ക്രിസ്ത്യാനോ റൊണാൾഡോ റയൽ മാഡ്രിലേക്കോ? പരിശീലനം ആരംഭിച്ചു |Qatar 2022

നാല് വർഷങ്ങൾക്ക് ശേഷം റയൽ മാഡ്രിഡിന്റെ ട്രെയിനിങ് ഗ്രൗണ്ടായ വാൽഡെബെബാസിൽ പരിശീലനം നടത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ. ലോകകപ്പിൽ പോർച്ചുഗൽ പുറത്തായി ഏതാനും ദിവസങ്ങൾ മാത്രം പിന്നിട്ടിരിക്കെയാണ് താരം പരിശീലനത്തിനായി മാഡ്രിഡിൽ എത്തിയിരിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഒഴിവാക്കിയ താരം ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ പുതിയ ക്ലബ്ബിനെ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പരിശീലനം ആരംഭിച്ചിരിക്കുന്നത്. ഒറ്റക്കാണ് റൊണാൾഡോ റയൽ മാഡ്രിഡ് ട്രെയിനിങ് ഗ്രൗണ്ടിൽ പരിശീലനം ആരംഭിച്ചിരിക്കുന്നത്.

സ്‌പാനിഷ്‌ പബ്ലിക്കേഷനായ റേലോവോയാണ് റൊണാൾഡോ മാഡ്രിഡിൽ പരിശീലനം നടത്തുന്ന കാര്യം വെളിപ്പെടുത്തിയത്. പോർചുഗലിനൊപ്പം ലോകകപ്പിൽ കളിച്ച മറ്റു താരങ്ങളെല്ലാം ഓരോ ക്ലബിന്റെ ഭാഗമാണ്. എന്നാൽ നിലവിൽ ഒരു ക്ലബിന്റെയും ഭാഗമല്ലാത്ത റൊണാൾഡോക്ക് ജനുവരി ട്രാൻസ്‌ഫർ ജാലകം ആരംഭിക്കുമ്പോൾ ഫിറ്റ്നസ് നിലനിർത്തേണ്ടത് വളരെ അത്യാവശ്യമായതിനാൽ അതിനു വേണ്ടിയുള്ള കഠിനാധ്വാനത്തിലാണ് താരമെന്നാണ് മനസിലാക്കേണ്ടത്. ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ ആഗ്രഹമുള്ള റൊണാൾഡോ അതിനു യോഗ്യതയുള്ള ക്ലബ്ബിലേക്ക് തന്നെയാകും ചേക്കേറാൻ ശ്രമിക്കുക.

ലോകകപ്പിൽ പോർച്ചുഗൽ ടീമിനൊപ്പം മികച്ച പ്രകടനം നടത്താൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കഴിഞ്ഞിട്ടില്ലായിരുന്നു. ആദ്യ മത്സരത്തിലെ ഒരു പെനാൽറ്റി ഗോൾ മാത്രമേ ടൂർണ്ണമെന്റിലുടനീളം റൊണാൾഡോക്ക് നേടാൻ കഴിഞ്ഞുള്ളൂ. അവസാനത്തെ രണ്ടു മത്സരങ്ങളിൽ ആദ്യ ഇലവനിലും താരത്തിന് ഇടം ലഭിച്ചിരുന്നില്ല. മൊറോക്കോയോട് തോറ്റ് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ പോർച്ചുഗൽ പുറത്താവുകയും ചെയ്‌തു. അതൊക്കെ പരിഗണിക്കുമ്പോൾ റൊണാൾഡോയെ സംബന്ധിച്ച് വളരെ നിരാശ നൽകിയ ലോകകപ്പായിരുന്നു ഇത്തവണത്തേത്.

അതിനിടയിൽ റൊണാൾഡോ സൗദി ക്ലബായ അൽ നാസറുമായി കരാർ ഒപ്പിട്ടുവെന്ന റിപ്പോർട്ടുകൾ ശക്തമായി ഉയർന്നിരുന്നു. എന്നാൽ താരം തന്നെ ഇക്കാര്യം നിരാകരിച്ചു. ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള ക്ലബിൽ കളിക്കാൻ തന്നെയാകും റൊണാൾഡോ ശ്രമിക്കുക. ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ഏതു ക്ലബിലേക്കാണ് റൊണാൾഡോ ചേക്കേറുകയെന്നാണ് ആരാധകരും ഉറ്റു നോക്കുന്നത്. കഴിഞ്ഞ ജനുവരിയിൽ റൊണാൾഡോയെ ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള ക്ലബുകളൊന്നും സ്വന്തമാക്കാൻ തയ്യാറായില്ലായിരുന്നു. ലോകകപ്പിലും താരം തിളങ്ങാതിരുന്നതിനാൽ അതെ സാഹചര്യം വീണ്ടും ഉണ്ടാകുമോ എന്ന സംശയവും പലർക്കുമുണ്ട്.

Rate this post