മാഞ്ചസ്റ്റർ യുണൈറ്റഡിന് വീണ്ടും തോൽവി : പ്രീസീസണിൽ തോൽവിയറിയാതെ ചെൽസി കുതിക്കുന്നു
പ്രീ സീസണിൽ വീണ്ടും തോൽവിയുമായി ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ്. അമേരിക്കയിലെ അലെജിയന്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനോട് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടത്. മാഞ്ചസ്റ്റർ യുണൈറ്റഡ് യുഎസിൽ കളിച്ച നാല് മത്സരങ്ങളിൽ മൂന്ന് തോൽവികളാണ് ഏറ്റുവാങ്ങിയത്.
മത്സരത്തിന്റെ 24 ആം മിനുട്ടിൽ ഡിയോഗോ ഡലോട്ടിലൂടെ യുണൈറ്റഡ് മുന്നിലെത്തി.എന്നാൽ 43 44 മിനിറ്റുകളിൽ ഡച്ച് താരം ഡോണേൽ മാലെൻ നേടിയ ഗോളുകള്ള് ഡോർട്ടുണ്ട് സ്കോർ 2 -1 ആക്കി മാറ്റി. 52 ആം മിനുട്ടിൽ അന്റോണി യുണൈറ്റഡിനെ ഒപ്പമെത്തിച്ചു. എന്നാൽ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് യൂസൗഫ മൗക്കോക്കോ നേടിയ ഗോളിൽ ഡോർട്മുൻഡ്വിജയമുറപ്പിച്ചു.
മേരിലാൻഡിലെ ലാൻഡ്ഓവറിലെ ഫെഡ്എക്സ് ഫീൽഡിൽ നടന്ന മറ്റൊരു മത്സരത്തിൽ ഫുൾഹാമിനെ 2-0ന് പരാജയപ്പെടുത്തി ചെൽസി പ്രഥമ പ്രീമിയർ ലീഗ് സമ്മർ സീരീസ് ട്രോഫി സ്വന്തമാക്കി.ബ്രസീലിയൻ ഡിഫൻഡർ തിയാഗോ സിൽവ 20-ാം മിനിറ്റിൽ ചെൽസിയെ മുന്നിലെത്തിച്ചു. ഹാഫ് ടൈമിന് നാല് മിനിറ്റ് മുമ്പ്, സമ്മർ സൈനിംഗ് ക്രിസ്റ്റഫർ എൻകുങ്കു സ്കോർ 2 -0 ആക്കി ഉയർത്തി.
ഈ വിജയത്തോടെ പ്രീസീസൺ പ്രീമിയർ ലീഗ് സമ്മർ സീരീസ് ഇവന്റിനായുള്ള ആറ് ടീമുകളുടെ സ്റ്റാൻഡിംഗിൽ ആസ്റ്റൺ വില്ലയേക്കാൾ രണ്ട് പോയിന്റ് വ്യത്യാസത്തിൽ ചെൽസിക്ക് ഫിനിഷ് ചെയ്യാൻ സാധിച്ചു.പ്രീസീസണിൽ തോൽവിയറിയാതെ തുടരുന്ന ചെൽസി വ്യാഴാഴ്ച ചിക്കാഗോയിലെ സോൾജിയർ ഫീൽഡിൽ ബുണ്ടസ്ലിഗ ടീമായ ബൊറൂസിയ ഡോർട്ട്മുണ്ടുമായി ഏറ്റുമുട്ടി യുഎസ് പര്യടനം പൂർത്തിയാക്കും.