16 വർഷം മുമ്പ് …… : അൽ ദുഹൈലിനെതിരെ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ അവിശ്വസനീയമായ ഗോൾ |Cristiano Ronaldo

AFC ചാമ്പ്യൻസ് ലീഗിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തകർപ്പൻ ഗോളുകളാണ് ഖത്തർ ക്ലബ് അൽ ദുഹൈലിനെതിരെ 4-3 ന് ത്രസിപ്പിക്കുന്ന വിജയത്തിലേക്ക് അൽ നാസറിനെ നയിച്ചത്.സാഡിയോ മാനെയും ആൻഡേഴ്‌സൺ ടാലിസ്കയുമാണ് അൽ നാസറിന്റെ ശേഷിക്കുന്ന ഗോളുകൾ നേടിയത്, ചാമ്പ്യൻസ് ലീഗിൽ സൗദി പ്രൊ ലീഗ് ക്ലബ്ബിന്റെ മൂന്നാമത്തെ ജയമാണിത്.

രണ്ടു ഗോളും ഒരു അസിസ്റ്റും നൽകിയ റൊണാൾഡോ തന്നെയായിരുന്നു ഇന്നലത്തെ മത്സരത്തിലെ ഹീറോ. മത്സരത്തിന്റെ 25-ാം മിനിറ്റിൽ 38 കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ബാക്ക്-ഹീൽഡ് ഫ്ലിക്കിൽ നിന്നും ആൻഡേഴ്‌സൺ ടാലിസ്ക നേടിയ ഗോളിൽ അൽ നാസർ മുന്നിലെത്തിച്ചു.റൊണാൾഡോ രണ്ടാം പകുതിയിലാണ് തന്റെ ആദ്യഗോൾ നേടുന്നത്. ബോക്‌സിന്റെ പുറത്തു നിന്നും തന്റെ വീക്ക് ഫൂട്ടായ ഇടതുകാൽ കൊണ്ട് റൊണാൾഡോ അൽ ദുഹൈൽ വലയിലെത്തിച്ചു.താരത്തിന്റെ പ്രൈം ടൈമിൽ നേടിയ ഗോളിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഈ ഗോൾ.2007/08 സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി എവർട്ടനെതിരെ നേടിയ ഗോളിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഇത്.

81 ആം മിനുട്ടിൽ മറ്റൊരു മനോഹരമായ ഇടം കാൽ ഗോളിലൂടെ റൊണാൾഡോ മത്സരത്തിലെ രണ്ടാമത്തെയും അൽ നാസറിന്റെ നാലാമത്തെയും ഗോൾ നേടി. വലതു വിങ്ങിൽ നിന്നും സുൽത്താൻ അൽ ഖന്നത്തിന്റെ പാസ് ഇടം കാൽകൊണ്ടുള്ള ഫസ്റ്റ് ടൈം വോളിയിലൂടെ റൊണാൾഡോ വലയിലെത്തിച്ചു.അൽ നാസറിൽ ചേർന്നതിനുശേഷം മിന്നുന്ന ഫോമിലാണ് റൊണാൾഡോ കളിച്ചു കൊണ്ടിരിക്കുന്നത്.ഈ വർഷമാദ്യം അറബ് ക്ലബ് ചാമ്പ്യൻസ് കപ്പിൽ ടീമിനായി തന്റെ ആദ്യ ട്രോഫി ഉയർത്തി.

റൊണാൾഡോയുടെ സൗദി അറേബ്യയിലേക്കുള്ള വരവ്, നെയ്മർ, കരിം ബെൻസെമ, സാദിയോ മാനെ എന്നിവരുൾപ്പെടെ നിരവധി പ്രമുഖ താരങ്ങളുടെ വരവിന് വഴി തെളിയിച്ചു.“നിങ്ങൾ റൊണാൾഡോയെ നേരിടുമ്പോൾ, നിങ്ങൾക്ക് കാര്യമായൊന്നും ചെയ്യാനില്ല.അദ്ദേഹം രണ്ട് മനോഹരമായ ഗോളുകൾ നേടി. അവനെ വിശേഷിപ്പിക്കാൻ വാക്കുകൾ കിട്ടാത്ത അവസ്ഥയിലാണ് ഞാൻ. ഇന്ന് അവൻ ചെയ്തത് 38 വയസ്സുള്ള ഒരു വ്യക്തിക്ക് അസാധാരണമാണ്. അവൻ ഇപ്പോഴും ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ്” കഴിഞ്ഞ സീസണിൽ ഫ്രഞ്ച് വമ്പൻമാരായ പാരീസ് സെന്റ് ജെർമെയ്‌നിന്റെ ചുമതല വഹിച്ച അൽ ദുഹൈൽ മാനേജർ ക്രിസ്‌റ്റോഫ് ഗാൽറ്റിയർ പറഞ്ഞു. സൗദി പ്രൊ ലീഗിൽ ടോപ് സ്കോററായ റൊണാൾഡോ എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ മൂന്നു മത്സരങ്ങളിൽ നിന്നും മൂന്നു ഗോളുകൾ നേടിയിട്ടുണ്ട്.