ഡി ഗിയ ബെഞ്ചിലിരിക്കുമോ, മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം മിന്നുന്ന പ്രകടനവുമായി ഡീൻ ഹെൻഡേഴ്സൻ ശ്രദ്ധയാകർഷിക്കുന്നു

മാഞ്ചസ്റ്റർ യുണൈറ്റഡിൽ സ്പാനിഷ് ഗോൾ കീപ്പറായ ഡേവിഡ് ഡി ഗിയയുടെ സ്ഥാനം സുരക്ഷിതമല്ലെന്നു വ്യക്തമാക്കി ഈ സീസണിൽ സീനിയർ ടീമിലെത്തിയ യുവതാരം ഡീൻ ഹെൻഡേഴ്സന്റെ പ്രകടനം ശ്രദ്ധയാകർഷിക്കുന്നു. ഇന്നലെ നടന്ന ഇഎഫ്എൽ കപ്പിൽ ബ്രൈറ്റണെതിരായ മത്സരത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത താരത്തെ പ്രശംസിച്ച് മുൻ യുണൈറ്റഡ് ഇതിഹാസങ്ങളടക്കം രംഗത്തെത്തി.

യുണൈറ്റഡിന്റെ മുൻ താരങ്ങളായ ആൻഡി കോൾ, ഡാരൻ ഫ്ളെച്ചർ എന്നിവരാണ് ഡീൻ ഹെൻഡേഴ്സന്റെ പ്രകടനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്. മത്സരത്തിൽ ഹെൻഡേഴ്സൻ മികച്ച പ്രകടനം നടത്തിയെന്നും എതിരാളികൾക്കത് പഴുതനുവദിച്ചില്ലെന്നും ആൻഡി കോൾ അഭിപ്രായപ്പെട്ടപ്പോൾ ബ്രൈറ്റൺ താരം ട്രൊസാർഡിനെതിരെ ഹെൻഡേഴ്സൺ നടത്തിയ സേവിനെയാണ് ഫ്ളെച്ചർ പുകഴ്ത്തിയത്.

യുണൈറ്റഡ് അക്കാദമിയിലൂടെ ഉയർന്നു വന്ന ഹെൻഡേഴ്സൺ ലുട്ടണെതിരായ കറബാവോ കപ്പ് മത്സരത്തിലാണ് ആദ്യമായി ടീമിന്റെ വല കാക്കുന്നത്. ആ മത്സരത്തിലും ഇന്നലെ നടന്ന മത്സരത്തിലും ക്ലീൻ ഷീറ്റുകൾ നേടിയ ഹെൻഡേഴ്സൺ ഡി ഗിയക്ക് വലിയൊരു വെല്ലുവിളി തന്നെയായിരിക്കും സമ്മാനിക്കുക.

അതേ സമയം ഹെൻഡേഴ്സന്റെ പ്രകടനം അർജൻറീന കീപ്പറായ റൊമേരോക്ക് കനത്ത വെല്ലുവിളിയാണ്. ഈ സീസണിൽ അവസരങ്ങൾ കുറയുമെന്നുറപ്പുള്ള താരം ട്രാൻസ്ഫർ നീക്കങ്ങൾ നടത്തുന്നുണ്ടെങ്കിലും ഒന്നും പൂർത്തിയായിട്ടില്ല.