ഫ്രീകിക്ക് ഗോളിന്റെ മനോഹാരിത !! അൽ നാസറിന് വിജയം നേടിക്കൊടുത്ത ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾ |Cristiano Ronaldo

സൗദി പ്രോ ലീഗിൽ ഇന്നലെ നടന്ന ആവേശകരമായ മത്സരത്തിൽ ഡമാകിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളിന്റെ തകർപ്പൻ ജയം സ്വന്തമാക്കിയിരിക്കുകയാണ് അൽ നാസർ. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് അൽ നാസർ വിജയം സ്വന്തമാക്കിയത്.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഫ്രീകിക്കിൽ നിന്നും നേടിയ ഗോളാണ് അൽ നാസറിന് വിജയം നേടിക്കൊടുത്തത്.മത്സരത്തിന്റെ 56 ആം മിനുട്ടിൽ 25 വാരയിൽ നിന്നെടുത്ത ഫ്രീകിക്ക് അഞ്ച് പേരടങ്ങുന്ന പ്രതിരോധ ഭിത്തിയെ മറികടന്ന് ഗോൾ കീപ്പറെ കാഴ്ചക്കാരനാക്കി വലയിൽ കയറുകയായിരുന്നു.റൊണാൾഡോയുടെ ഗോൾ അദ്ദേഹത്തിന്റെ അസാമാന്യമായ കഴിവും കൃത്യതയും പ്രകടമാക്കി. ഈ അവിസ്മരണീയമായ പ്രകടനത്തിലൂടെ 38 ആം വയസ്സിലും ലോക ഫുട്ബോളിലെ തന്റെ പ്രാധാന്യം എന്താണെന്ന് റൊണാൾഡോ കാണിച്ചു തന്നു.

കിംഗ് സൗദ് യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നാം പകുതിയുടെ ഇഞ്ചുറി മിനുട്ടിൽ ജോർജസ് കെവിൻ എൻ കൗഡുവിന്റെ ഗോളിൽ ഡമാക് ലീഡ് നേടി.52-ാം മിനിറ്റിൽ ഫ്രീകിക്കിൽ നിന്ന് ആൻഡേഴ്സൺ ടാലിസ്ക അൽനാസറിനെ ഒപ്പമെത്തിക്കുകയായിരുന്നു.സമനില ഗോൾ നേടി നാല് മിനിറ്റിനുള്ളിൽ അൽ നാസറിന് മറ്റൊരു ഫ്രീകിക്ക് ലഭിച്ചു. ഇത്തവണ പോർച്ചുഗീസ് ഗോൾ മെഷീനും അൽ നാസർ ക്യാപ്റ്റനുമായ ക്രിസ്റ്റ്യാനോ റൊണാൾഡോ സെറ്റ് പീസ് എടുക്കാൻ തീരുമാനിച്ചു.

ഡമാകിന്റെ കീപ്പർ മുസ്തഫ സെഗ്ബയെ കാഴ്ചക്കാരനാക്കി 38 കാരൻ അത് ഗോളാക്കി മാറ്റി. ഇന്ന് മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു ഗോൾ നേടി, പക്ഷേ വ്യക്തമായ ഒരു ഓഫ്‌സൈഡിന് അത് അനുവദിക്കപ്പെട്ടില്ല. അതിനു ശേഷം ആദ്യ പകുതിയിൽ അൽ-നാസർ താരത്തിന് ഗോൾ നേടാനുള്ള അവസരങ്ങളൊന്നും ലഭിച്ചില്ല.10 മത്സരങ്ങളിൽ നിന്നും 22 പോയിന്റുമായി ലീഗിൽ മൂന്നാം സ്ഥാനത്താണ് അൽ നാസർ.

4/5 - (1 vote)