പതിമൂന്നു വർഷത്തിൽ പതിനൊന്നു സെമി ഫൈനലുകൾ, ചാമ്പ്യൻസ് ലീഗിലെ രാജാക്കന്മാർ റയൽ മാഡ്രിഡ് തന്നെ

ചെൽസിക്കെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ മത്സരവും വിജയിച്ചതോടെ ഒരിക്കൽക്കൂടി ടൂർണമെന്റിന്റെ സെമി ഫൈനലിൽ എത്തിയിരിക്കുകയാണ് റയൽ മാഡ്രിഡ്. കഴിഞ്ഞ സീസണിൽ അവിശ്വസനീയ തിരിച്ചു വരവുകളുമായി കിരീടം സ്വന്തമാക്കിയ റയൽ മാഡ്രിഡ് തുടർച്ചയായ രണ്ടാമത്തെ കിരീടം ഈ സീസണിൽ സ്വന്തമാക്കാനുള്ള സാധ്യതകൾ തുറന്നെടുത്തിട്ടുണ്ട്.

അതേസമയം കഴിഞ്ഞ ഏതാനും വർഷങ്ങളുടെ കണക്കെടുക്കുമ്പോൾ അവിശ്വസനീയമായ കുതിപ്പാണ് ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡ് നടത്തുന്നത്. കഴിഞ്ഞ പതിമൂന്നു സീസണുകൾ എടുത്താൽ അതിൽ പതിനൊന്നു തവണയും റയൽ മാഡ്രിഡ് ടൂർണമെന്റിന്റെ ഫൈനലിൽ എത്തിയിട്ടുണ്ടെന്ന കണക്ക് മാത്രം മതി എത്രത്തോളം മികവ് യൂറോപ്യൻ പോരാട്ടത്തിൽ അവർ കാഴ്‌ച വെക്കുന്നുണ്ടെന്ന് മനസിലാക്കാൻ.

2010 മുതലുള്ള കണക്കുകൾ എടുത്താൽ രണ്ടു തവണ മാത്രമാണ് സെമി ഫൈനലിനു മുൻപ് റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തു പോയിരിക്കുന്നത്. 2018-19 സീസണിൽ അയാക്‌സിനെതിരെയും അതിന്റെ തൊട്ടടുത്ത സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെയുമായിരുന്നു അത്. ഈ രണ്ടു സീസണിലും റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടർ കടന്നിട്ടില്ല.

ഈ സീസൺ മാറ്റിനിർത്തിയാലുള്ള ബാക്കി പത്ത് സെമി ഫൈനൽ സീസണുകൾ എടുത്താൽ അതിൽ അഞ്ചുതവണ അവർ കിരീടം സ്വന്തമാക്കി. അഞ്ചു തവണ സെമി ഫൈനലിൽ പുറത്തു പോവുകയും ചെയ്‌തു. ബാഴ്‌സലോണ, ബയേൺ മ്യൂണിക്ക്, ബൊറൂസിയ ഡോർട്ട്മുണ്ട്, യുവന്റസ്, ചെൽസി എന്നീ ടീമുകളാണ് ഈ അഞ്ചു തവണ റയൽ മാഡ്രിഡിനെ ചാമ്പ്യൻസ് ലീഗ് സെമിയിൽ നിന്നും പുറത്താക്കിയത്.

ചരിത്രം മുഴുവൻ നോക്കിയാൽ യൂറോപ്പിലെ ഏറ്റവും വലിയ ടൂർണമെന്റിന്റെ 68 എഡിഷനുകളിൽ 32 എണ്ണത്തിലും റയൽ മാഡ്രിഡ് സെമി ഫൈനൽ കളിച്ചിട്ടുണ്ട്. പതിനാറ് തവണ യൂറോപ്യൻ കപ്പിലും പതിനാറു തവണ ചാമ്പ്യൻസ് ലീഗിലുമാണിത്. ഇതിൽ 17 എണ്ണത്തിലും അവർ ഫൈനൽ കളിച്ച് 14 തവണ കിരീടം സ്വന്തമാക്കുകയും ചെയ്‌തു. ഇത്തവണ പതിനഞ്ചാം കിരീടമാണ് റയൽ ലക്ഷ്യമിടുന്നത്.

5/5 - (1 vote)