മനം കവർന്നു ക്രിസ്ത്യാനോ റൊണാൾഡോ, തനിക്ക് ലഭിച്ച പെനാൽറ്റി തിരസ്കരിച്ചു | Cristiano Ronaldo

ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ സൗദി വമ്പൻമാരായ അൽ-നസറിനെ ഇറാൻ ക്ലബ്ബായ പെർസെപോളിസ് സമനിലയിൽ തളച്ചു. ഇരു ടീമുകളും ഗോളൊന്നും നേടാതെ ഗോൾ രഹിത സമനിലയിൽ പിരിയുകയായിരുന്നു. ഗ്രൂപ്പ് ഇയിൽ ചാമ്പ്യന്മാരായി അൽ നസർ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. തുടക്കത്തിൽ തന്നെ ഇറാൻ ക്ലബ്ബിന്റെ താരത്തിന് റെഡ് കാർഡ് കിട്ടിയതിൽ 10 പേരുമായാണ് സന്ദർശകർ ഭൂരിഭാഗം സമയവും കളിച്ചത്.

ക്രിസ്ത്യാനോ റൊണാൾഡോയുടെ അൽ നസർ ഒരു തോൽവി പോലും വഴങ്ങാതെ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ചിട്ടുള്ളത്. എഫ് സി ഇസ്റ്റിക്ലോലുമായി ഒരു മത്സരം കൂടി ബാക്കിയുണ്ട് അൽ നസറിനു.റൊണാൾഡോയുടെ മനം കവരും തീരുമാനം ഈ മത്സരത്തിന്റെ പ്രത്യേകതയായിരുന്നു.

കളിയുടെ ആദ്യപകുതിയിലായിരുന്നു സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാതൃകാപരമായ തീരുമാനം. എതിർ ബോക്സിൽ പന്തുമായി കുതിക്കുകയായിരുന്ന റൊണാൾഡോയെ പെർസെപോളിസ് പ്രതിരോധ താരം ഫൗൾ ചെയ്ത് വീഴ്ത്തിയതിന് ഉടനടി റഫറി പെനാൽറ്റി വിധിക്കുകയായിരുന്നു. ഇറാൻ താരങ്ങൾ പെനാൾട്ടിയല്ലെന്നു പറഞ്ഞ വാദിക്കുന്നതിനിടയിൽ ക്രിസ്ത്യാനോ റൊണാൾഡോയുടെ ധീരമായ പ്രവർത്തിയാണ് ഇപ്പോൾ കയ്യടി നേടുന്നത്. റഫറിയോട് അത് പെനാൽറ്റിയല്ലെന്ന് റൊണാൾഡോ അറിയിക്കുകയായിരുന്നു. അതിന് ശേഷം VAR ചെക് ചെയ്തു റഫറി വിളിച്ച പെനാൽറ്റി റദ്ദാക്കി.കളിയുടെ 77 മത്തെ മിനിറ്റിൽ ചെറിയ പരിക്കിന്റെ സൂചനകൾ കാണിച്ചപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയെ പരിശീലകൻ പിൻവലിച്ചു.

മത്സരശേഷം തന്റെ സന്തോഷം ക്രിസ്ത്യാനോ റൊണാൾഡോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു. “തോൽവിയറിയാതെ തുടർച്ചയായി 20 മത്സരങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു, ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തോടെ അടുത്ത റൗണ്ടിൽ കാണുന്നതിൽ സന്തോഷം, വലിയ ടീം വർക്ക്” എന്നാണ് ക്രിസ്ത്യാനോ റൊണാൾഡോ സോഷ്യൽ മീഡിയയിൽ കുറിച്ചത്. റൊണാൾഡോയുടെ പോസ്റ്റിനു കീഴിൽ മനം കവർന്ന പ്രവർത്തിക്ക് കൂടുതൽ പേർ അഭിനന്ദനങ്ങളുമായി എത്തിയിട്ടുണ്ട്. യുവതാരങ്ങൾക്കൊക്കെ മാതൃകയാണ് ഈ 38 കാരൻ.

Rate this post