ക്രിസ്റ്റ്യാനോ റൊണാൾഡോയും സിനദിൻ സിദാനും വീണ്ടും ഒരുമിക്കാനൊരുങ്ങുന്നു

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ശനിയാഴ്ച ലെസ്റ്ററിൽ നടന്ന 4-2 തോൽവിക്ക് ശേഷം റെഡ് ഡെവിൾസ് പരിശീലകൻ സോൾഷ്യറിന്റെ കസേരക്ക് ഇളക്കം തട്ടിയിരിക്കുകയാണ്. പരിശീലകനെ മാറ്റണം എന്ന മുറവിളി പല കോണിൽ നിന്നും ഉയർന്നു വരികയും ചെയ്യുന്നുണ്ട്.റൊണാൾഡോ, റാഫേൽ വരാനെ, ജാഡോൺ സാഞ്ചോ എന്നി സൂപ്പർ താരങ്ങളെ വലിയ വില കൊടുത്ത് സ്വന്തമാക്കിയിട്ടും അവരെ വേണ്ട വിധത്തിൽ ഉപയോഗിക്കാനോ ടീമിന്റെ പ്രകടനം മെച്ചപ്പെടുത്താനോ നോർവീജിയൻ പരിശീലകന് സാധിച്ചില്ല.

നിരവധി മികച്ച താരങ്ങൾ ടീമിലുണ്ടെങ്കിലും സ്ഥിരമായ ഒരു പതിനൊന്നു താരങ്ങളെ കണ്ടെത്താൻ സോൾഷ്യറിനു കഴിയുന്നില്ല. നോർവീജിയന്റെ തെറ്റായ തന്ത്രങ്ങൾ ടീമിന്റെ തോൽവിക്ക് വരെ വഴിവെക്കുന്നുണ്ട്. പുറത്തു വരുന്ന റിപോർട്ടുകൾ പ്രകാരം യുണൈറ്റഡിന്റെ പുതിയ പരിശീലകനായി സിദാനെ പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ സിദാനുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമകൾ ഫോണിൽ സംസാരിച്ചു എന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ശുപാർശയുടെ പിന്ബലത്തിലെത്തിയാണ് ക്ലബ് അധികൃതർ സിദാനെ സമീപിച്ചത്.

ഒലെയെ അടുത്ത് തന്നെ യുണൈറ്റഡ് പുറത്താക്കും എന്നും പകരക്കാരനായി യുണൈറ്റഡ് അന്വേഷിക്കുന്ന പരിശീലകന്മാരിൽ ഏറ്റവു മുന്നിൽ ഉള്ളത് സിദാൻ ആണെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.മുൻ റയൽ മാഡ്രിഡ് താരങ്ങളായ റൊണാൾഡോയുടെയും വരാനെയുടെയും സാന്നിദ്ധ്യം സിദാനെ യുണൈറ്റഡ് പരിഗണിക്കാൻ ഉള്ള കാരണമായി പറയുന്നു. സിദാൻ ഇരുവരെയും പരിശീലിപ്പിച്ച് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ വാരിക്കൂട്ടിയിരുന്നു‌. റയൽ മാഡ്രിഡ് വിട്ട ശേഷം ഒരു പരിശീലക ഉത്തരവാദിത്വവും സിദാൻ ഏറ്റെടുത്തിട്ടില്ല.

അടുത്ത ലോകകപ്പിനു ശേഷം ഫ്രാൻസിന്റെ പരിശീലകനായി സിദാൻ എത്തും എന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. അതിനു മുമ്പ് സിദാനെ എത്തിക്കാൻ ആണ് യുണൈറ്റഡ് ശ്രമിക്കുന്നത്. യുണൈറ്റഡ് കോണ്ടെയെ പരിശീലകനായി എത്തിക്കണം എന്നാണ് ആരാധകർ പറയുന്നത്. എന്നാൽ ഒലെയെ മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജ്മെന്റ് കൈവിടില്ല എന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Rate this post