ഒട്ടനവധി വർഷങ്ങളായി അർജന്റീന ടീമിലെ പ്രധാനപ്പെട്ട താരമാണ് ഏഞ്ചൽ ഡി മരിയ. 2014 ലോകകപ്പ് ഫൈനലിൽ താരം കളിച്ചിരുന്നെങ്കിൽ അർജന്റീന ആ കിരീടം നേടുമായിരുന്നുവെന്നാണ് ആരാധകർ ഇന്നും ഉറച്ചു വിശ്വസിക്കുന്നത്. ആ കിരീടം നേടാൻ കഴിഞ്ഞില്ലെങ്കിലും എട്ടു വർഷങ്ങൾക്ക് ശേഷം ഖത്തറിന്റെ മണ്ണിൽ ലോകകപ്പിൽ മുത്തമിടാൻ അന്നു കളിച്ച താരങ്ങളായി മെസിക്കൊപ്പം ഡി മരിയ മാത്രമാണുണ്ടായിരുന്നത്.
ഖത്തർ ലോകകപ്പിനിടെ പരിക്കേറ്റ ഡി മരിയക്ക് രണ്ടു മത്സരങ്ങളിൽ ഇറങ്ങാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഫൈനലിൽ ആദ്യ ഇലവനിൽ തന്നെ ഇടം നേടിയ താരമാണ് മത്സരത്തിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയത്. ഡി മരിയ മുഴുവൻ സമയവും കളിച്ചിരുന്നെങ്കിൽ ആ ഫൈനൽ എക്സ്ട്രാ ടൈമിലേക്കും ഷൂട്ടൗട്ടിലേക്കും പോകാതെ തന്നെ അർജന്റീന വിജയിക്കുമായിരുന്നു.
ലോകകപ്പ് വിജയത്തിന് ശേഷം അർജന്റീന ആദ്യമായി മത്സരങ്ങൾ കളിക്കാൻ ഒരുങ്ങുകയാണ്. മാർച്ച് ഇരുപത്തിമൂന്നിനു പനാമ, ഇരുപത്തിയെട്ടിന് കുറകാവോ എന്നീ ടീമുകൾക്കെതിരെയാണ് അർജന്റീന സൗഹൃദ മത്സരങ്ങൾ കളിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ അർജന്റീനക്ക് വേണ്ടി വീണ്ടും ഇറങ്ങുന്നതിന്റെ ആവേശം ഏഞ്ചൽ ഡി മരിയ പങ്കു വെക്കുകയുണ്ടായി.
“ലോകത്തിലെ ഏറ്റവും മനോഹരമായ ഷർട്ട് അണിയാൻ ഇതാ സമയമായിരിക്കുന്നു. അതിനു പുറമെ ലോകകപ്പ് നേടിയതിന്റെ ആഘോഷം അർജന്റീനയിലെ ജനങ്ങൾക്കൊപ്പം ആസ്വദിക്കുന്നതിനുമുള്ള സമയമായിരിക്കുന്നു.” ലോകകപ്പ് കിരീടം ചുംബിച്ചു നിൽക്കുന്ന ചിത്രത്തിനൊപ്പം ഡി മരിയ കുറിച്ചു.
Ángel Di María on Instagram: "And now it's time to wear the most beautiful shirt in the world. And to enjoy the World Cup with all the Argentinians." pic.twitter.com/Dpkgwsca6g
— Roy Nemer (@RoyNemer) March 20, 2023
ഖത്തർ ലോകകപ്പിന് ശേഷം വിരമിച്ചേക്കുമെന്ന് ഡി മരിയ ടൂർണമെന്റിന് മുൻപ് പറഞ്ഞിരുന്നു. എന്നാൽ കിരീടം നേടിയതോടെ ആ പദ്ധതി താരം മാറ്റി വെക്കുകയാണുണ്ടായത്. അടുത്ത വർഷം നടക്കുന്ന കോപ്പ അമേരിക്ക ടീമിൽ ഇടം നേടാനുള്ള ശ്രമം താൻ നടത്തുമെന്ന് ഡി മരിയ പിന്നീട് വ്യക്തമാക്കുകയും ചെയ്തിരുന്നു.