റൊണാൾഡോ അശ്ലീല ആംഗ്യം കാണിച്ചു വിവാദത്തിൽ

സൗദി പ്രൊ ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് നിരാശപ്പെടുത്തുന്ന മറ്റൊരു രാത്രി കൂടിയാണ് ഇന്നലെ ലഭിച്ചത്. കിരീടത്തിനായി ഇഞ്ചോടിഞ്ചു പോരാടുന്ന ഈ ഘട്ടത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് അൽ ഹിലാലിനോട് തോൽവി വഴങ്ങിയതോടെ ഈ സീസണിൽ അൽ നസ്റിന്റെ കിരീടം നേടാനുള്ള സാധ്യതകൾ വളരെയധികം മങ്ങിയിട്ടുണ്ട്.

അൽ ഹിലാലിനായി ഓഡിയോൺ ഇഗോളോയാണ് വിജയഗോളുകൾ നേടിയത്. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ഇഗോളോ മത്സരത്തിന്റെ നാൽപത്തി രണ്ടാം മിനുട്ടിലും അറുപത്തിരണ്ടാം മിനുട്ടിലുമാണ് ഗോളുകൾ നേടിയത്. രണ്ടു ഗോളുകളും പെനാൽറ്റിയിലൂടെയാണ് താരം നേടിയത്. ഇതോടെ ലീഗിലെ ടോപ് സ്‌കോറർ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്താനും താരത്തിന് കഴിഞ്ഞു.

അതേസമയം റൊണാൾഡോയെ തുടക്കം മുതൽ പ്രകോപിപ്പിക്കുന്ന രീതിയിലാണ് അൽ നസ്ർ താരങ്ങൾ ഉണ്ടായിരുന്നത്. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ആരാധകർ മെസി ചാന്റുകൾ സ്റ്റേഡിയത്തിൽ മുഴക്കിയിരുന്നു. തോൽവിക്കു പുറമെ ആരാധകരുടെ ഈ സമീപനം കൂടിയായപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കൂടുതൽ അരിശം വരികയും ചെയ്‌തു.

മത്സരത്തിന് ശേഷം റൊണാൾഡോ ഡ്രസിങ് റൂമിലേക്ക് വരുമ്പോഴും ആരാധകർ മെസി ചാന്റുകൾ നടത്തിയിരുന്നു. തന്റെ അരയിൽ കൈവെച്ച് അശ്ലീല ആംഗ്യം കാണിച്ചാണ് റൊണാൾഡോ ആരാധകർക്ക് മറുപടി നൽകിയത്. മത്സരത്തിന് ശേഷം സോഷ്യൽ മീഡിയയിൽ ആരാധകർക്കിടയിൽ നടക്കുന്ന പ്രധാന ചർച്ചയും ഇതേപ്പറ്റി തന്നെയാണ്.

സൗദി ലീഗിൽ എത്തിയതിനു ശേഷം റൊണാൾഡോ മികച്ച പ്രകടനമാണ് നടത്തുന്നത്. എന്നാൽ നിർണായക സമയത്ത് ടീമിനു വേണ്ടി ഉയർന്നു വരാൻ താരത്തിന് കഴിഞ്ഞില്ല. ഇന്നലെ നടന്ന മത്സരത്തിലും റൊണാൾഡോക്ക് മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ലായിരുന്നു. ഇതോടെ കിരീടങ്ങളൊന്നും ഇല്ലാതെ റോണോക്ക് ഈ സീസൺ അവസാനിക്കേണ്ട അവസ്ഥയാണുള്ളത്.