അർജന്റീനയുടെ ഫിഫ ലോകകപ്പ് ജേതാവായ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് പ്രമോഷണൽ സന്ദർശനത്തിനായി ജൂൺ അവസാനമോ ജൂലൈ ആദ്യമോ രണ്ട് ദിവസം കൊൽക്കത്തയിൽ ഉണ്ടായിരിക്കുമെന്ന് അറിയിച്ചു.അന്തരിച്ച പെലെയെയും ഡീഗോ മറഡോണയെയും കൊൽക്കത്തയിലേക്ക് കൊണ്ടുവരുന്നതിൽ നിർണായക പങ്കുവഹിച്ച സത്രദു ദത്ത, സന്ദർശനത്തിനുള്ള കരാർ വെള്ളിയാഴ്ച നടന്നതായി ലണ്ടനിൽ നിന്ന് പിടിഐയോട് പറഞ്ഞു.
“ജൂൺ 20-21 അല്ലെങ്കിൽ ജൂലൈ 1-3 എന്നിവയാണ് സന്ദർശനത്തിനുള്ള താൽക്കാലിക തീയതികൾ. എല്ലാം ഒപ്പിട്ടിട്ടുണ്ട്, ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ഞങ്ങൾ കൃത്യമായ തീയതികൾ തീരുമാനിക്കും. നാളെ, ഞങ്ങൾ ഒരു ചെറിയ ഫോട്ടോ ഷൂട്ട് നടത്തും, ”കൊൽക്കത്ത ആസ്ഥാനമായുള്ള സ്പോർട്സ് പ്രൊമോട്ടറും ബിസിനസ് കൺസൾട്ടന്റുമായ ദത്ത പറഞ്ഞു.“വളരെ പരിശ്രമത്തിന് ശേഷം ജൂൺ അവസാനം മാർട്ടിനെസ് കൊൽക്കത്ത സന്ദർശിക്കുമെന്നതിൽ എനിക്ക് സന്തോഷമുണ്ട്. എല്ലാ അർജന്റീന ആരാധകരും ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ, ഇത് സിറ്റി ഓഫ് ജോയ്ക്ക് പ്രത്യേകമായ ഒന്നായിരിക്കും” അദ്ദേഹം കൂട്ടിച്ചേർത്തു.
ലയണൽ മെസ്സിയുടെ ക്യാപ്റ്റൻസിയിൽ 2022ൽ ദോഹയിൽ നടന്ന അർജന്റീനയുടെ ലോകകപ്പ് വിജയത്തിൽ മാർട്ടിനെസ് പ്രധാന പങ്കുവഹിച്ചു.ക്വാർട്ടർ ഫൈനൽ മത്സരത്തിൽ നെതർലാൻഡിനെതിരെ രണ്ട് പെനാൽറ്റി ഷോട്ടുകൾ രക്ഷിച്ച അദ്ദേഹം ഫൈനലിൽ ഫ്രാൻസിനെതിരെയും അത് ആവർത്തിച്ചു. ട്രോഫി ഉയർത്തിയതിന് ശേഷമുള്ള ആഘോഷത്തിന്റെ രീതിയും ഫ്രാൻസ് താരം കൈലൻ എംബാപ്പെയെ പരിഹസിച്ച രീതിയും മൂലം എമി വലിയ വിവാദത്തിൽ അകപ്പെടുകയും ചെയ്തു.
നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലയ്ക്കായി കളിക്കുന്ന 30 കാരനായ മാർട്ടിനെസ് ലോകകപ്പിലെ മികച്ച ഗോൾകീപ്പറായി തിരഞ്ഞെടുക്കപ്പെട്ടു. 2021-ലെ കോപ്പ അമേരിക്കയിൽ മെസ്സിയുടെ കീഴിൽ അർജന്റീന കിരീടം നേടിയപ്പോഴും ഗോൾ കീപ്പർ മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്.