എന്നും മാൻ ഓഫ് ദി മാച്ച് നേടുന്നത് നിർത്തൂ, പാവങ്ങൾക്ക് എന്തെങ്കിലും ബാക്കി വെക്കൂ: മെസ്സിയോട് പറഞ്ഞതായി എമിലിയാനോ മാർട്ടിനസ്.

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ അർജന്റീന നാഷണൽ ടീമിനെ കിരീടത്തിലേക്ക് നയിച്ചത് ലയണൽ മെസ്സി തന്നെയാണ്.നായകൻ എന്ന നിലയിൽ തന്റെ റോൾ വളരെ ഭംഗിയായി മെസ്സി പൂർത്തിയാക്കി.പലതവണ അർജന്റീനയെ രക്ഷിച്ചെടുത്തത് മെസ്സിയാണ്.പ്രത്യേകിച്ച് മെക്സിക്കോക്കെതിരെ മെസ്സി അവതരിച്ചില്ലായിരുന്നുവെങ്കിൽ ഇന്ന് കാണുന്ന ഈ നേട്ടങ്ങൾ ഒന്നും ഉണ്ടാകുമായിരുന്നില്ല.

വേൾഡ് കപ്പിൽ ആകെ 7 മത്സരങ്ങളാണ് അർജന്റീന കളിച്ചത്.ആദ്യ മത്സരത്തിൽ പരാജയപ്പെട്ടതിനു ശേഷം ബാക്കിയുള്ള മത്സരങ്ങളിൽ എല്ലാം വിജയിക്കാൻ അർജന്റീനക്ക് സാധിച്ചു.ഈ ഏഴ് മത്സരങ്ങളിലെ അഞ്ച് മത്സരങ്ങളിലും മാൻ ഓഫ് ദി മാച്ച് പുരസ്കാരം നേടിയത് ലയണൽ മെസ്സിയാണ്.ഫൈനൽ മത്സരത്തിലും മെസ്സി തന്നെയായിരുന്നു കരസ്ഥമാക്കിയിരുന്നത്.

ഇതുമായി ബന്ധപ്പെട്ട ഒരു രസകരമായ കാര്യം ഇപ്പോൾ അർജന്റീന ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസ് പങ്കുവെച്ചിട്ടുണ്ട്.അതായത് ക്രൊയേഷ്യക്കെതിരെയുള്ള മത്സരത്തിന് ശേഷം മാൻ ഓഫ് ദി മാച്ച് പുരസ്കാരങ്ങൾ ഇങ്ങനെ വാരിക്കൂട്ടുന്നത് അവസാനിപ്പിക്കണമെന്ന് താൻ മെസ്സിയോട് ആവശ്യപ്പെട്ടു എന്നാണ് എമി പറഞ്ഞത്.പാവങ്ങൾക്ക് എന്തെങ്കിലും ബാക്കി വെക്കൂ എന്ന് മെസ്സിയോട് പറഞ്ഞുവെന്നും എമി കൂട്ടിച്ചേർത്തിട്ടുണ്ട്.ESPNന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഈ ഗോൾകീപ്പർ.

‘ലയണൽ മെസ്സി ഞങ്ങളെ എല്ലാ മത്സരത്തിലും വളരെയധികം സഹായിച്ചിരുന്നു. തുടർച്ചയായി മാൻ ഓഫ് ദി മാച്ച് പുരസ്കാരങ്ങൾ അദ്ദേഹം തേടുന്നത് കണ്ടപ്പോൾ അത് അവസാനിപ്പിക്കാൻ ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. പാവങ്ങൾക്ക് വേണ്ടി എന്തെങ്കിലും ബാക്കി വെക്കു എന്നാണ് മെസ്സിയോട് ഞാൻ പറഞ്ഞത്.വളരെ നല്ല നിലയിലാണ് മെസ്സിയെ ഞങ്ങൾക്ക് ലഭിച്ചത്.ഖത്തർ വേൾഡ് കപ്പ് അദ്ദേഹത്തിന്റെ അവസാനത്തെ വേൾഡ് കപ്പ് ആവില്ല എന്നാണ് ഞാൻ കരുതുന്നത്.നാഷണൽ ടീമിനോടൊപ്പം കിരീടങ്ങൾ നേടാൻ മെസ്സിക്ക് ബുദ്ധിമുട്ടേണ്ടി വന്നിട്ടുണ്ട്.പക്ഷേ മൂന്ന് കിരീടങ്ങൾ ഇപ്പോൾ അടുപ്പിച്ച് ഞങ്ങൾ സ്വന്തമാക്കി.ഞങ്ങൾ ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട് ‘എമി മാർട്ടിനസ് പറഞ്ഞു.

അർജന്റീനയുടെ ദേശീയ ടീമിൽ ഇനിയും കുറച്ചുകാലം മെസ്സിയെ ആരാധകർക്ക് കാണാൻ കഴിയും.2024ലെ കോപ്പ അമേരിക്കയാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടത്. അതിനുശേഷം രണ്ടുവർഷം കഴിഞ്ഞ് നടക്കുന്ന 2026 വേൾഡ് കപ്പിൽ മെസ്സി ഉണ്ടാകുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Rate this post
Lionel Messi