വിമർശകരെ.. നിങ്ങൾക്കിതാ ലയണൽ മെസ്സിയുടെ ബൂട്ടുകൾ മറുപടി നൽകുന്നു

കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏൽക്കേണ്ടി വന്ന താരം ലയണൽ മെസ്സിയാണ്. അപ്രതീക്ഷിതമായി കൊണ്ട് ബാഴ്സ വിട്ട് മെസ്സിക്ക് പിഎസ്ജിയിലേക്ക് എത്തേണ്ടിവരുന്നു. പിന്നീട് കോവിഡും പരിക്കുമായി ബുദ്ധിമുട്ടുകൾ മെസ്സിക്ക് നേരിടേണ്ടിവരുന്നു.അതുകൊണ്ടുതന്നെ മെസ്സിയുടെ നിലവാരത്തിലേക്ക് ഉയരാൻ കഴിഞ്ഞ സീസണിൽ താരത്തിന് കഴിഞ്ഞിരുന്നില്ല.

പക്ഷേ മറ്റുള്ള താരങ്ങളെ വെച്ചുനോക്കുമ്പോൾ ഭേദപ്പെട്ട പ്രകടനം തന്നെയാണ് ലയണൽ മെസ്സി നടത്തിയിട്ടുള്ളത്. എന്നിരുന്നാൽ പോലും വലിയ വിമർശനങ്ങൾ മെസ്സിക്ക് നേരിടേണ്ടിവന്നു.മാത്രമല്ല കഴിഞ്ഞ ബാലൺ ഡി’ഓറിന്റെ 30 അംഗ പട്ടികയിൽ ഇടം നേടാത്തതിനും മെസ്സിക്ക് വിമർശനങ്ങൾ ഏൽക്കേണ്ടി വന്നു. എന്നാൽ ആ വിമർശനങ്ങൾക്ക് ഇപ്പോൾ മെസ്സി മറുപടി നൽകുന്നത് നാവു കൊണ്ടല്ല,മറിച്ച് ബൂട്ടുകൾ കൊണ്ടാണ്.

മെസ്സിയുടെ ബൂട്ടുകൾ ഇപ്പോൾ തീ തുപ്പുകയാണ്. ഇന്നലെ ചാമ്പ്യൻസ് ലീഗ് നടന്ന മത്സരത്തിൽ ലയണൽ മെസ്സി ഒരു മാജിക്കൽ പ്രകടനമാണ് പുറത്തെടുത്തത്. രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടി കൊണ്ട് മെസ്സി നാല് ഗോളുകളിലാണ് തന്റെ സാന്നിധ്യം അറിയിച്ചത്. ഈ സീസണിൽ പിഎസ്ജിക്കും അർജന്റീനക്കും വേണ്ടി തട്ടുപൊളിപ്പൻ പ്രകടനമാണ് മെസ്സി ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.

ക്ലബ്ബിനും രാജ്യത്തിനും വേണ്ടി ആകെ 18 മത്സരങ്ങളാണ് ലയണൽ മെസ്സി സീസണിൽ കളിച്ചിട്ടുള്ളത്. അതിൽ നിന്ന് 15 ഗോളുകളും 12 അസിസ്റ്റുകളും നേടാൻ മെസ്സിക്ക് സാധിച്ചു. അതായത് 27 ഗോൾ പങ്കാളിത്തങ്ങൾ.ഇതിൽ നാല് ഗോളുകൾ അർജന്റീനയുടെ ദേശീയ ടീമിന് വേണ്ടി നേടിയതാണ്.ബാക്കിയുള്ള 11 ഗോളുകളും 12 അസിസ്റ്റുകളും പിഎസ്ജിയുടെ ജേഴ്സിയിൽ പിറന്നതുമാണ്.

യൂറോപ്പിലെ ടോപ്പ് ഫൈവ് ലീകളിൽ ആരും തന്നെ ഇതുവരെ ഗോളിന്റെയും അസിസ്റ്റിന്റെയും കാര്യത്തിൽ ഒരുമിച്ച് രണ്ടക്കം തികച്ചിട്ടില്ല.അവിടെയാണ് ലയണൽ മെസ്സി വ്യത്യസ്തനാവുന്നത്.യുവതാരങ്ങൾക്കിടയിൽ 35 വയസ്സുള്ള മെസ്സി തന്റെ പ്രതാപകാലത്ത് ഓർമിപ്പിക്കും വിധമുള്ള പ്രകടനമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.അതുകൊണ്ടുതന്നെ വിമർശകർക്ക് ഇനി മെസ്സിയുടെ മേൽ പൊഴിക്കാൻ ഒരൊറ്റ പഴുതു പോലുമില്ല. അത്രയേറെ മനോഹരമായാണ് മെസ്സി ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്.