“സ്വപ്നതുല്യമായ കുതിപ്പിനിടയിൽ കേരള ബ്ലാസ്റ്റേഴ്സിനും വുകൊമാനോവിച്ചിനും പിഴച്ചതെവിടെയാണ് ?”

സ്വപ്ന തുല്യമായ ഒരു കുതിപ്പായിരുന്നു ബ്ലാസ്റ്റേഴ്‌സ് സീസണിൽ നടത്തിയത്.കഴിഞ്ഞ സീസണുളിൽ സംഭവിച്ച തെറ്റുകളും കുറ്റങ്ങളും എല്ലാം കാറ്റിൽ പറത്തികൊണ്ട് ബ്ലാസ്റ്റേഴ്‌സ് ആരാധക പ്രതീക്ഷകൾ നടത്തിയ കുതിപ്പ് അത്ര മികച്ചതായിരുന്നു. ചരിത്രത്തിൽ ആദ്യമായി പോയിന്റ് പട്ടികയിൽ ഒന്നമാതെത്തി സീസണിൽ ബ്ലാസ്റ്റേഴ്സ് മേധാവിത്വം സൃഷ്ടിച്ചപ്പോഴാണ് വില്ലനായി കോവിഡ് എത്തുന്നത്. കോച്ചും സ്റ്റാഫും ഉൾപ്പെടെ 20ൽ അധികം താരങ്ങൾക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. മികച്ച സീസണിന്റെ ഇടയിൽ കോവിഡ് നൽകിയ അപ്രതീക്ഷിത പണി ടീമിനെ നല്ല രീതിയിൽ ബാധിച്ചു.

ജനുവരി 12ന് ഒഡീഷ എഫ്‌സിക്കെതിരേയായിയുള്ള മത്സരം വരെ ബ്ലാസ്റ്റേഴ്‌സിന്റെ വരുതിയിലായിരുന്നു കാര്യങ്ങൾ. കൊമ്പന്മാര്‍ 2 – 0ന് ജയിച്ച മത്സരത്തിനിടയ്ക്കുതന്നെ മൂന്ന് ഒഡീഷ ടീം അംഗങ്ങള്‍ കോവിഡ് പോസിറ്റീവ് ആയിരുന്നു. അതോടെ ടീം അടച്ചിട്ട മുറികളിലായി.ആദ്യ 11 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി അഞ്ച് ജയവും അഞ്ച് സമനിലയുമായി 20 പോയിന്റുമായി ലീഗിന്റെ തലപ്പത്ത് ബ്ലാസ്റ്റേഴ്‌സ് വിഹരിക്കുന്നതിനിടെയാണ് ടീം ഒന്നടങ്കം കോവിഡില്‍ ലോക്ക് ആയത്. അതിനിടയിൽ താരങ്ങൾക്കും സ്റ്റാഫിനും ഗര്‍ഭിണികളായ ഭാര്യമാരടക്കം പലർക്കും രോഗം സ്ഥീതികരിച്ചു.ഇതോടെ ടീമിന്റെ 2 മത്സരങ്ങൾ മാറ്റുകയും ചെയ്തു. തിരിച്ചുവരവ് മുതൽ സീസണിൽ അതുവരെ കളിച്ചിരുന്ന സുന്ദര ഫുട്ബോളിൽ നിന്ന് വ്യത്യസ്തമായ കളിയാണ് കോവിഡിന് ശേഷം തിരികെ എത്തിയ ബ്ലാസ്റ്റേഴ്‌സ് കളിക്കുന്നത്. വേഗത്തിലും താളത്തിലും പഴയ പോലെ കുതിപ്പ് നടത്താൻ സാധിക്കാത്തത് കൊണ്ട് തന്നെ മിഡ്‌ഫീൽഡ് കേന്ത്രീകരിച്ചാണ് ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ കളിക്കുന്നത്.

ഇന്നലെ നടന്ന മത്സരത്തിൽ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരെ ആദ്യാവസാനം വിറപ്പിച്ചെങ്കിലും നിരാശയായിരുന്നു ഫലം . ഗോവയിലെ ബംബോളിം അത്ലറ്റിക്ക് സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കേരള‌ ബ്ലാസ്റ്റേഴ്സ്, ഹൈദരാബാദ് എഫ് സിയോട് തോൽവിയേറ്റു വാങ്ങിയത്. ഹൈദരാബാദിനേക്കാൾ മികച്ച പ്രകടനം പുറത്തെടുത്ത മത്സരത്തിൽ നിർഭാഗ്യവും, എതിർ ഗോൾകീപ്പർ ലക്ഷ്മീകാന്ത് കട്ടിമണിയുമാണ് ബ്ലാസ്റ്റേഴ്സിനെ പരാജയത്തിലേക്ക് തള്ളിയിട്ടത് . പട്ടികയിൽ മുന്നിലുണ്ടായിരുന്ന ടീം ഇപ്പോൾ അഞ്ചാം സ്ഥാനത്താണ്. ഇനിയുള്ള കളികളിൽ ജയത്തിൽ കുറഞ്ഞതൊന്നും മുന്നോട്ടുള്ള യാത്രയിൽ ബ്ലാസ്‌റ്റേഴ്‌സിനെ സഹായിക്കില്ല. സഹൽ ഉൾപ്പടെ ഉള്ള താരങ്ങൾ കോവിഡിന് ശേഷം മികവിൽ എത്തിയിട്ടില്ല. നിഷു, ജിക്സൻ , ഹോർമി എന്നിവരുടെ പരിക്കും ഡയസിന്റെ സസ്പെൻഷനും ടീമിനെ ബാധിച്ചിട്ടുണ്ട്.

ഇനി ഈ സീസണില്‍ ബാക്കിയുള്ളത് മൂന്ന് കളികളാണ്. ശേഷിക്കുന്ന മൂന്ന് കളികളില്‍ ജയത്തില്‍ കുറഞ്ഞ ഒരു പ്രകടനവും ബ്ലാസ്റ്റേഴ്സിനെ പ്ലേ ഓഫിലെത്തിക്കില്ല. അല്ലെങ്കില്‍ മറ്റ് ടീമുകളുടെ മത്സരഫലത്തിനായി കേരളത്തിന് കാത്തിരിക്കേണ്ടി വരും. നിലവില്‍ പോയിന്‍റ് ടേബിളില്‍ ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്താണ്. കേരളത്തിനെ സംബന്ധിച്ച മറ്റൊരു പ്രധാന തിരിച്ചടി ഗോള്‍ വ്യത്യാസത്തില്‍ ടീം പിന്നിലാണെന്നതാണ്. വഴങ്ങിയതിനേക്കാള്‍ അഞ്ച് ഗോള്‍ മാത്രമാണ് കേരളം തിരിച്ചടിച്ചിരിക്കുന്നത്. കേരളത്തിന് തൊട്ടുപിറകിലുള്ള ബെംഗലൂരുവിനും തൊട്ടുമുന്‍പുള്ള മുംബൈക്കും കേരളത്തേക്കാള്‍ പോസിറ്റീവ് ഗോള്‍ വ്യത്യാസം ഉണ്ട്. 18 കളികളില്‍ 26 പോയിന്‍റോടെ ആറാം സ്ഥാനത്തു നില്‍ക്കുന്ന ബെംഗലൂരുവും 17 കളികളില്‍ 28 പോയിന്‍റോടെ നാലാം സ്ഥാനത്ത് നില്‍‌ക്കുന്ന മുംബൈ സിറ്റിയുമാണ് കേരളത്തിന്‍റെ ഭീഷണി. എന്തായാലും 3 കളികൾ ജയിക്കാനായാൽ പ്ലേ ഓഫ് ഉറപ്പിക്കാൻ ടീമിന് സാധിക്കും . അല്ലെങ്കിൽ മറ്റ് ടീമുകളുടെ റിസൾട്ട് കൂടി നോക്കിയാകും പ്ലേ ഓഫ് സാധ്യതകൾ .

തോറ്റെങ്കിലും ഹൈദരാബാദിന് എതിരെ പുറത്തെടുത്ത ആക്രമണ ഫുട്ബോൾ കളിച്ചാൽ ഇനിയുള്ള 3 കളികളും ജയിക്കാൻ പറ്റും എന്ന് ആരാധകർ വിശ്വസിക്കുന്നു. അങ്ങനെ സംഭവിക്കട്ടെ ……

Rate this post