പോർച്ചുഗൽ നായകനായിട്ടും ക്രിസ്ത്യാനോ റൊണാൾഡോ ഫിഫ ബെസ്റ്റിൽ വോട്ട് ചെയ്തില്ല

ഫിഫ ദി ബെസ്റ്റ് അവാർഡ്‌സ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോൾ ലയണൽ മെസിയാണ് മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. അതിനു പുറമെ ലോകകപ്പ് നേടിയ അർജന്റീന ടീമിനായിരുന്നു അവാർഡ്‌സിൽ ആധിപത്യം ഉണ്ടായിരുന്നത്. ലയണൽ സ്‌കലോണി മികച്ച പരിശീലകനുള്ള പുരസ്‌കാരം നേടിയപ്പോൾ എമിലിയാനോ മാർട്ടിനസ് മികച്ച ഗോൾകീപ്പർക്കുള്ള അവാർഡും സ്വന്തമാക്കി.

ദേശീയ ടീമിലെ നായകന്മാരും പരിശീലകരും അവാർഡിനായി വോട്ടു ചെയ്യും. ഇതിനു പുറമെ ഫിഫയുടെ പാനൽ കൂടി വിശകലനം നടത്തിയാണ് ആർക്കാണ് പുരസ്‌കാരം നൽകുകയെന്ന് തീരുമാനിക്കുക. അതേസമയം പോർച്ചുഗൽ ദേശീയ ടീമിന്റെ നായകനായിട്ടും ക്രിസ്റ്റ്യാനോ റൊണാൾഡോ വോട്ടു ചെയ്യാൻ തയ്യാറായിട്ടില്ല. റൊണാൾഡോക്ക് പകരം പെപ്പെയാണ് ഫിഫ ബെസ്റ്റ് അവാർഡ്‌സിൽ വോട്ടു രേഖപ്പെടുത്തിയത്.

പെപ്പെ വോട്ടു ചെയ്‌തതിലും ഒരെണ്ണം പോലും മെസിക്ക് ലഭിച്ചില്ലെന്ന പ്രത്യേകത കൂടിയുണ്ട്. പെപ്പെയുടെ ആദ്യത്ത വോട്ട് ഫ്രഞ്ച് താരമായ കിലിയൻ എംബാപ്പെക്കാണ് ലഭിച്ചിരിക്കുന്നത്. രണ്ടാമത്തെയും മൂന്നാമത്തെയും വോട്ടുകൾ റയൽ മാഡ്രിഡിൽ തന്റെ മുൻ സഹതാരങ്ങളായ ലൂക്ക മോഡ്രിച്ച്, കരിം ബെൻസിമ എന്നിവർക്കാണ് പോർച്ചുഗൽ താരം നൽകിയത്.

എന്നാൽ പോർച്ചുഗൽ പരിശീലകനായി സ്ഥാനമേറ്റെടുത്ത റോബർട്ടോ മാർട്ടിനസ് തന്റെ ആദ്യത്തെ വോട്ട് ലയണൽ മെസിക്കാണ് നൽകിയത്. ഇതിനു പുറമെ തന്റെ മുൻ ടീമായ ബെൽജിയത്തിലെ സൂപ്പർതാരമായ കെവിൻ ഡി ബ്രൂയ്ൻ, ഫ്രാൻസ് താരം കിലിയൻ എംബാപ്പെ എന്നിവർക്ക് തന്റെ രണ്ടാമത്തെയും മൂന്നാമത്തെയും വോട്ടുകൾ അദ്ദേഹം നൽകി.

അതേസമയം ഫിഫ അവാർഡിൽ എന്തുകൊണ്ടാണ് റൊണാൾഡോ വോട്ട് ചെയ്യാതിരുന്നതെന്നതിന്റെ കാരണം വ്യക്തമല്ല. തന്റെ വോട്ട് വാർത്തകളിൽ നിറയുമെന്ന കാരണം കൊണ്ടോ, അതല്ലെങ്കിൽ ഇത്തവണ അവാർഡിനായി യാതൊരു തരത്തിലും താൻ പരിഗണിക്കപ്പെട്ടില്ലെന്നതു കൊണ്ടോ ആയിരിക്കാം താരത്തിന്റെ തീരുമാനമെന്നാണ് കരുതേണ്ടത്.

Rate this post