ഇനി യൂറോപ്യൻ കിരീടമുയർത്താൻ എമിലിയാനോ മാർട്ടിനസ്, ഓഫറുകളുമായി വമ്പൻമാർ

ആസ്റ്റൺ വില്ല ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസിന്റെ വളർച്ച അതിവേഗത്തിലായിരുന്നു. ഇരുപത്തിയേഴാം വയസു വരെ വിവിധ ക്ലബുകൾക്കായി ലോണിലും അല്ലാതെയും കളിച്ച താരത്തിന് തന്റെ കഴിവ് തെളിയിക്കാനുള്ള അവസരം ലഭിച്ചത് ആഴ്‌സണൽ കീപ്പർ ലെനോക്ക് പരിക്ക് പറ്റിയതോടെയാണ്. 2020ൽ ടീമിന്റെ പ്രധാന ഗോൾകീപ്പർ സ്ഥാനം ലഭിച്ച താരം ഗംഭീര പ്രകടനമാണ് ഗോൾവലക്ക് കീഴിൽ നടത്തിയിരുന്നത്.

മികച്ച പ്രകടനം നടത്തിയെങ്കിലും ലെനോ വന്നതോടെ ആഴ്‌സണലിൽ അവസരങ്ങൾ കുറഞ്ഞ താരം ക്ലബ് വിടാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് ആസ്റ്റൺ വില്ലയിലേക്ക് ചേക്കേറിയ താരം അവിടെയും മികച്ച പ്രകടനം തുടർന്നതോടെ അർജന്റീനയുടെ പ്രധാന ഗോൾകീപ്പറായി. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലാത്ത താരം മൂന്നു കിരീടങ്ങൾ സ്വന്തമാക്കാൻ ടീമിനെ സഹായിച്ച് ഇപ്പോൾ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിൽ ഒരാളായി നിൽക്കുന്നു.

ആസ്റ്റൺ വില്ലക്കായി മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും ഈ സീസണിനപ്പുറം എമിലിയാനോ മാർട്ടിനസ് ക്ലബിനൊപ്പം ഉണ്ടാകാൻ ഒരു സാധ്യതയുമില്ല. യൂറോപ്യൻ മത്സരങ്ങളിൽ കളിക്കാനും കിരീടത്തിനായി പൊരുതാനും താൽപര്യമുള്ള താരം വരുന്ന സമ്മറിൽ മറ്റൊരു ടീമിലേക്ക് ചേക്കേറാനുള്ള തയ്യാറെടുപ്പിലാണ്. നിരവധി ഓഫറുകൾ താരത്തിന്റെ മുന്നിലേക്ക് വന്നിട്ടുമുണ്ടെന്ന് ടൈക് സ്പോർട്ട് വെളിപ്പെടുത്തുന്നു.

റിപ്പോർട്ടുകൾ പ്രകാരം മാഞ്ചസ്റ്റർ യുണൈറ്റഡ്, ടോട്ടനം ഹോസ്‌പർ, ചെൽസി എന്നീ ക്ലബുകളാണ് താരത്തിനായി രംഗത്തുള്ളത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഡി ഗിയക്ക് പകരക്കാരനായും ടോട്ടനം ഹോസ്‌പർ ഹ്യൂഗോ ലോറിസിന് പകരക്കാരനായുമാണ് മാർട്ടിനസിനെ നോട്ടമിടുന്നത്. ഈ രണ്ടു ക്ലബുകളെയുമാണ് എമിലിയാനോ മാർട്ടിനസ് പരിഗണിക്കാൻ കൂടുതൽ സാധ്യതയുള്ളത്.

ആസ്റ്റൺ വില്ലയിൽ തന്നെ മികച്ച പ്രകടനം നടത്തുന്ന എമിലിയാനോ മാർട്ടിനസ് എല്ലാ പൊസിഷനിലും മികച്ച താരങ്ങളുള്ള ഏതെങ്കിലും വമ്പൻ ക്ലബ്ബിലേക്ക് ചേക്കേറുകയാണെങ്കിൽ ഇതിലും മികച്ച പ്രകടനം നടത്തുമെന്ന കാര്യത്തിൽ സംശയമില്ല. ഗോൾപോസ്റ്റിനു മുന്നിൽ ആത്മവിശ്വാസത്തോടെ നിൽക്കുന്ന താരം ഏതൊരു ടീമിനും വലിയൊരു മുതൽക്കൂട്ടു തന്നെയാണ്.

Rate this post