സൗദിയിൽ ആദ്യഗോൾ നേടിയെങ്കിലും മത്സരത്തിൽ റൊണാൾഡോ തുലച്ചത് രണ്ടു വമ്പൻ അവസരങ്ങൾ

ക്രിസ്റ്റ്യാനോ റൊണാൾഡോ ചരിത്രം കുറിച്ച ദിവസമായിരുന്നു ഇന്നലെ. സൗദി ലീഗിൽ അൽ നസ്റിലേക്ക് ചേക്കേറിയ താരം തന്റെ ആദ്യത്തെ ഗോൾ ക്ലബിനായി നേടി. അൽ ഫത്തേഹുമായുള്ള മത്സരത്തിൽ ടീം പരാജയത്തിലേക്ക് പോകുന്ന സമയത്ത് ഇഞ്ചുറി ടൈമിൽ ലഭിച്ച പെനാൽറ്റിയിൽ നിന്നാണ് റൊണാൾഡോ ടീമിനായി ഗോൾ നേടിയത്. ഇതോടെ മത്സരത്തിൽ തോൽവി ഒഴിവാക്കാൻ അൽ നസ്റിന് കഴിഞ്ഞു.

മത്സരത്തിൽ ഇരുടീമുകളും രണ്ടു വീതം ഗോളുകൾ നേടിയാണ് സമനിലയിൽ പിരിഞ്ഞത്. എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾസ്കോറിങ് മികവ് ഏറ്റവും നല്ല രൂപത്തിലായിരുന്നെങ്കിൽ അൽ നസ്ർ വിജയിക്കേണ്ട മത്സരമായിരുന്നു ഇന്നലെ നടന്നത്. മത്സരത്തിന്റെ രണ്ടു പകുതികളിലുമായി രണ്ടു വമ്പൻ അവസരങ്ങളാണ് റൊണാൾഡോ നഷ്ട്ടപ്പെടുത്തിയത്.

ആദ്യപകുതി മുപ്പതു മിനുട്ട് പിന്നിട്ടപ്പോഴായിരുന്നു ആദ്യത്തെ അവസരം. ബ്രസീലിയൻ താരം ടാലിഷ്യ ബോക്‌സിനുള്ളിൽ നിന്നും എടുത്ത ഷോട്ട് ഗോൾകീപ്പറെ കീഴടക്കിയെങ്കിലും പോസ്റ്റിൽ തട്ടി തെറിച്ചു. ആ പന്ത് നേരെ വന്നത് റൊണാൾഡോയുടെ കാലുകളിലേക്കായിരുന്നു. താരം നേരെ ഷോട്ടുതിർക്കാൻ ശ്രമം നടത്തിയെങ്കിലും പന്ത് ബാറിന് മുകളിലൂടെ പറന്നു.

രണ്ടാം പകുതിയുടെ തുടക്കത്തിലും റൊണാൾഡോക്ക് മികച്ചൊരു അവസരം ലഭിച്ചു. പന്തുമായി മുന്നേറി വന്ന ഒരു അൽ നസ്ർ താരം ബോക്‌സിൽ വെച്ചത് പാസ് നൽകുമ്പോൾ ഗോൾ നേടാൻ ഏറ്റവും മികച്ച പൊസിഷനിലായിരുന്നു റൊണാൾഡൊയുണ്ടായിരുന്നത്. അത് ഗോൾ തന്നെയെന്ന് ആരാധകർ ഉറപ്പിച്ചെങ്കിലും താരത്തിന്റെ ഷോട്ട് ബാറിൽ തട്ടി തെറിച്ചു പോയി.

മത്സരത്തിൽ പെനാൽറ്റിയിലൂടെ ഗോൾ നേടിയെങ്കിലും ഓപ്പൺ പ്ലേ ഗോളുകൾ നേടാൻ താരത്തിന് കഴിഞ്ഞിട്ടില്ല. സ്കോറിങ് പാടവം റൊണാൾഡോ കൂടുതൽ മികച്ചതാക്കി എടുക്കണമെന്നാണ് ഇന്നലത്തെ മത്സരം തെളിയിക്കുന്നത്. റൊണാൾഡോ ടീമുമായി കൂടുതൽ ഒത്തിണങ്ങി കളിക്കുന്നതിനാൽ അതിനു കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Rate this post