അസിസ്റ്റുകളും ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മിന്നലാട്ടം, ലീഗിൽ അൽ നസ്ർ മുന്നോട്ട് കുതിക്കുന്നു

പോർച്ചുഗീസ് സൂപ്പർതാരമായ ക്രിസ്ത്യാനോ റൊണാൾഡോയുടെ തകർപ്പൻ ഫോമിൽ സൗദി ലീഗിൽ വിജയം ആവർത്തിക്കുന്ന സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിന് ലീഗിലെ തുടർച്ചയായ മൂന്നാം വിജയം. എതിരാളികളുടെ സ്റ്റേഡിയത്തിൽ വച്ച് നടന്ന മത്സരത്തിലാണ് ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് അൽ ഹസമിനെ അൽ നസ്ർ പരാജയപ്പെടുത്തുന്നത്.

ലീഗിലെ ഏറ്റവും അവസാന സ്ഥാനക്കാരായ അൽ ഹസമിനെതിരെ ക്രിസ്ത്യാനോ റൊണാൾഡോയെ പോലെയുള്ള താരങ്ങളെ അണിനിരത്തി കളി ആരംഭിച്ച അൽ നസ്ർ ആദ്യ പകുതിയുടെ 33 മിനിറ്റിൽ ക്രിസ്ത്യാനോ റൊണാൾഡോയുടെ അസിസ്റ്റിൽ നിന്ന് ഗരീബ് നേടുന്ന ഗോളിൽ മുന്നിലെത്തി, ആദ്യപകുതി അവസാനിക്കുന്നതിനു മുൻപ് ഖൈബാരി നേടുന്ന രണ്ടാമത്തെ ഗോളിലൂടെ അൽ നസ്ർ ലീഡ് രണ്ടായി ഉയർത്തി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തകർപ്പൻ ലോങ് റേഞ്ച് ഗോളിലൂടെ അൽ ഹസം ഒരു ഗോൾ തിരിച്ചടിച്ചു. എന്നാൽ 57 മിനിറ്റിൽ വീണ്ടും ക്രിസ്ത്യാനോ റൊണാൾഡോയുടെ അസിസ്റ്റിൽ നിന്നും പോർച്ചുഗീസ് താരമായ ഒറ്റാവിയോ അൽ നസ്റിന്റെ മൂന്നാമത്തെ ഗോളും സ്കോർ ചെയ്തു. മത്സരത്തിൽ രണ്ടു അസിസ്റ്റുകൾക്ക് പുറമെ 68 മിനിറ്റിൽ ഗോൾ സ്കോർ ചെയ്ത് ക്രിസ്ത്യാനോ റൊണാൾഡോ തന്റെ ഫോം തുടർന്നു.

78 മിനിറ്റിൽ സാദിയോ മാനേ കൂടി ഗോൾ നേടിയതോടെ അൽ നസ്ർ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് വിജയം നേടി. നിലവിൽ സൗദി പ്രോ ലീഗ് പോയന്റ് ടേബിളിൽ 5 മത്സരങ്ങളിൽ നിന്നും മൂന്ന് വിജയം നേടിയ അൽ നസ്ർ 9 പോയിന്റ്റുമായി പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്താണ്. 5 മത്സരങ്ങളിൽ നിന്നും 13 പോയിന്റ് നേടിയ ഹിലാൽ, അൽ ടാവൂൻ എന്നിവരാണ് ആദ്യ സ്ഥാനങ്ങളിലുള്ളത്.

Rate this post