ആദ്യം വിമർശിച്ചു, റൊണാൾഡോയുടെ വമ്പൻ പ്രകടനത്തിൽ വിമർശനങ്ങൾ പ്രശംസയായി മാറി
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്ർ ട്രാൻസ്‌ഫർ സൗദി അറേബ്യയിൽ വലിയ ഓളമാണ് സൃഷ്‌ടിച്ചത്. ലോകഫുട്ബോളിൽ കത്തി നിൽക്കുന്ന ഒരു താരം സൗദി അറേബ്യ പോലെ അത്രയൊന്നും അറിയപ്പെടാത്ത ഒരു ലീഗിലേക്ക് ചേക്കേറുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ വലിയ സ്വീകരണമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് സൗദിയിൽ നിന്നും ലഭിച്ചത്.
അതേസമയം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ട്രാൻസ്‌ഫറിനെ വിമര്ശനബുദ്ധിയോടെ കണ്ടവരും ഉണ്ടായിരുന്നു. അൽ നാസറിന്റെ ഇതിഹാസമായ ഹുസ്സൈൻ അബ്ദുൽഘാനി തുടക്കം മുതൽ തന്നെ ക്രിസ്റ്റ്യാനോ റൊണാൾഡോ ട്രാൻസ്‌ഫറിനെ എതിർത്ത് സംസാരിച്ചിരുന്ന വ്യക്തിയാണ്. റൊണാൾഡോയുടെ വരവ് ടീമിനൊരു ഗുണവും ചെയ്യില്ലെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്.
റൊണാൾഡോ അൽ നസ്റിൽ കളിച്ചു തുടങ്ങിയപ്പോഴും അദ്ദേഹം വിമർശനങ്ങൾ തുടർന്നു. എന്നാൽ ഇപ്പോൾ തന്റെ വിമർശനങ്ങൾ അദ്ദേഹം ഒഴിവാക്കി എന്ന് മാത്രമല്ല, പോർച്ചുഗൽ നായകനെ പ്രശംസിക്കാനും തുടങ്ങിയിരിക്കുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ടീമിനായി ഒരുപാട് നൽകാൻ കഴിയുമെന്നാണ് അദ്ദേഹം പറയുന്നത്.
“ഇതിഹാസമായ ക്രിസ്റ്റ്യാനോ റൊണാൾഡോ മഹത്തായ ഒരു ഫുട്ബോൾ താരമാണ്. ഇതിനു മുൻപ് ഞാൻ നടത്തിയ വിമർശനങ്ങൾ താരത്തിന് അൽ നസ്റിൽ എത്തുമ്പോൾ ആവേശം നഷ്‌ടമാകുമെന്നു തോന്നിയത് കൊണ്ടായിരുന്നു. എന്നാലിപ്പോൾ താരത്തിന് ടീമിന് നൽകാൻ ഒരുപാടുണ്ട്.” ഹുസ്സൈൻ അബ്ദുൽഘാനി പറഞ്ഞു.
‘He’ll be useful’ – Al-Nassr legend Abdulghani make U-turn on Ronaldo https://t.co/iKeqJBRTBd
— Daily Post Nigeria (@DailyPostNGR) April 10, 2023
അൽ നസ്റിൽ എത്തിയതിനു ശേഷം പത്ത് മത്സരങ്ങളിൽ കളത്തിലിറങ്ങിയ ക്രിസ്റ്റ്യാനോ റൊണാൾഡോ പതിനൊന്നു ഗോളുകൾ ടീമിനായി നേടിക്കഴിഞ്ഞു. ഇതിനു പുറമെ രണ്ട് അസിസ്റ്റുകളും റൊണാൾഡോയുടെ പേരിലുണ്ട്. നിലവിൽ ലീഗിൽ രണ്ടാം സ്ഥാനത്തു നിൽക്കുകയാണെങ്കിലും റൊണാൾഡോയുടെ കരുത്തിൽ കിരീടം നേടാമെന്ന പ്രതീക്ഷയിലാണ് അൽ നസ്ർ ആരാധകർ.