“പ്രായം തളർത്താത്ത പോരാളി” സ്‌പെഷ്യൽ അഭിമുഖത്തിൽ സ്‌പെഷ്യൽ ഉത്തരങ്ങളുമായി ക്രിസ്റ്റ്യാനോ !!

“കൊല്ലാം പക്ഷെ തോല്പിക്കാനാവില്ല” എന്ന ലോകപ്രശസ്‌ത വാചകം നിങ്ങൾ കേട്ടുകാണും. ചെഗുവേര പറഞ്ഞ ഈ വാചകം ഇന്നും യുവാക്കളിൽ പ്രചോദനമുണർത്തുമ്പോൾ ലോകഫുട്ബാൾ പ്രേമികൾക്ക് പ്രചോദനമായികൊണ്ടാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ. തനിക്ക് ഒടുവാനോ, ഡ്രിബിൾ ചെയ്യാനോ, ഷൂട്ട് ചെയ്യാനോ പറ്റാതിരിക്കുന്ന സമയം വരെ തന്റെ വിരമിക്കലിനെ കുറിച്ച് താൻ ചിന്തിക്കുന്നില്ല എന്ന് വെളിപ്പെടുത്തുന്ന രീതിയിൽ ആയിരുന്നു ക്രിസ്റ്റ്യാനോയുടെ വാക്കുകൾ. അതേ, അദ്ദേഹത്തെ നമുക്ക് തോൽപ്പിക്കാൻ സാധിക്കില്ല, നമുക്കെന്നല്ല പ്രായത്തിന് മുന്നിൽ പോലും താഴ്ന്നു കൊടുക്കാൻ ഇത് വരെ അദ്ദേഹം തയ്യാറായിട്ടില്ല. ക്രിസ്റ്റ്യാനോ എന്നും സ്‌പെഷ്യൽ ആണ്. അവസാന വാക്കുകൾ അഭിമുഖത്തിൽ രേഖപ്പെടുത്തുമ്പോൾ റൊണാൾഡോ ഇങ്ങനെ പറഞ്ഞു, ആളുകൾക്കും എനിക്കും അതല്ല വേണ്ടത്, എന്റെ തലം ഇനിയുമുയർത്തണം, കുടുംബത്തെയും ആരാധകരെയും സന്തോഷിപ്പിച്ചു കൊണ്ട് ഇനിയും മുന്നോട്ട് പോകണം.

സ്‌കൈ സ്‌പോർട്സ് നടത്തിയ അഭിമുഖത്തിൽ പോർച്ചുഗൽ ടീമിൽ നിന്നുമുള്ള വിരമിക്കലിനെ പറ്റി ചോദിച്ചപ്പോൾ ആയിരുന്നു ക്രിസ്റ്റ്യാനോയുടെ വിചിത്രമായ ഈ മറുപടി. റൊണാൾഡോ എന്നും ഊർജസ്വലനാണ്. പ്രചോദനം എന്ന വാക്ക് തനിക്ക് പ്രചോദനമാവുന്ന കാലം വരെ താൻ ഫുട്‌ബോൾ രംഗത്ത് സജീവമായിരിക്കും. വിമർശിക്കാൻ ആയിരം പേരുണ്ടാവാം, എന്നാൽ കൂടെ നിൽക്കുന്ന രണ്ടു പേരുണ്ടെങ്കിൽ അതിൽ നിന്ന് പോലും ഊർജം കണ്ടെത്തുന്ന വ്യക്തിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. “നിങ്ങൾ പോർചുഗലിനെക്കുറിച്ച് സംസാരിക്കുന്നു, എന്നാൽ ചാമ്പ്യൻസ് ലീഗിൽ ഏറ്റവുമധികം ഗോളുകളും വിജയങ്ങളും അസിസ്റ്റുകളുമെല്ലാം എനിക്കാണ്. പക്ഷെ എനിക്കു മുന്നോട്ടു പോകണം. എനിക്കു ഫുട്ബോൾ കളിക്കാനിഷ്ടമാണ്. ആളുകളെ സന്തോഷിപ്പിക്കുമ്പോൾ എനിക്കും സന്തോഷമാണ്.” റൊണാൾഡോ കൂട്ടിച്ചേർത്തു.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു പുതിയ ടീമിനെ ബിൽഡ് ചെയ്തു കഴിഞ്ഞു. എന്നാൽ ഈ ടീമുമായി ഒത്തിണങ്ങുവാനും പൊരുത്തപ്പെടുവാനും കളിക്കാർക്ക് സമയമെടുക്കും. യുണൈറ്റഡ്‌ പൂർവാധികം ശക്തിയോടെ തിരിച്ചു വരുമെന്നും ടീമിന്റെ പ്രകടനം വരും ദിവസങ്ങളിൽ കൂടുതൽ മെച്ചപ്പെട്ടത് ആയിരിക്കുമെന്നും ക്രിസ്റ്റ്യാനോ ഉറപ്പു നൽകി. ആരാധകർ തങ്ങളിൽ അർപ്പിക്കുന്ന വിശ്വാസമാണ് കളിക്കാരുടെ ശക്തി. അത് നിലനിൽക്കുന്ന സമയം വരെ മികച്ച പ്രകടനം പുറത്തെടുക്കാൻ ഒരു ടീമിന് സാധിക്കും എന്ന് വെളിപ്പെടുത്തുന്നതായിരുന്നു റൊണാൾഡോയുടെ വാക്കുകൾ.

ലോക റെക്കോർഡുകൾ കൊണ്ട് തേരോട്ടം നടത്തുമ്പോൾ, തന്റെ വിരമിക്കലിനെ പറ്റി ചോദിച്ച റിപ്പോർട്ടർ പോലും ഒരു പക്ഷെ അത്ഭുതപ്പെട്ടു കാണും. ഈ കഴിഞ്ഞ ദിവസത്തെ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ കൂടി റൊണാൾഡോയുടെ ഗംഭീര പ്രകടനം ലോകം കണ്ടതാണ്. ക്ലബ് ഫുട്‌ബോളിൽ മിനിമം 40 വയസു വരെയെങ്കിലും അദ്ദേഹം തുടർന്നിരിക്കും എന്നത് അഭിമുഖത്തിൽ നിന്നും നമുക്ക് ഊഹിക്കാൻ പറ്റുന്ന ഒന്നായിരുന്നു. അന്താരാഷ്ട്ര ടീമിൽ മികച്ച യുവതാരങ്ങൾ ഉണ്ടായിട്ടും ലോകത്തിനു മുന്നിൽ ക്രിസ്റ്റ്യാനോ ഇല്ലാത്ത ഒരു മികച്ച ഇലവൻ കാണിച്ചു കൊടുക്കാൻ ഉണ്ടായിട്ടും ഇന്നും പോർച്ചുഗലിന്റെ ശക്തി ആ കാലുകളും ക്യാപ്റ്റൻ ബാൻഡ് അണിഞ്ഞ ആ കരങ്ങളും തന്നെയാണ്. അദ്ദേഹത്തിന്റെ ബ്രാൻഡ് ഇമേജ് ആളുകളിൽ നിന്ന് മായാത്തിടത്തോളം കാലം ഒരു പവർസോഴ്സ് ആയി ടീമിന്റെ പിറകിൽ അയാളുണ്ടാവും.

Written By,
Hari Kappada

Rate this post