ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾ നേടിയിട്ടും സൗദി സൂപ്പർ കപ്പ് ഫൈനലിൽ അൽ നാസറിന് പരാജയം | Cristiano Ronaldo

സൗദി അറേബ്യയിലെ തൻ്റെ ആദ്യ ആഭ്യന്തര ട്രോഫിക്കായുള്ള സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാത്തിരിപ്പ് തുടരുകയാണ്. ഇന്നലെ നടന്ന സൗദി സൂപ്പർ കപ്പിൽ അൽ ഹിലാലിനോട് 4-1 ന് അൽ നാസർ പരാജയപെട്ടു.സൗദി പ്രോ ലീഗ് ചാമ്പ്യൻമാരായ അൽ ഹിലാലും റണ്ണേഴ്‌സ് അപ്പായ അൽ നാസറും തമ്മിലുള്ള മത്സരത്തിൽ ഹാഫ് ടൈമിന് തൊട്ടുമുമ്പ് അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവ് ഓപ്പണിംഗ് ഗോൾ നേടി.

എന്നാൽ രണ്ടാം പകുതിയിൽ 17 മിനിറ്റിനുള്ളിൽ അൽ ഹിലാൽ നാല് തവണ വലകുലുക്കിയത്തോടെ അൽ നാസറിന്റെ കിരീട പ്രതീക്ഷകൾ അവസാനിച്ചു.2022 ഡിസംബറിൽ അൽ നാസറിനൊപ്പം ചേരുകയും കഴിഞ്ഞ സീസണിൽ 35 ഗോളുകളുമായി ലീഗ് റെക്കോർഡ് സ്ഥാപിക്കുകയും ചെയ്ത റൊണാൾഡോ, 44-ാം മിനിറ്റിൽ അബ്ദുൾറഹ്മാൻ ഗരീബിൻ്റെ അസ്സിസ്റ്റിൽ ക്ലോസ് റേഞ്ചിൽ നിന്ന് സ്കോർ ചെയ്തു.എന്നാൽ രണ്ടാം പകുതിയിൽ അൽ ഹിലാലിൻ്റെ സെർബിയൻ സഖ്യം വ്യത്യാസം വരുത്തിയതോടെ എല്ലാം വൺവേ ട്രാഫിക്കായി. പുനരാരംഭിച്ച് 10 മിനിറ്റിനുള്ളിൽ, അലക്‌സാണ്ടർ മിട്രോവിച്ചുമായി പാസുകൾ കൈമാറി, അൽ നാസറിൻ്റെ വലയിലേക്ക് ശക്തമായ ഷോട്ട് പായിച്ചതിന് ശേഷം മിഡ്ഫീൽഡർ സെർഗെജ് മിലിങ്കോവിച്ച്-സാവിച് ആദ്യം സ്‌കോർ ചെയ്തു.

എട്ട് മിനിറ്റിന് ശേഷം റൂബൻ നെവ്‌സിൻ്റെ മികച്ച ക്രോസിൽ നിന്നും മിട്രോവിച്ച് നേടിയ ഗോളിൽ അൽ ഹിലാൽ ലീഡ് നേടി.69-ാം മിനിറ്റിൽ ബ്രസീലിയൻ മാൽകോമിൻ്റെ പാസ് സ്വീകരിച്ച് മിട്രോവിച്ച് അൽ ഹിലാലിൻ്റെ ലീഡ് നീട്ടി.അയ്‌മെറിക് ലാപോർട്ടെ നൽകിയ പാസിന് ശേഷം പന്ത് നിയന്ത്രിക്കുന്നതിൽ അൽ നാസർ ഗോൾകീപ്പർ ബെൻ്റോയുടെ പിഴവ് മുതലെടുത്ത് മൂന്ന് മിനിറ്റുകൾക്ക് ശേഷം മാൽകോം അൽ ഹിലാലിൻ്റെ നാലാമത്തെ ഗോൾ നേടി.

അൽ ഹിലാൽ തുടർച്ചയായി രണ്ടാം തവണയും അവരുടെ ചരിത്രത്തിൽ അഞ്ചാം തവണയും സൂപ്പർ കപ്പ് നേടി, മത്സരത്തിലെ ഏറ്റവും വിജയകരമായ ടീമായി തുടരുന്നു, അൽ നാസറിനേക്കാൾ മൂന്ന് കിരീടങ്ങൾ മുന്നിലാണ്.

Rate this post