ട്രാൻസ്ഫർ റൗണ്ടപ്പ് : ഡി മരിയ പുതിയ ക്ലബ്ബിൽ ചേർന്നു, സാഡിയോ മാനെക്ക് സൗദി അറേബ്യയിലേക്ക് ഓഫർ

1 .ഇനിഗോ മാർട്ടിനസ് :സ്പാനിഷ് സെന്റർ ബാക്ക് താരമായ ഇനിഗോ മാർട്ടിനസിനെ സ്വന്തമാക്കി നിലവിലെ ലാലിഗ ചാമ്പ്യൻമാരായ എഫ്സി ബാഴ്സലോണ. 2025 വരെ നീളുന്ന രണ്ട് വർഷ കരാറിലാണ് ഫ്രീ ട്രാൻസ്ഫറിലൂടെ ബാഴ്സലോണ സൈൻ ചെയ്തത് ഒഫീഷ്യൽ ആയി അറിയിച്ചത്. ജർമൻ താരമായ ഗുണ്ടോഗന് പിന്നാലെയുള്ള ബാഴ്സയുടെ സൈനിങ് ആയിരുന്നു ഇനിഗോ മാർട്ടിനസ്.

2 .സാദിയോ മാനെ :ജർമൻ വമ്പൻമാരായ ബയേൺ മ്യൂനികിന്റെ സെനഗൽ താരമായ സാദിയോ മാനെയെ സ്വന്തമാക്കുവാൻ വേണ്ടി സൗദി അറേബ്യയിൽ നിന്നുമുള്ള ക്ലബ്ബുകൾ ശ്രമം തുടരുകയാണ്. റോബെർട്ടോ ഫിർമീഞ്ഞോയെ സ്വന്തമാക്കിയ സൗദി ക്ലബ്ബ് അൽ അഹ്‌ലി തന്നെയാണ് താരത്തിന് വേണ്ടി കഠിനമായ ശ്രമങ്ങൾ നടത്തുന്നത്. മറ്റു സൗദി ക്ലബ്ബുകൾ രംഗത്തുണ്ടെങ്കിലും മാനെയുടെ തീരുമാനത്തിന് വേണ്ടി കാത്തിരിക്കുകയാണ്.

3 .ആന്ദ്രേ ഒനാന :ഇന്റർ മിലാന്റെ കാമറൂൺ ഇന്റർനാഷണൽ ഗോൾകീപ്പരായ ആന്ദ്രേ ഒനാനക്ക് വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ ആദ്യ ഒഫീഷ്യൽ ഓഫർ ഉടനെ സമർപ്പിക്കും. 39മില്യൺ യൂറോയുടെ ഓഫർ ആണ് യുണൈറ്റഡ് മുന്നോട്ട് വെക്കുന്നത്. എന്നാൽ സൂപ്പർ താരത്തിന് വേണ്ടി 60മില്യൺ യൂറോയാണ് ഇന്റർ മിലാൻ പ്രതീക്ഷിക്കുന്നത്, അതിനാൽ തന്നെ ഇത് സംബന്ധിച്ചുള്ള ചർച്ചകൾ ഇനിയുമുണ്ടാകും.

4 .ഡി മരിയ :ഇറ്റാലിയൻ ക്ലബ്ബായ യുവന്റസ് വിട്ട് ഫ്രീ ഏജന്റായി മാറിയ അർജന്റീനയുടെ സൂപ്പർ താരം ഡി മരിയയെ സ്വന്തമാക്കി മുൻ ക്ലബ്ബായ ബെൻഫിക. 2024 വരെയുള്ള ഒരു സീസൺ കരാറിൽ പോർച്ചുഗീസ് ക്ലബ്ബുമായി താരം ഇന്ന് സൈൻ ചെയ്യും. ഡി മരിയയെ പുതിയ സൈനിങ്ങായി അവതരിപ്പിക്കാനുള്ള ഒരുക്കങ്ങളിലാണ് ബെൻഫിക.

5 .ഡിക്ലൻ റൈസ് :വെസ്റ്റ് ഹാം യുണൈറ്റഡ് താരമായ ഡിക്ലൻ റൈസിനെ റെക്കോർഡ് തുകക്ക് സ്വന്തമാക്കി ആഴ്‌സനൽ. ഏറ്റവും മൂല്യമേറിയ ഇംഗ്ലീഷ് താരമായി മാറിയ ഡിക്ലൻ റൈസിനെ ക്ലബ്ബിന്റെ ചരിത്രത്തിലെ തന്നെ ഉയർന്ന ട്രാൻസ്ഫർ ഫീ റെക്കോർഡ് തുക നൽകിയാണ് ആഴ്സനൽ സൂപ്പർ താരത്തിനെ സ്വന്തമാക്കുന്നത്. 100മില്യൺ + 5 മില്യൺ ആഡ് ഓൺസ് ട്രാൻസ്ഫർ ഫീയാണ് ആഴ്‌സനൽ നൽകിയത്.

Rate this post