ഫ്രാൻസ് പരിശീലകന്റെ മുൻപിൽ ലോകകപ്പ് ഫൈനലിലെ പ്രകടനം യുവന്റസിനൊപ്പവും ആവർത്തിച്ച് ഡി മരിയ |Angel Di Maria

യുവേഫ യൂറോപ്പ ലീഗിൽ കഴിഞ്ഞ ദിവസം അർജന്റീന താരമായ ഏഞ്ചൽ ഡി മരിയ തകർപ്പൻ പ്രകടനമാണ് യുവന്റസിനായി നടത്തിയത്. നാന്റസുമായി നടന്ന പ്ലേ ഓഫ് മത്സരത്തിന്റെ ആദ്യപാദത്തിൽ രണ്ടു ടീമുകളും ഓരോ ഗോളടിച്ച് സമനില വഴങ്ങിയപ്പോൾ രണ്ടാം പാദത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് യുവന്റസ് വിജയിച്ചത്. മത്സരത്തിലെ മൂന്നു ഗോളുകളും നേടിയത് ഏഞ്ചൽ ഡി മരിയയായിരുന്നു.

മത്സരത്തിന്റെ അഞ്ചാം മിനുട്ടിൽ തന്നെ തന്റെ ഗോൾവേട്ട ഏഞ്ചൽ ഡി മരിയ ആരംഭിച്ചു. നിക്കോളോ ഫാഗിയോളി നൽകിയ പന്ത് അർജന്റീനിയൻ താരം വലയിലെത്തിച്ചത് ഈ സീസണിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നായിരുന്നു. ബോക്‌സിന്റെ എഡ്‌ജിൽ ലഭിച്ച പന്ത് ഫസ്റ്റ് ടൈം ഇടംകാൽ ഷോട്ടിലൂടെ പോസ്റ്റിന്റെ ടോപ് കോർണറിലേക്ക് താരം തൂക്കിയിറക്കുമ്പോൾ പാസ് നൽകിയ താരം വരെ ഞെട്ടിപ്പോയി എന്നതാണ് സത്യം.

അതിനു പിന്നാലെ തന്നെ ഏഞ്ചൽ ഡി മരിയയുടെ രണ്ടാമത്തെ ഗോളും പിറന്നു. നാന്റസ് താരം നിക്കോളാസ് പാലോയിസ് ഹാൻഡ് ബോളിനു ചുവപ്പുകാർഡ് വാങ്ങി പുറത്തു പോയതിനു പിന്നാലെ പെനാൽറ്റിയിൽ നിന്നാണ് താരം വല കുലുക്കിയത്. അതിനു ശേഷം എഴുപത്തിയെട്ടാം മിനുട്ടിൽ വ്ലാഹോവിച്ച് ബോക്‌സിലേക്ക് ഉയർത്തി നൽകിയ പന്ത് ഹെഡറിലൂടെ വലയിലെത്തിച്ച് ഡി മരിയ യുവന്റസിനായി തന്റെ ആദ്യത്തെ ഹാട്രിക്ക് തികച്ചു.

ഫ്രാൻസ് പരിശീലകനായ ദിദിയർ ദെഷാംപ്‌സിനെ സാക്ഷി നിർത്തിയാണ് ഏഞ്ചൽ ഡി മരിയ മത്സരത്തിൽ നിറഞ്ഞാടിയത്. നാന്റസിന്റെ മൈതാനത്ത് നടന്ന മത്സരം കാണാൻ അദ്ദേഹവും എത്തിയിരുന്നു. ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ ഫ്രാൻസിനെ വട്ടം കറക്കിയ പ്രകടനം കാഴ്‌ച വെച്ച ഡി മരിയ ഒരിക്കൽക്കൂടി ഫ്രഞ്ച് പരിശീലകന് മുന്നിൽ തന്റെ മികവ് പ്രദർശിപ്പിച്ചതിനാണ് മത്സരം സാക്ഷ്യം വഹിച്ചത്.

യൂറോപ്പ ലീഗിൽ നടത്തിയ മികച്ച പ്രകടനം യുവന്റസിന് വലിയ ആത്മവിശ്വാസം നൽകുന്നതാണ്. പോയിന്റ് വെട്ടിക്കുറച്ചതിനാൽ ഈ സീസണിൽ യുവന്റസിന് സീരി എ ടോപ് ഫോറിലെത്താനുള്ള സാധ്യത കുറവാണ്. അതുകൊണ്ടു തന്നെ യൂറോപ്പ ലീഗ് വിജയം നേടി ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാനാകും അവർ ശ്രമിക്കുക.