തകർപ്പൻ ജയങ്ങളോടെ ഗ്രൂപ് എ യിൽ നിന്നും നെതർലാൻഡ്സും സെനഗലും പ്രീ ക്വാർട്ടരിൽ സ്ഥാനം പിടിച്ചു.അൽ ബൈത്ത് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഖത്തറിനെതിരെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഡച്ച് ടീമിന്റെ ജയം. ഇക്വഡോറിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കീഴടക്കിയാണ് സെനഗൽ അവസാന പതിനാറിൽ കടന്നത്. അവസാന പതിനാറിലേക്ക് കടക്കാൻ ഇക്വഡോറിന് ഒരു സമനില മാത്രം മതിയായിരുന്നു.
ജയിച്ചാല്‍ നോക്കൗട്ടിലെത്താമെന്നതിനാല്‍ മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഡച്ച് ടീം മുന്നേറ്റം നടത്തി . നാലാം മിനിറ്റില്‍ ക്ലാസന്‍ ബോക്‌സിലേക്ക് നല്‍കിയ പന്തില്‍ മെംഫിസ് ഡീപേയുടെ ഷോട്ട് ഖത്തര്‍ ഗോള്‍കീപ്പര്‍ മെഷാല്‍ ബര്‍ഷാം തട്ടിയകറ്റി. പിന്നാലെ റീബൗണ്ട് ചെയ്ത് വന്ന പന്തില്‍ നിന്നുള്ള ബ്ലിന്റിന്റെ ഷോട്ട് പുറത്തേക്ക് പോയി.പിന്നാലെ ക്ലാസനും ഡംഫ്രിസിനും അവസരങ്ങള്‍ ലഭിച്ചെങ്കിലും അവര്‍ക്കാര്‍ക്കും ലക്ഷ്യം കാണാനായില്ല.മത്സരത്തിന്റെ 26-ാം മിനിറ്റിൽ സ്‌ട്രൈക്കർ കോഡി ഗാക്‌പോയാണ് നെതർലൻഡ്‌സിനായി ഗോൾ നേടിയത്. ക്ലാസന്റെ അസിസ്റ്റിലാണ് ഗാക്‌പോ ഗോൾ നേടിയത്.
2022 ലോകകപ്പിൽ ഗാക്‌പോയുടെ തുടർച്ചയായ മൂന്നാം ഗോളാണിത്. 49 ആം മിനുട്ടിൽ ഫ്രെങ്കി ഡിയോങ്ങിലൂടെ രണ്ടാം ഗോൾ നേടി നെതർലൻഡ്സ്.ക്ലാസന്‍ നല്‍കിയ ക്രോസാണ് ഗോളിന് വഴിവെച്ചത്. താരത്തിന്റെ കൃത്യമായ പാസ് ബോക്‌സിനുള്ളില്‍ വെച്ച് പിടിച്ചെടുത്ത ഡീപേ തൊടുത്ത ഷോട്ട് ഖത്തര്‍ ഗോളി ബര്‍ഷാം തട്ടിയകറ്റി. എന്നാല്‍ റീബൗണ്ട് വന്ന പന്ത് നേരേ ഡിയോങ്ങിനു മുന്നില്‍. ഒട്ടും സമയം കളയാതെ ഡിയോങ് പന്ത് വലതുകാല്‍ കൊണ്ട് ടാപ് ചെയ്ത് വലയിലെത്തിച്ചു. 68 ആം മിനുട്ടിൽ
നെതർലന്‍ഡ്സ് മൂന്നാം ഗോൾ നേടിയെങ്കിലും ഈ ഗോളിനായുള്ള ബിൽഡ് അപ്പിനിടെ ഗാക്പോയുടെ കൈയിൽ പന്ത് തട്ടിയതിനാൽ ഈ ഗോൾ വാർ പരിശോധിച്ച ശേഷം റഫറി നിഷേധിച്ചു
ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നാലാം മിനിറ്റില്‍ തന്നെ അതിശക്തമായ മുന്നേറ്റവുമായി സെനഗല്‍ ഇക്വഡോറിനെ ഞെട്ടിച്ചു. സെനഗല്‍ താരം ഇഡ്രിസ്സ ഗ്യൂയെയ്ക്ക് പോസ്റ്റിന് മുന്നില്‍ വെച്ച് തുറന്ന അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് പോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി.ബോക്‌സിലേക്ക് പന്തുമായി മുന്നേറിയ ഇസ്മയില സാറിനെ ഇക്വഡോർ ഡിഫൻഡർ ഹിൻകാപ്പി ഫൗൾ ചെയ്‌തതിന് 42-ാം മിനിറ്റിൽ സെനഗലിന് ലഭിച്ച പെനാൽറ്റി ഇസ്മായില സാർ ഗോളാക്കി മാറ്റി. ഇതോടെ ആദ്യ പകുതി അവസാനിക്കുമ്പോൾ സെനഗൽ 1-0ന് മുന്നിലെത്തി.
58-ാം മിനിറ്റില്‍ എക്വഡോറിന്റെ എസ്‌ട്രോഡയുടെ ഹെഡ്ഡര്‍ ഗോള്‍പോസ്റ്റിനടുത്തൂടെ കടന്നുപോയി. 68 ആം മിനുട്ടിൽ സെനഗലിനെതിരേ സമനില പിടിച്ച് എക്വഡോര്‍. മോയ്‌സസ് സയ്‌സെഡോയാണ് എക്വഡോറിനായി വലകുലുക്കിയത്. 69 ആം മിനുട്ടിൽ വീണ്ടും ഗോളടിച്ച് ലീഡുയര്‍ത്തി സെനഗല്‍,നായകൻ കലിദോ കൗലിബാലിയാണ് ഗോൾ നേടിയത്.