ലയണൽ മെസ്സിക്ക് ബാഴ്സലോണ നൽകിയ വാഗ്ദാനങ്ങളുടെ വിവരങ്ങൾ പുറത്ത് |Lionel Messi

മെസ്സി – ബാഴ്സ വിഷയമാണ് ഇപ്പോൾ ഫുട്ബോൾ ലോകത്തെ പ്രധാന ചർച്ചാവിഷയം. മെസ്സിയെ തിരികെയെത്തിക്കാൻ ബാഴ്സ ശ്രമങ്ങൾ നടത്തുന്നതും മെസ്സിക്ക് ബാഴ്സ പുതിയ കരാർ വാഗ്ദാനം നൽകിയെന്നും കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പുറത്തുവന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഇപ്പോഴിതാ മെസ്സിക്ക് വേണ്ടി ബാഴ്സ നൽകിയ കരാറിലെ പ്രധാന വാഗ്ദാനങ്ങളുടെ സൂചനകൾ കൂടി പുറത്ത് വരികയാണ്. സ്പാനിഷ് മാധ്യമമായ കാറ്റലോണിയ റേഡിയോയാണ് കരാറിലെ വാഗ്ദാനങ്ങളെ പറ്റിയുള്ള സൂചനകൾ പുറത്തുവിട്ടിരിക്കുന്നത്. ലയണൽ മെസ്സിക്ക് രണ്ടു വർഷത്തെ കരാറാണ് ബാഴ്സ വാഗ്ദാനം ചെയ്തത്. ഇത് കൂടാതെ ക്യാമ്പ് നൗവിൽ ഒരു ലക്ഷത്തിലധികം വരുന്ന ആരാധകർക്ക് മുന്നിൽ മെസ്സിക്ക് യാത്രയയപ്പ് ചടങ്ങ് ഒരുക്കാമെന്നും ബാഴ്സ നൽകിയ കരാറിലെ പ്രധാന വാഗ്ദാനമാണ്.

ബാഴ്സ നൽകിയ കരാർ വാഗ്ദാനം ഇപ്രകാരമാണെങ്കിൽ തന്റെ 37ാം വയസ്സുവരെ മെസ്സിക്ക് ബാഴ്സക്ക് വേണ്ടി പന്തു തട്ടാം. കൂടാതെ ക്യാമ്പിനൗവിൽ ആരാധകർക്ക് മുന്നിൽ ഒരു യാത്രയയപ്പും മെസ്സി ആഗ്രഹിക്കുന്നുണ്ട്. അതിനാൽ ഈ കരാർ മെസ്സിക്ക് ഏറ്റവും അനുയോജ്യമായ ഒരു കരാറാണ്. തന്റെ ഫുട്ബോൾ കരിയറിൽ ഒരിക്കലും മറക്കാനാവാത്ത നിമിഷമായിരിക്കും മെസ്സിക്ക് ക്യാമ്പ് നൗവിൽ നിന്ന് ലഭിക്കുക. ഒരുപക്ഷേ ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച യാത്രയയപ്പായിരിക്കും മെസ്സിക്ക് ലഭിക്കുക.

അതേസമയം മെസ്സി ബാഴ്സയിലെക്കെത്തുമെന്ന കാര്യം ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല. ബാഴ്സയുടെ സാമ്പത്തിക പ്രതിസന്ധിയും സാമ്പത്തിക നിയന്ത്രണങ്ങളുമാണ് മെസ്സിയെ തിരികെയെത്തിക്കാൻ ബാഴ്സയ്ക്ക് മുന്നിൽ തടസ്സമാകുന്നത്. ബാഴ്സയിലേക്ക് തിരികെയെത്താൻ മെസ്സിക്കും ആഗ്രഹമുണ്ടെങ്കിലും ഈ പ്രതിസന്ധികൾ മറികടക്കാതെ മെസ്സിയുടെ ആഗ്രഹവും സഫലമാവില്ല.

4.7/5 - (3 votes)
Lionel Messi