ക്ലാസിക്കോ പെനാൽറ്റി വിവാദം പുകയുന്നു, റാമോസാണ് ആദ്യം ഫൗൾ ചെയ്‌തതെന്നുള്ള ലൈൻസ്മാന്റെ ഓഡിയോ പുറത്ത്
സീസണിലെ ആദ്യ എൽ ക്ലാസിക്കോ കഴിഞ്ഞിട്ടും അതിന്റെ വികാരങ്ങൾ ഇതുവരെയും കെട്ടടങ്ങിയിട്ടില്ല, ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് റയൽ മാഡ്രിഡ് വിജയം നേടിയെങ്കിലും റയലിന്റെ രണ്ടാമത്തെ ഗോളിനാധാരമായ പെനാൽറ്റിയെക്കുറിച്ചുള്ള വിവാദങ്ങൾ പുകയുകയാണ്. അതിനെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങളുമായി ബാഴ്സയും രംഗത്തെത്തിയിട്ടുണ്ട്.
പെനാൽറ്റി നൽകും മുൻപ് റഫറി മാർട്ടിനെസ് മുനുവേര വീഡിയോ റഫറിയുടെ നിർദേശങ്ങൾ കേട്ടിരുന്നു. പിന്നീട് വീഡിയോ റഫറൻസ് മോണിറ്ററിൽ കൂടുതൽ തെളിവുകൾ നിരീക്ഷിച്ച് പെനാൽറ്റി വിധിക്കുകയായിരുന്നു. ലെങ്ലറ്റ് റാമോസിന്റെ ജേഴ്‌സി പിടിച്ചു വലിച്ചതാണ് കാരണമായി കണക്കാക്കിയത്.
Audio to Martinez Munuera after Lenglet's shirt-pull: Ramos grabs the shirt first! https://t.co/iezU2MUTDC
— FBI Trader Media (@MediaFbi) October 26, 2020
എന്നാൽ ഡിപ്പോർട്ടസ് ക്വാട്രോ എന്ന മാധ്യമത്തിന്റെ റിപ്പോർട്ടുകൾ പ്രകാരം അതിനിടയിൽ ലൈൻസ്മാനും റഫറിയോട് ചില കാര്യങ്ങൾ സൂചിപ്പിച്ചുവെന്നാണ് അറിയാനാവുന്നത്. അതിനെക്കുറിച്ചുള്ള ലൈൻസ്മാന്റെ ശബ്ദശകലവും പുറത്തു വിട്ടിട്ടുണ്ട്. “കൂടുതൽ എന്താണുള്ളത്? റാമോസ് ലെങ്ലറ്റിന്റെ ഷർട്ട് ആദ്യം പിടിച്ചിട്ടുണ്ട് “. ലൈൻസ്മാൻ പറയുന്നു.
റിപ്പോർട്ടുകൾ പ്രകാരം ബാഴ്‌സലോണ വാർ റൂമിൽ റഫറിയും ലൈൻസ്മാനുമായി ആ സമയത്ത് നടന്ന സംഭാഷണത്തിന്റെ റെക്കോർഡിങ് വാർ റൂമിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. സ്പാനിഷ് മാധ്യമമായ ‘കാഡെന സെർ’ ന്റെ റിപ്പോർട്ടുകൾ പ്രകാരം ലൈൻസ്മാൻ റഫറിയോടെന്താണ് പറഞ്ഞതെന്നുള്ള ഓഡിയോ ലഭിച്ചിട്ടുണ്ടെന്നാണ്. ” അത് “റാമോസിന്റെ ഫൗൾ ആണ്. അത് റാമോസിന്റെ ഫൗൾ ആണ്” എന്നാണ് അതിൽ പറഞ്ഞിട്ടുള്ളത്. എന്തായാലും ഇക്കാര്യത്തിൽ ബാഴ്സലോണയും കൂടുതൽ അന്വേഷണത്തിന് ആവശ്യപ്പെട്ടിട്ടുണ്ട്.