യുവന്റസിന്റെ സൂപ്പർതാരമായ പൗളോ ഡിബാലയെ സ്വന്തമാക്കാനുള്ള പദ്ധതിയുമായി റയൽ മാഡ്രിഡ്. അർജന്റീനിയൻ താരത്തിനായി രണ്ടു താരങ്ങളെ വിട്ടു കൊടുക്കാമെന്ന ഓഫറാണ് റയൽ മാഡ്രിഡ് മുന്നോട്ടു വെച്ചിരിക്കുന്നതെന്ന് ഇറ്റാലിയൻ മാധ്യമം കാൽസിയോ മെർകാടോ റിപ്പോർട്ടു ചെയ്യുന്നു. മുന്നേറ്റനിര താരം വിനീഷ്യസ് ജൂനിയർ, മധ്യനിര താരം ഇസ്കോ എന്നിവരെയാണ് റയൽ ഡിബാലക്കു വേണ്ടി വാഗ്ദാനം ചെയ്തിരിക്കുന്നത്.
ഇരുപത്തിയാറുകാരനായ ഡിബാലക്ക് 2022 വരെയാണ് യുവൻറസുമായി കരാറുള്ളത്. താരവുമായി കരാർ പുതുക്കാനുള്ള ചർച്ചകൾ യുവന്റസ് നടത്തുകയാണെങ്കിലും ഇതുവരെയും അക്കാര്യത്തിൽ തീരുമാനമായിട്ടില്ല. താരത്തിന്റെ യുവൻറസ് ഭാവി ആശങ്കയിലേക്കു നീങ്ങിക്കൊണ്ടിരിക്കെ അവസരം മുതലെടുക്കാനാണ് റയൽ മാഡ്രിഡ് ഒരുങ്ങുന്നത്.
പിർലോക്കു കീഴിൽ ഈ സീസണിൽ ഡിബാലക്ക് അവസരങ്ങൾ കുറവായിരുന്നു. യുവന്റസിനു വേണ്ടി ഇതുവരെയും മികച്ച പ്രകടനം പുറത്തെടുക്കാനും താരത്തിനു കഴിഞ്ഞിട്ടില്ല. റൊണാൾഡോ ടീമിലേക്കു തിരിച്ചെത്തുന്നതോടെ പിർലോ ഡിബാലയെ പുറത്തിരുത്താൻ ആരംഭിച്ചാൽ റയലിന് കാര്യങ്ങൾ ഒന്നുകൂടി എളുപ്പമായിരിക്കും.
അതേസമയം പ്രകടനത്തിൽ സ്ഥിരതയില്ലാത്തതാണ് വിനീഷ്യസിനെ റയൽ ഒഴിവാക്കാൻ ശ്രമിക്കുന്നതിന്റെ കാരണം. ഇസ്കോക്ക് സിദാന്റെ പദ്ധതികളിൽ ഇടമില്ലാത്തതിനാൽ താരവും പുതിയ ക്ലബ് തേടുകയാണ്. സ്പാനിഷ് താരത്തിൽ പിർലോക്കു താൽപര്യമുള്ളതു കൊണ്ട് യുവന്റസിനെ തന്നെയാവും ഇസ്കോ തിരഞ്ഞെടുക്കുക.