മെസ്സിയുടെ ബാലൻ ഡിയോർ നേട്ടത്തെ മറികടക്കാൻ ലൈക്സുകളുടെ കണക്കുമായി റൊണാൾഡോ  ഫാൻസ്‌

വ്യക്തിഗത നേട്ടത്തിൽ മെസ്സിയെ തോൽപ്പിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സാധിക്കില്ലെങ്കിലും സോഷ്യൽ മീഡിയയിലെ പുലി ക്രിസ്റ്റ്യാനോ തന്നെയാണ്. മെസ്സിയുടെ ബാലൻ ഡി ഓർ പോസ്റ്റിനേക്കാൾ സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ലൈക്സ് നേടിയത് റോണോ പങ്ക് വെച്ച അൽ നസ്റിന്റെ വിജയമാണ്.

ഇന്നലെ കിങ്‌സ് കപ്പ് ക്വാർട്ടർ ഫൈനലിൽ അൽ നസ്ർ അൽ ഇത്തിഫാഖിനെ പരാജയപ്പെടുത്തിയിരുന്നു.നസ്ർ നിരയിൽ സൂപ്പർ താരം ടലിസ്‌ക ചുവപ്പ് കാർഡ് കണ്ട് പുറത്തായതും റോണോ റഫറിയെ മാറ്റാൻ ആവശ്യപെട്ടതൊക്കൊയും വിവാദങ്ങൾക്ക് കാരണമായെങ്കിലും മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് അൽ നസ്ർ വിജയിച്ചിരുന്നു. ഈ മത്സരത്തിന്റെ വിജയത്തെ പറ്റി ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ട്വിറ്ററിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. 16 മണിക്കൂറിൽ 3.7 ലക്ഷത്തിലേറെ ലൈക്സാണ് ഈ പോസ്റ്റിന് ലഭിച്ചത്.

എന്നാൽ മെസ്സിക്ക് ബാലൻ ഡി യോർ ലഭിച്ച് കൊണ്ടുള്ള ബാലൻ ഡി യോറിന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ പങ്ക് വെച്ച ചിത്രത്തിന് ഒരു ദിവസം പിന്നിട്ടപ്പോൾ മാത്രം ലഭിച്ചത് ആകെ 2.9 ലക്ഷം ലൈക്സുകളാണ്. റൊണാൾഡോ ഫാൻസ് തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.എന്നാൽ മെസ്സിയുടെ ബാലൻ ഡിയോർ നേട്ടത്തിൽ അസൂയാലുക്കളായ ഒരു വിഭാഗം റോണോ ആരാധകരാണ് ഇപ്പോൾ സോഷ്യൽ മീഡിയ ലൈക്സുകളുടെ കാര്യം താരതമ്യം ചെയ്യുന്നതെന്നും മെസ്സി ഫാൻസും മറുപടി നൽകുന്നുണ്ട്.

കൂടാതെ ലയണൽ മെസ്സി ലോകകപ്പ് പിടിച്ച് കൊണ്ടുള്ള ചിത്രത്തിനാണ് ഇൻസ്റ്റാഗ്രാം ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ലൈക്സ് നേടിയ ചിത്രമെന്നും മെസ്സി ആരാധകർ ചൂണ്ടിക്കാട്ടുന്നു. ഖത്തർ ലോകകപ്പിൽ കിരീടം നേടിയതിന് പിന്നാലെ 2022 ഡിസംബർ 18 ന് ലോകകപ്പുമേന്തി മെസ്സി പോസ്റ്റ്‌ ചെയ്ത ചിത്രം ആദ്യ 39 മിനുട്ടിൽ 10 മില്യൺ ലൈക്സ് കടക്കുകയും 24 മണിക്കൂറിൽ 50 മില്യൺ ലൈക്സ് നേടി ഇൻസ്റ്റാഗ്രാം ചരിത്രത്തിൽ മെസ്സി തരംഗം സൃഷ്‌ടിച്ച കാര്യവും മെസ്സി ആരാധകർ ഓർമിപ്പിക്കുന്നു.

അതേ സമയം തന്റെ കരിയറിലെ എട്ടാം ബാലൻ ഡിയോർ പുരസ്കാരമാണ് മെസ്സി സ്വന്തമാക്കിയത്. ഏർലിംഗ് ഹലാണ്ട്, കിലിയൻ എംബാപ്പെ എന്നിവരെ മറികടന്ന് കൊണ്ടാണ് മെസ്സിയുടെ ഈ എട്ടാം നേട്ടം. ബാലൻ ഡിയോർ പുരസ്‌കാരത്തിൽ എതിരാളികൾക്ക് എത്തിപ്പെടാൻ പറ്റാത്ത ഉയരത്തിലാണ് ഇപ്പോൾ ലയണൽ മെസ്സി.

5/5 - (1 vote)
Cristiano RonaldoLionel Messi