അൽ നസ്‌റിന്റെ മോശം പ്രകടനം , പരിശീലകനെതിരെ വിമർശനവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ |Cristiano Ronaldo
കഴിഞ്ഞ ദിവസം സൗദി പ്രൊ ലീഗിൽ പോയിന്റ് പട്ടികയിൽ താഴെയുള്ള അൽ ഫെയ്ഹയ്‌ക്കെതിരെ അൽ നാസർ ഗോൾ രഹിത സമനില വഴങ്ങിയിരുന്നു. മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നിരാശാജനകമായ പ്രകടനമാണ് പുറത്തെടുത്തത്.മത്സരം ജയിക്കാത്തതിന്റെയും മികച്ച പ്രകടനം നടത്താത്തതിന്റെയും റൊണാൾഡോയുടെ നിരാശ എതിർടീമിന്റെ താരങ്ങളുമായി വാക്കേറ്റം നടത്തിയാണ് തീർത്തത്.
റൊണാൾഡോ മത്സരഫലത്തിൽ വളരെ നിരാശനായിരുന്നു എന്ന് താരത്തിന്റെ പ്രവൃത്തികളിൽ നിന്നും വ്യക്തമായ കാര്യമായിരുന്നു.എതിർടീമിന്റെ താരങ്ങളുമായി വാക്കേറ്റം നടത്തിയ താരം അതിനു ശേഷം കോപാകുലനായാണ് ഡ്രസിങ് റൂമിലേക്ക് പോയത്. കളിയിലുടനീളം എതിരാളികളുടെ പ്രതിരോധ തന്ത്രങ്ങളും സമയം പാഴാക്കുന്ന തന്ത്രങ്ങളും കാരണം റൊണാൾഡോ അസ്വസ്ഥനായിരുന്നു.അൽ അദാലയ്‌ക്കെതിരായ മുൻ മത്സരത്തിൽ രണ്ട് ഗോളുകൾ നേടിയ റൊണാൾഡോ മികച്ച ഫോമിലായിരുന്നു, എന്നാൽ അൽ ഫെയ്ഹയ്‌ക്കെതിരെ അത് ആവർത്തിക്കാൻ സാധിച്ചില്ല.
ഈ സമനില അൽ നാസറിന്റെ കിരീട സ്വപ്നങ്ങൾക്ക് മങ്ങലേൽപ്പിച്ചിരിക്കുകയാണ്. നിലവിൽ അൽ നാസറിനേക്കാൾ മൂന്ന് പോയിന്റ് ലീഡുമായി ചാമ്പ്യൻഷിപ്പിൽ മുന്നിൽ നിൽക്കുന്നത് അൽ ഇത്തിഹാദാണ്, ഏഴ് മത്സരങ്ങൾ മാത്രം കളിക്കാൻ ശേഷിക്കുന്നു. അൽ ഷബാബും അൽ ഹിലാലും ഇവർക്ക് പിന്നാലെയുണ്ട് .സൗദി മാധ്യമങ്ങൾ പറയുന്നതനുസരിച്ച് കോച്ച് റൂഡി ഗാർസിയയുടെ സമീപനത്തിലും ടീമിന്റെ കളി നിലവാരത്തിലും പോർച്ചുഗീസ് താരത്തിന് അതൃപ്തിയുണ്ടെന്നും കൂടുതൽ ഉയർന്ന തലത്തിൽ പ്രകടനം നടത്തി കിരീടം നേടാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം വിശ്വസിക്കുന്നു.
Starting preparing for 18 April 🔜 pic.twitter.com/Nfuf3S9Qbf
— AlNassr FC (@AlNassrFC_EN) April 10, 2023
കിരീടത്തിനായുള്ള പോരാട്ടത്തിൽ തെറ്റുകൾ വരുത്താതിരിക്കാനുള്ള തീരുമാനത്തിലാണ് ക്രിസ്റ്റ്യാനോ.ലോകകപ്പിന് ശേഷം ക്രിസ്റ്റ്യാനോ എത്തുന്നതിന് മുമ്പ് തന്നെ റൂഡി ഗാർസിയ അൽ നാസറിന്റെ ചുമതല ഏറ്റെടുത്തിരുന്നു. ഗാർസിയയുടെ നേതൃത്വത്തിൽ ക്രിസ്റ്റ്യാനോ 10 മത്സരങ്ങളിൽ നിന്ന് 11 ഗോളുകൾ നേടിയിട്ടുണ്ടെങ്കിലും, അൽ നാസറിനെ സൗദി ലീഗിൽ ഒന്നാമതെത്തിക്കാൻ അത് പര്യാപ്തമായില്ല. അൽ ഫെയ്ഹയ്ക്കും അൽ ഫത്തേയ്ക്കും എതിരായ സമനിലയും അൽ ഇത്തിഹാദിനെതിരായ തോൽവിയും അവരുടെ സാധ്യതകളിൽ മങ്ങലേൽപ്പിച്ചു. കൂടാതെ, സെമിഫൈനലിൽ പുറത്തായപ്പോൾ അവർക്ക് സൂപ്പർ കപ്പും നഷ്ടപ്പെട്ടു. വ്യക്തിഗത വിജയങ്ങൾക്കിടയിലും ഇതെല്ലാം ക്രിസ്റ്റ്യാനോയെ നിരാശനാക്കി.