“ലെവൻഡോസ്‌കിയുടെ പരിക്ക് മുള്ളർ തീർത്തു വച്ച ഇതിഹാസ റെക്കോർഡിനെ ബാധിച്ചേക്കും” മുൻ ബയേഴ്ൺ ഫോർവേഡായ മക്കായ്‌

ലോക ഫുട്‌ബോളിലെ മികച്ച സ്‌ട്രൈക്കർമാരിലൊരാളാണ് ലെവൻഡോസ്‌കി എന്ന കാര്യത്തിൽ ആർക്കും യാതൊരു തർക്കവുമുണ്ടാവില്ല. ഓരോ ദിവസം കഴിയും തോറും പുതിയ റെക്കോർടുകൾ തന്റെ പേരിൽ ചേർക്കുന്ന ലെവൻഡോസ്‌കിക്ക് ഇപ്പോൾ പരിക്ക് വില്ലനായിരിക്കുകയാണ്.

ഇതിഹാസമായ ഗേഴ്‌ഡ് മുള്ളറുടെ അപൂർവമായൊരു റെക്കോർഡിനൊപ്പമെത്താനുള്ള താരത്തിന്റെ സാധ്യതകൾക്ക് മങ്ങലേറ്റിരിക്കുകയാണ്. ഒരു ബുന്ദസ്‌ലിഗ സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ എന്ന ഗേഴ്‌ഡ് മുള്ളറുടെ റെക്കോർഡിനെ മറികടക്കാൻ തയ്യാറായി നിൽക്കുമ്പോഴാണ് ബയേർൺ സ്‌ട്രൈക്കർക്ക് പരിക്കേറ്റത്.

അൻഡോറക്കെതിരായ ലോക കപ്പ് യോഗ്യത മത്സരത്തിലായിരുന്നു താരത്തിന് കാലിന്റെ ലിഗമെന്റിന് പരിക്കേറ്റത്. മത്സരത്തിൽ പോളണ്ട് 3 ഗോളുകൾക്ക് ജയിച്ചിരുന്നു. താരത്തിന് നിലവിൽ ഒരു മാസത്തിന്റെ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.

32കാരനായ താരത്തിന് പിഎസ്‌ജിക്കെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ മത്സരങ്ങൾ നഷ്ടമായേക്കും. നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിച്ചത് പ്രകാരം താരത്തിന് ആർ.ബി.ലൈയ്‌പ്സിഗ്‌, യൂണിയൻ ബെർലിൻ, വോൾസ്ഫ്ബർഗ്, ബയേർ ലെവർക്യുസൻ, മെയിൻസ് എന്നീ ടീമുകൾക്കെതിരെയുള്ള മത്സരങ്ങളും ഒരു പക്ഷെ താരത്തിന് നഷ്ടമായേക്കും.

ഈ സീസണിൽ ഇതുവരെ 25 മത്സരങ്ങളിൽ നിന്നും 35 ഗോളുകൾ നേടിയ ലെവൻഡോസ്‌കിക്ക് ഇനി 5 ഗോളുകൾ കൂടി നേടിയാൽ ഇതിഹാസത്തിന്റെ നാഴികകല്ലിനൊപ്പമെത്താൻ സാധിക്കും. 1971-72 സീസണിൽ മുള്ളർ നേടിയ 40 ഗോളുകളാണ് നിലവിലെ റെക്കോർഡ്. മെയിൻസിനെതിരെയുള്ള ലീഗ് മത്സരവും കൂടി കഴിഞ്ഞാൽ പിന്നെ ബയേർണിന് അവശേഷിക്കുന്നത് വെറും 3 മത്സരങ്ങളാണ്. മക്കായ്‌ പറഞ്ഞതു പ്രകാരം അപ്പോഴേക്കും ആ റെക്കോർഡ് താരത്തിന്റെ കാലുകളിൽ നിന്നും വഴുതി പോയേക്കും.

മുൻ നെതർലാൻഡ്‌സ് അന്താരാഷ്ട്ര താരമായിരുന്ന മക്കായ്‌ ഹാൻസി ഫ്ലിക്കിന്റെ സാധ്യതകളെ കുറിച്ചും പറഞ്ഞിരുന്നു. ലെവൻഡോസ്‌കിക്ക് പറ്റിയ ഒരു പകരക്കാരനെ കണ്ടെത്തുവാൻ ഫ്ലിക്ക് അൽപ്പം പ്രയാസം നേരിടുമെന്ന് മക്കായ്‌ വ്യക്തമാക്കി. ലെവൻഡോസ്‌കി ഒരു മികച്ച സ്‌ട്രൈക്കർ ആണെന്നും താരത്തിന് ഇനിയും ഒട്ടേറെ ഈ ടീമിന് നൽകാനുണ്ടെന്നും മക്കായ്‌ വ്യക്തമാക്കി. ബൊറൂസിയ ഡോർട്മുണ്ടിന്റെ ഏർലിംഗ് ഹാലന്റിനായി നിലവിൽ ബയേർൺ നീക്കങ്ങൾ നടത്തേണ്ടതില്ലെന്നും മക്കായ്‌ പറഞ്ഞു.

Rate this post