‘ഇടം കാൽകൊണ്ടുള്ള മിന്നുന്ന ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ’ : അൽ നാസർ കിംഗ്‌സ് കപ്പ് ഫൈനലിൽ | Cristiano Ronaldo | Al Nassr

റിയാദിലെ അൽ-അവ്വൽ സ്റ്റേഡിയത്തിൽ നടന്ന കിംഗ് കപ്പ് ഓഫ് ചാമ്പ്യൻസ് സെമിഫൈനലിൽ അൽ ഖലീജിനെതിരെ തകർപ്പൻ ജയം സ്വന്തമാക്കി അൽ നാസർ. ഒന്നിനെതിരെ മൂന്നു ഗോളിന്റെ വിജയമാണ് അൽ നാസർ നേടിയത് . ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസറിനായി ഇരട്ട ഗോളുകൾ നേടിയപ്പോൾ സാദിയോ മാനെയും സ്കോർ ഷീറ്റിൽ ഇടം നേടി.

മെയ് 31 ന് നടക്കുന്ന ഫൈനലിൽ അൽ നാസർ അൽ ഹിലാലിനെ നേരിടും. സെമിഫൈനലിൽ അൽ ഇത്തിഹാദിനെ തോൽപ്പിച്ച ശേഷമാണ് അൽ ഹിലാൽ ഫൈനലിലേക്ക് എത്തിയത്. മത്സരത്തിന്റെ പതിനേഴാം മിനിറ്റിൽ അൽ ഖലീജ് പ്രതിരോധത്തിൻ്റെ പിഴവ് മുതലാക്കി റൊണാൾഡോ ടീമിനെ മുന്നിലെത്തിച്ചു. ഡിഫൻഡർ ലിസാൻഡ്രോ ലോപ്പസിൻ്റെ ഒരു മോശം ബാക്ക് പാസ് കീപ്പർ ഇബ്രാഹിം സെഹിക്കിനെ സമ്മർദ്ദത്തിലാക്കി.പന്ത് ക്ലിയർ ചെയ്‌തെങ്കിലും ബോക്‌സിൻ്റെ അരികിൽ നിന്ന റൊണാൾഡോ മികച്ചൊരു ഇടം കാല ഷോട്ടിലൂടെ ഗോളാക്കി മാറ്റി.

37-ാം മിനിറ്റിൽ അൽ ഖലീജ് ഡിഫൻഡർ ഇവോ റോഡ്രിഗസിന്റെ ഹാൻഡ് ബോളിൽ അൽ നാസറിന് അനുകൂലമായി പെനാൽറ്റി ലഭിക്കുകയും സാദിയോ മാനെ ലീഡ് ഉയർത്തുകയും ചെയ്തു.57-ാം മിനിറ്റിൽ പെനാൽറ്റി ബോക്‌സിൻ്റെ വലതുവശത്ത് നിന്ന് അയ്‌മൻ യഹ്‌യയുടെ പാസിൽ നിന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ മത്സരത്തിലെ രണ്ടാം ഗോൾ നേടി.മത്സരത്തിനിടെ ഒമ്പത് സേവുകൾ നടത്തിയ അൽ ഖലീജ് ഗോൾകീപ്പർ സെഹിക് തൻ്റെ ടീമിനെ കൂടുതൽ നാണക്കേടിൽ നിന്ന് രക്ഷിച്ചു.

77-ാം മിനിറ്റിൽ സെൻ്റർ ബാക്ക് മുഹമ്മദ് അൽ ഖബ്റാനി പരിക്കിനെത്തുടർന്ന് പിച്ചിൽ നിന്ന് പുറത്തായതിന് ശേഷം അൽ ഖലീജിന് കാര്യങ്ങൾ കൂടുതൽ വഷളായി, ടീം അഞ്ച് സബ്സ്റ്റിറ്റ്യൂഷനുകൾ നടത്തിയതിന് ശേഷം കളിയുടെ ബാക്കിയുള്ള സമയം 10 പേരുമായി കളിക്കേണ്ടി വന്നു. 82-ാം മിനിറ്റിൽ പകരക്കാരനായ ഫവാസ് അൽ-തൊറൈസിലൂടെ അൽ ഖലീജ് ഒരു ഗോൾ മടക്കി.

Rate this post