” ഈ സീസണിൽ ആഴ്‌സണൽ വിജയങ്ങളിലെ ഹൃദയ ഭാഗത്ത് സ്മിത്ത് റോവുമുണ്ട്”

മുൻ സീസണുകളെ അപേക്ഷിച്ച പ്രീമിയർ ലീഗിൽ മികച്ച പ്രകടനമാണ് അർട്ടെറ്റയുടെ ആഴ്‌സണൽ നടത്തികൊണ്ടിരിക്കുന്നത്. ആഴ്‌സനലിന്റെ ഈ കുതിപ്പിന് പിന്നിൽ ഒരു 21 കാരന്റെ ബൂട്ടുകൾ പ്രവർത്തിച്ചിരുന്നു. എമിൽ സ്മിത്ത് റോവ് എന്ന ഇംഗ്ലീഷ് പ്ലേമേക്കറുടേതാണത്. ക്ലബ്ബിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ എമിൽ സ്മിത് റോ കരിയറിൽ ആദ്യമായി ഇംഗ്ലീഷ് സീനിയർ ടീമിൽ ഇടം പിടിച്ചു. ഇംഗ്ലണ്ട് യൂത്ത് ടീമുകളുടെ സ്ഥിരസാന്നിധ്യമായ സ്മിത് റോക്ക് ഇത് അർഹിച്ച അംഗീകാരം ആണ്.

ആഴ്‌സണലിന് ആയി സീസണിൽ മിന്നും ഫോമിലാണ് 21 കാരനായ താരം. സീസണിൽ ഇത് വരെ 5 ഗോളുകളും 2 അസിസ്റ്റുകളും ആണ് ലീഗിൽ മാത്രം സ്മിത് റോ നേടിയത്. കഴിഞ്ഞ 3 പ്രീമിയർ ലീഗ്‌ മത്സരങ്ങളിൽ തുടർച്ചയായി ഗോളുകൾ നേടാനും താരത്തിന് ആയി. വാറ്റ്‌ഫോർഡിനെതിരായി നേടിയ ഗോളോടെ തുടർച്ചയായ മൂന്ന് പ്രീമിയർ ലീഗ് ഗെയിമുകളിൽ ഗണ്ണേഴ്‌സിനായി സ്‌കോർ ചെയ്യുന്ന 21 വയസോ അതിൽ താഴെയോ പ്രായമുള്ള നാലാമത്തെ കളിക്കാരനായി അദ്ദേഹം മാറി.നിക്കോളാസ് അനൽക്ക, ജോസ് അന്റോണിയോ റെയ്സ്, സെസ്ക് ഫാബ്രിഗാസ് എന്നിവരാണ് മുൻ സ്കോറർമാർ.

തന്റെ അവസാന മൂന്ന് ലീഗ് മത്സരങ്ങളിൽ, ആസ്റ്റൺ വില്ല, ലെസ്റ്റർ സിറ്റി, വാറ്റ്‌ഫോർഡ് എന്നിവയ്‌ക്കെതിരെ സ്മിത്ത് റോവ് ഗോൾ കണ്ടെത്തി. ആഴ്‌സനലിനെ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്കുയർത്തുന്നതിൽ സ്മിത്ത് റോവിന്റെ സംഭാവനകൾ വലുതായിരുന്നു. മൈക്കൽ അർട്ടെറ്റയുടെ ടീം ഇപ്പോൾ എല്ലാ മത്സരങ്ങളിലും തോൽവിയറിയാതെ 10 മത്സരങ്ങൾ കളിച്ചിട്ടുണ്ട്, ആ വിജയത്തിന്റെ ഹൃദയഭാഗത്ത് സ്മിത്ത് റോവുമുണ്ട്. നിലവിൽ ഇംഗ്ലണ്ട് ടീമിൽ ഇടം പിടിച്ച യുവ മുന്നേറ്റ നിരക്കാരിൽ ഏറ്റവും കൂടുതൽ ഫോമുള്ള താരമാണ് സ്മിത്ത് റോവ് .സെപ്തംബർ ആരംഭം മുതൽ സ്മിത്ത് റോവിനോളം നേരിട്ടുള്ള പ്രീമിയർ ലീഗ് ഗോൾ പങ്കാളിത്തം ഒരു ഇംഗ്ലീഷ് കളിക്കാരനും ഇല്ല. നാല് ഗോളുകൾ 21 കാരൻ നേടിയപ്പോൾ രണ്ടു ഗോളുകൾക്ക് അവസരം ഒരുക്കി.

സ്മിത്ത് റോവിന്റെ ഇംഗ്ലീഷ് ടീമിൽ നിന്നുള്ള തുടർച്ചയായ ഒഴിവാക്കലിൽ എല്ലാവരും അത്ഭുതപെട്ടിരുന്നു . പ്രത്യേകിച്ചും മാർക്കസ് റാഷ്‌ഫോർഡും റഹീം സ്റ്റെർലിംഗും അവരുടെ ക്ലബ്ബുകളിൽ സ്ഥിരം തുടക്കക്കാരല്ലെങ്കിലും ടീമിൽ ഇടം നേടി.ശാരീരിക ക്ഷമത പൂർണമായും കൈവരിക്കാത്ത മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മാർക്കോസ് റാഷ്ഫോർഡ്, ചെൽസിയുടെ മേസൻ മൗണ്ട്, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ലൂക് ഷാ, അസുഖം കാരണം സൗതാപ്റ്റണിന്റെ ജെയിംസ് വാർഡ് പ്രോസ് എന്നിവർ ഇംഗ്ലീഷ് ടീമിൽ നിന്നു പിന്മാറിയിട്ടുണ്ട്. നേരത്തെ സ്മിത് റോ അടക്കമുള്ള താരങ്ങൾക്ക് ഇംഗ്ലീഷ് ടീമിൽ ഇടം ലഭിക്കാത്തതിൽ ഇയാൻ റൈറ്റ് അടക്കമുള്ള പ്രമുഖർ വിമർശനം ഉന്നയിച്ചിരുന്നു. ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ അൽബാനിയ, സാൻ മറീനോ ടീമുകളെ ആണ് ഇംഗ്ലണ്ട് വരും മത്സരങ്ങളിൽ നേരിടുക.

Rate this post