നോർത്ത് ഈസ്റ്റിനെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്| Kerala Blasters
ഡ്യൂറൻഡ് കപ്പിൽ തകർപ്പൻ ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ന് നടന്ന മൂന്നാം മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ യുവ നിര നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി. ബ്ലാസ്റ്റേഴ്സിന്റെ ഡ്യൂറൻഡ് കപ്പിലെ ആദ്യ വിജയം കൂടിയാണിത്. ആദ്യ രണ്ടു മത്സരങ്ങളിൽ ഒരു സമനിലയും ഒരു തോൽവിയും ബ്ലാസ്റ്റേഴ്‌സ് നേരിട്ടു.
ഗ്രൂപ്പ് ഡിയിലെ ആദ്യ കളിയില്‍ സുദേവ ഡല്‍ഹി എഫ്‌സിയുമായി സമനിലയില്‍ പിരിഞ്ഞ ബ്ലാസ്‌റ്റേഴ്‌സ് രണ്ടാമത്തെ കളിയില്‍ കരുത്തരായ ഒഡീഷ എഫ്‌സിയോട് തോറ്റിരുന്നു. ഇരട്ട സഹോദരന്മാരായ മുഹമ്മദ് ഐമൻ ഇരട്ട ഗോളും മുഹമ്മദ് ഐമൻ ഇരട്ട അസിസ്റ്റും നേടി . മുഹമ്മദ് അജ്‌സല്‍ മറ്റൊരു മനോഹര ഗോള്‍ നേടി.അവസാന കളിയില്‍ ഒഡീഷ എഫ്‌സിയോട് തോല്‍വി വഴങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് യുവനിര നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നല്ല തുടക്കമാണ് കുറിച്ചത്. കളിയുടെ ഒമ്പതാം മിനിറ്റില്‍ ഗൗരവിന്റെ ഷോട്ട് നോര്‍ത്ത് ഈസ്റ്റ് ഗോള്‍ കീപ്പറെ പരീക്ഷിച്ചു. പതിനാലാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിന്റെ അപകടകരമായ മുന്നേറ്റത്തെ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ കീപ്പര്‍ ബോക്‌സിന് പുറത്തിറങ്ങി തടഞ്ഞു.
ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം നോര്‍ത്ത് ഈസ്റ്റ് മുന്നേറ്റനിരയെ അനായാസം കയറാന്‍ അനുവദിച്ചില്ല. 28ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് കാത്തിരുന്ന നിമിഷമെത്തി. കൂട്ടായ നടത്തിയ ആക്രമണത്തില്‍ നോര്‍ത്ത് ഈസ്റ്റ് ഗോള്‍ മേഖല തകര്‍ന്നു. അവരുടെ പ്രതിരോധം ചിതറി. ആദ്യം അജ്‌സല്‍. ഗോള്‍മുഖത്തുണ്ടായ ഗൗരവിലേക്ക് ബോക്‌സിന്റെ വലതുഭാഗത്ത് നിന്ന് അജ്‌സല്‍ പാസ് നല്‍കി. ഗൗരവ് നേരെ ലക്ഷ്യത്തിലേക്ക് തൊടുത്തു. എന്നാല്‍ നോര്‍ത്ത് ഈസ്റ്റ് പ്രതിരോധം അതിനെ തടഞ്ഞു. പന്ത് ഇടതുവശത്ത് അയ്മനിലേക്ക്. ഗോള്‍ കീപ്പറെ കാഴ്ചക്കാരനാക്കി അയ്മന്റെ അടി നോര്‍ത്ത് ഈസ്റ്റ് വല തകര്‍ത്തു. ലീഡ് നേടിയ ശേഷം മിന്നുന്ന പ്രകടനമാണ് ബ്ലാസ്‌റ്റേഴ്‌സ് നടത്തിയത്.
ആധികാരിക പ്രകടനത്തിനൊപ്പം ഒരു ഗോള്‍ ലീഡുമായി ബ്ലാസ്‌റ്റേഴ്‌സ് ഇടവേളക്ക് പിരിഞ്ഞു. രണ്ടാംപകുതിയും മികച്ച രീതിയിലൂടെയാണ് ബ്ലാസ്‌റ്റേഴ്‌സ് തുടങ്ങിയത്. അമ്പതാം മിനിറ്റില്‍ അയ്മന്റെ ഇടതുവശത്തുനിന്നുള്ള കരുത്തുറ്റ ഷോട്ട് നോര്‍ത്ത് ഈസ്റ്റ് ഗോള്‍ കീപ്പര്‍ ജാക്‌സണ്‍ ആയാസപ്പെട്ട് പിടിച്ചെടുക്കുകയായിരുന്നു. ഏറെനേരം ബ്ലാസ്‌റ്റേഴ്‌സിനെ തടയാന്‍ നോര്‍ത്ത് ഈസ്റ്റിന് കഴിഞ്ഞില്ല. 55–ാം മിനിറ്റില്‍ രണ്ടാം ഗോളും അവര്‍ വഴങ്ങി. ഇക്കുറി അജ്‌സലാണ് ലക്ഷ്യം കണ്ടത്. ബോക്‌സിന് തൊട്ടരികെവച്ച് നോര്‍ത്ത് ഈസ്റ്റ് പ്രതിരോധത്തെ കാഴ്ചക്കാരാക്കി അജ്‌സല്‍ അവരുടെ വല കുലുക്കി. അസ്ഹറാണ് അവസരമൊരുക്കിയത്. ബ്ലാസ്‌റ്റേഴ്‌സ് കളിയില്‍ പൂര്‍ണമായും ആധിപത്യം നേടി. 60ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം ഗോളിന് അരികെയെത്തി. അജ്‌സലിന്റെ ഗോള്‍ ശ്രമം ഗോള്‍മുഖത്ത് വച്ച് പ്രതിരോധം തടയുകയായിരുന്നു.
90 ആം മിനുട്ടിൽ ബ്ലാസ്‌റ്റേഴ്‌സ് മൂന്നാംഗോളും നേടി. അസ്ഹറിന്റെ ലോങ് ബോള്‍ പിടിച്ചെടുത്ത് കുതിച്ച അയ്മനെ മനോഹരമായി മുന്നേറി. ഗോള്‍ കീപ്പര്‍ ജാക്‌സണ്‍ അവസരം നല്‍കാതെ പന്ത് തൊടുത്തു. രണ്ടാം ഗോളിലൂടെ അയ്‌മെന്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ജയവും പൂര്‍ത്തിയാക്കി. 31ന് ആര്‍മി ഗ്രീനുമായാണ് ഗ്രൂപ്പ് ഡിയിലെ ബ്ലാസ്‌റ്റേഴ്‌സിന്റെ അവസാന മത്സരം. നിലവില്‍ നാല് പോയിന്റുമായി മൂന്നാമതാണ് ബ്ലാസ്‌റ്റേഴ്‌സ്.