
ബയേൺ മ്യൂണിക്കിനെ സ്റ്റുറ്റ്ഗാർട്ട് പിടിച്ചു കെട്ടി , ഡോർട്മുണ്ടിന് തോൽവി : നാപോളിക്ക് ജയം : വലൻസിയക്ക് തോൽവി
ജർമൻ ബുണ്ടസ് ലീഗയിൽ നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിനെ വിഎഫ്ബി സ്റ്റട്ട്ഗാർട്ട് സമനിലയിൽ തളച്ചു.ഇഞ്ചുറി ടൈമിൽ സെഹ്‌റോ ഗുയ്‌റാസി പെനാൽറ്റിയിൽ നിന്നും നേടിയ ഗോളിനാണ് സ്റ്റട്ട്ഗാർട്ട് സമനില പിടിച്ചത്.മത്സരത്തിന്റെ 36 ആം മിനുട്ടിൽ മേത്തിസ് ടെൽ ബയേണിനെ മുന്നിലെത്തിച്ചു. ഈ ഗോളോടെ ബയേൺ മ്യൂണിക്കിന് ആയി ജർമ്മൻ ബുണ്ടസ് ലീഗയിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഫ്രഞ്ച് താരം മാറി.
17 വയസ്സ് 136 ദിവസം പ്രായമുള്ള ടെൽ ബയേണിനു ആദ്യമായി ആദ്യ പതിനൊന്നിൽ ഇറങ്ങിയപ്പോൾ തന്നെ പുതിയ റെക്കോർഡ് തകർത്തിരുന്നു. ബയേണിന് ആയി ബുണ്ടസ് ലീഗയിൽ കളിക്കാൻ ഇറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഇതോടെ ടെൽ മാറി. 57 ആം മിനുട്ടിൽ ക്രിസ് ഫ്യൂറിച്ച് സ്റ്റട്ട്ഗാർട്ടിനെ ഒപ്പമെത്തിച്ചു. എന്നാൽ 60 ആം മിനുട്ടിൽ ജമാൽ മുസിയാല നേടിയ ഗോളിൽ ബയേൺ ലീഡ് നേടി. വിജയത്തിലേക്ക് നീങ്ങുകയായിരുന്ന ബയേണിനെ ഞെട്ടിച്ചു കൊണ്ട് ഇഞ്ചുറി ടൈമിൽ സെഹ്‌റോ ഗുയ്‌റാസി പെനാൽറ്റിയിൽ നിന്നും നേടിയ ഗോളിൽ സ്റ്റ്റ്ഗാർട്ട് സമനിലയിൽ പിടിച്ചു.

മറ്റൊരു മത്സരത്തിൽ ഡോർട്മുണ്ടിനെ ലൈപ്സിഗ് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി.വില്ലി ഓർബൻ (6′)ഡൊമിനിക് സോബോസ്ലായ് (45′)അമദൗ ഹൈദര (84′) എന്നിവരാണ് ലൈപ്സിഗിന്റെ ഗോളുകൾ നേടിയത്. മറ്റൊരു മത്സരത്തിൽ മെയ്ൻസിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് കീഴടക്കി ഹോഫെൻഹൈം പോയിന്റ് ടേബിളിൽ രണ്ടമ്മ സ്ഥാനത്തേക്ക് ഉയർന്നു.ആന്ദ്രെജ് ക്രാമാരിക് (53′) ഗ്രിഷ്‌ച പ്രെമെൽ (69′) മുനാസ് ദബ്ബൂർ (80′)പാവൽ കാദറബെക്ക് (90’+2′) എന്നിവരാണ് വിജയികൾക്ക് വേണ്ടി ഗോളുകൾ നേടിയത്.
ലാ ലീഗയിൽ വലൻസിയയെ അട്ടിമറിച്ച് റയോ വയ്യക്കാനോ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വയ്യക്കാനോ വിജയം നേടിയത്. മത്സരം തുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ പലാസോൺ വയ്യക്കാനോക്ക് ലീഡ് നേടി കൊടുത്തു . രണ്ടാം പകുതിയിൽ മത്സരം തുടങ്ങി മിനിറ്റുകൾക്കുള്ളിൽ വയ്യക്കാനോയുടെ ലീഡ് ഇരട്ടിയായി. നിക്കോയുടെ സെൽഫ് ഗോൾ വലൻസിയക്ക് വിനയായി.എക്സ്ട്രാ മിനിറ്റിൽ ദിയാഖബി വലൻസിയയുടെ ആശ്വാസ ഗോൾ നേടി.

സീരി എ സീസണിലെ അവരുടെ നാലാം വിജയം നാപോളി സ്വന്തമാക്കി. ഇന്ന് സ്പെസിയക്ക് എതിരെ നടന്ന മത്സരത്തിൽ 89ആം മിനുട്ടിൽ യുവ താരം ജിയകൊമോ റാസ്പൊദോരി ആണ് നാപോളിക്കായി വിജയ ഗോൾ നേടിയത്. താരത്തിന്റെ നാപോളി കരിയറിലെ ആദ്യ ഗോളായിരുന്നു ഇത്.6 മത്സരങ്ങളിൽ 14 പോയിന്റുമായി സിരി എ യിൽ നാപോളി ഒന്നാമത് നിൽക്കുന്നു.