ഡിബാല ജനുവരിയിൽ തന്നെ യുവന്റസ് വിടണം, ചേക്കേറേണ്ടത് ഏതു ക്ലബിലേക്കെന്നും വെളിപ്പെടുത്തി മുൻ പലർമോ പ്രസിഡന്റ്
ഈ സീസണിൽ യുവന്റസ് ടീമിൽ സ്ഥിരസാന്നിധ്യമാകാൻ കഴിഞ്ഞിട്ടില്ലാത്ത അർജന്റീനിയൻ താരം പൗളോ ഡിബാലയോട് ഇറ്റാലിയൻ ക്ലബ് വിടാനാവശ്യപ്പെട്ട് പലർമോയുടെ മുൻ പ്രസിഡൻറായ മൗറീസിയോ സാംപറിനി. ഡിബാലയുടെ മുൻ ക്ലബാണ് പലർമോ. ഈ സീസണിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ കഴിഞ്ഞിട്ടില്ലാത്ത അർജൻറീനിയൻ താരം വിമർശനങ്ങൾക്കു വിധേയനാകുന്നതിനിടെയാണ് സാംപറിനിയുടെ പ്രതികരണം.
“ഡിബാല ഒരു ചാമ്പ്യനും നല്ല സ്വഭാവമുള്ള വ്യക്തിയുമാണെന്ന കാര്യത്തിൽ എനിക്കു സംശയമില്ല. എല്ലാവരും അതു മറക്കുന്നതെന്തു കൊണ്ടാണെന്ന് എനിക്കു മനസിലാകുന്നില്ല. താരത്തെ കളിപ്പിക്കുന്നില്ലെങ്കിൽ അതു നിന്ദയാണ്. യുവന്റസ് വിടണമെന്ന എന്റെ മൂന്നു വർഷം മുൻപത്തെ അഭിപ്രായം താരം പിന്തുടരണമായിരുന്നു.”
Dybala can be next Messi at Real Madrid or Barcelona – Zamparinihttps://t.co/uoBwXXfxlB
— AS English (@English_AS) November 11, 2020
“ബാഴ്സലോണയോ റയൽ മാഡ്രിഡോ ആണു താരത്തിനു ചേരുകയെന്നു ഞാൻ പറഞ്ഞിരുന്നെങ്കിലും യുവന്റസിൽ സംതൃപ്തനാണെന്നാണ് ഡിബാല അന്നു പറഞ്ഞത്. അന്നു നൽകിയ നിർദ്ദേശം ഞാൻ വീണ്ടുമാവർത്തിക്കുന്നു. ബാഴ്സയിലേക്കോ റയൽ മാഡ്രിഡിലേക്കോ ചേക്കേറി നമ്പർ വൺ താരമാകൂ.” ടുട്ടോസ്പോർട്ടിനോട് സാംപറിനി പറഞ്ഞു.
2022 വരെയാണ് യുവന്റസുമായി ഡിബാലക്കു കരാറുള്ളത്. താരവുമായി കരാർ പുതുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചുവെന്നു നേതൃത്വം പറയുന്നുണ്ടെങ്കിലും നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ താരം ഇറ്റലി വിടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.