അത്ലറ്റികോ മാഡ്രിഡിലേക്ക് വരൂ, മെസിയെ ക്ഷണിച്ച് അർജന്റീനിയൻ സഹതാരം|Lionel Messi

പിഎസ്‌ജിയിൽ ലയണൽ മെസിയുടെ ഭാവി അനിശ്ചിതത്വത്തിൽ തുടരുകയാണ്. ഈ സീസണോടെ കരാർ അവസാനിക്കുന്ന താരം ഇതുവരെയും അത് പുതുക്കാൻ തയ്യാറായിട്ടില്ല. പിഎസ്‌ജി ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിൽ തോൽവി വഴങ്ങി പുറത്തു പോയതോടെ പുതിയൊരു ടീമിനെ സൃഷ്‌ടിക്കാൻ ശ്രമിക്കുന്ന ക്ലബിന് മെസിയെ ഒഴിവാക്കാൻ ആഗ്രഹമുണ്ടെന്ന റിപ്പോർട്ടുകളുമുണ്ട്.

പിഎസ്‌ജിയിൽ തുടരാൻ താത്പര്യമില്ലാത്ത ലയണൽ മെസിയും മറ്റൊരു ടീമിനെ തേടുകയാണ്. അടുത്ത വർഷം നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിൽ പങ്കെടുക്കാൻ വേണ്ടി യൂറോപ്പിൽ തന്നെ തുടരാനാണ് ലയണൽ മെസിക്ക് താൽപര്യം. എന്നാൽ യൂറോപ്പിലെ ക്ലബുകളിൽ പലർക്കും മെസിയുടെ വേതനമടക്കമുള്ള കാര്യങ്ങൾ നൽകാൻ കഴിയില്ല.

അതിനിടയിൽ ലയണൽ മെസിയെ അത്ലറ്റികോ മാഡ്രിഡിലേക്ക് ക്ഷണിച്ചിരിക്കുകയാണ് അർജന്റീനിയൻ സഹതാരമായ റോഡ്രിഗോ ഡി പോൾ. ലയണൽ മെസി പിഎസ്‌ജി കരാർ പുതുക്കുന്നതിൽ അനിശ്ചിതത്വങ്ങൾ നേരിടുന്നതിനോട് പ്രതികരിച്ച താരം അങ്ങിനെയുണ്ടെങ്കിൽ ലയണൽ മെസിക്ക് അത്ലറ്റികോ മാഡ്രിഡിലേക്ക് വരാമെന്നാണ് കഴിഞ്ഞ ദിവസം പറഞ്ഞത്.

അർജന്റീന ടീമിൽ സഹതാരമെന്നതിനൊപ്പം ലയണൽ മെസിയോട് വളരെ അടുത്തു നിൽക്കുന്ന വ്യക്തി കൂടിയാണ് റോഡ്രിഗോ ഡി പോൾ. ലയണൽ മെസിക്ക് പൂർണമായ സ്വാതന്ത്ര്യം നൽകുന്ന അർജന്റീനയുടെ പദ്ധതികളിൽ താരത്തെ കൃത്യമായി കവർ ചെയ്യുന്ന കളിക്കാരനാണ് ഡി പോൾ. അർജന്റീനയുടെ കിരീടനേട്ടങ്ങളിൽ നിന്നും ഇതിന്റെ ഗുണം വ്യക്തമാവുകയും ചെയ്‌തു.

അതേസമയം ലയണൽ മെസി അത്ലറ്റികോ മാഡ്രിഡിലേക്ക് ചേക്കേറാൻ യാതൊരു സാധ്യതയുമില്ലെന്നതാണ് മറ്റൊരു കാര്യം. ബാഴ്‌സലോണയിൽ ചെറുപ്പം മുതലേ കളിച്ച് നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ മെസി അവരുടെ പ്രധാന എതിരാളികളായ ഒരു ക്ലബ്ബിലേക്ക് ചേക്കേറാൻ ഒരിക്കലും തയ്യാറാവില്ലെന്ന് വ്യക്തമാണ്.

Rate this post
Lionel Messi