ആ ഒരൊറ്റ പിഴവ്! എല്ലാ വിരലുകളും റൊണാൾഡോയ്ക്ക് നേരെ ചൂണ്ടിയപ്പോൾ

ചാമ്പ്യൻസ് ലീഗിൽ നിന്നും അപ്രതീക്ഷിതമായിട്ടുള്ള ജുവെന്റ്‌സിന്റെ പതനം സഹിക്കാനാവാതെ ആരാധകരും ഫുട്‌ബോൾ പണ്ഡിറ്റുകളുമെല്ലാം ഇപ്പോൾ ഒരുപോലെ പഴിക്കുന്നത് റൊണാൾഡോയെയാണ്. ഇറ്റാലിയൻ ലീഗ് ജേതാക്കളുടെ ചാമ്പ്യൻസ് ലീഗ് സ്വപ്നങ്ങൾ ഇന്നലെ രാത്രി പോർട്ടോയ്ക്ക് മുന്നിൽ അവസാനിച്ചിരുന്നു. 10 പേരായി ചുരുങ്ങിയ പോർട്ടോയുടെ ബലഹീനതയെ മുതലെടുത്ത ജുവെന്റ്‌സിന് സമനില നേടാനായെങ്കിലും എവേ ഗോളിന്റെ ആനുകൂല്യത്തിൽ പോർട്ടോ ജയിക്കുകയായിരുന്നു.

ഫെഡറികോ ചിയേസയുടെയും അഡ്രിയൻ റാബിയോട്ടിന്റെയും ഗോളുകൾക്ക് ജുവെന്റ്‌സിനെ രക്ഷിക്കാനായില്ല. അധിക സമയത്തിന്റെ അവസാന നിമിഷങ്ങളിൽ സെർജിയോ ഒളിവിയേറയുടെ തകർപ്പൻ ഫ്രീകിക്കിലൂടെ പോർട്ടോ ജുവെന്റ്‌സിന്റെ ചാമ്പ്യൻസ് ലീഗ് യാത്രയ്ക്ക് അന്ത്യം വിരാമം കുറിക്കുകയായിരുന്നു.

ഇപ്പോൾ മത്സരത്തിന്റെ ഫലം നിർണയിച്ച ആ തകർപ്പൻ ഫ്രീകിക്ക് ഗോളിന്റെ കാരണത്താൽ ജുവെന്റ്‌സ് സൂപ്പർ താരമായ റൊണാൾഡോ ആരാധകരിൽ നിന്നും പണ്ഡിറ്റുകളിൽ നിന്നും വിമർശനങ്ങൾ നേരിടുകയാണ്. ഫ്രീകിക്കിനെ പ്രതിരോധിക്കാൻ നിന്ന പ്രതിരോധ മതിലിൽ റൊണാൾഡോയുമുണ്ടായിരുന്നു. താഴ്ന്നു വന്ന ഫ്രീക്കിക്ക് റൊണാൾഡോയുടെ കാലുകൾക്കിടയിലൂടെ ഗോൾ പോസ്റ്റിന്റെ വലത്തെ മൂലയിൽ ചെന്ന് പതിക്കുകയായിരുന്നു. ഫ്രീകിക്കിനെ പ്രതിരോധിക്കാൻ റൊണാൾഡോ നടത്തിയ അലസമായ ശ്രമം ജുവെന്റ്‌സിന്റെ ചാമ്പ്യൻസ് ലീഗ് സ്വപ്നങ്ങളെയാണ് തകർത്തിരിക്കുന്നതെന്നാണ് വിമർശകരെല്ലാം പറയുന്നത്.

ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് പ്രയാണം അവസാനിച്ച ജുവെന്റ്‌സിന് മുന്നിൽ ഇനിയുള്ളത് സീരി എ കിരീടമാണ്. കൂടാതെ ഇറ്റാലിയൻ ലീഗിലെ ടോപ്പ് സ്‌കോറർ പട്ടികയിൽ നിലവിൽ ഒന്നാമത്തുള്ളത് ക്രിസ്റ്റ്യാനോ റൊണാൽഡോയാണ്. പിർലോയുടെ കീഴിൽ സീസണിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ജുവെന്റ്സിന്റെ കുതിപ്പിൽ പോർച്യുഗല്ലിന്റെ കപ്പിത്താന്റെ സാന്നിധ്യം വളരെ നിർണായകമാണ് എന്ന് ഈ കണക്ക് തന്നെ വ്യക്തമാക്കുകയാണ്. റൊണാൾഡോയും കൂട്ടരും ഇറ്റാലിയൻ ലീഗിൽ ആ തിരിച്ചുവരവ് നടത്തുമോ ഇല്ലയോ എന്ന് കാത്തിരുന്ന് കാണാം.

Rate this post