തകർപ്പൻ ഫോമിൽ കളിക്കുന്ന അർജന്റീനയെ വേണ്ട, ബ്രസീലിനെതിരെ കളിക്കാൻ ഒരുങ്ങി ഇംഗ്ലണ്ട്

യൂറോപ്പിലെ വമ്പൻമാരായ ഇംഗ്ലണ്ടുമായി വെമ്പ്ളിയിൽ അർജന്റീന സൗഹൃദം മത്സരം കളിക്കുമെന്ന് നേരത്തെ ഉറപ്പിച്ചിരുന്നു, എന്നാൽ ഇപ്പോൾ ആരാധകർക്ക് നിരാശ നൽകുന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.

അർജന്റീനക്കെതിരെ ഇംഗ്ലണ്ട് ടീം കളിക്കില്ല,പകരം ബ്രസീലിനെതിരെ കളിക്കാനാണ് ഇംഗ്ലണ്ട് ടീം ഒരുങ്ങുന്നത്. ലോകകപ്പ് ചാമ്പ്യന്മാരായ അർജന്റീന മിന്നും ഫോമിലാണ്, ബ്രസീലാവട്ടെ ഈയടുത്ത് അവരുടെ പ്രതാപത്തിനടുത്ത് പോലും എത്താൻ സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ ഇംഗ്ലണ്ടിന് ബ്രസീലിനെതിരെ കളിക്കാൻ കൂടുതൽ എളുപ്പമാവും എന്ന് ആരാധകരും വിശ്വസിക്കുന്നു.

പക്ഷേ ആരാധകർ മറ്റൊരു മത്സരം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ലോകകപ്പ് യോഗ്യത മത്സരത്തിൽ സൂപ്പർ ക്ലാസിക് മത്സരം അരങ്ങേറുകയാണ്. ഈ മാസം ഇരുപത്തിരണ്ടാം തീയതിയാണ് ബ്രസീൽ vs അർജന്റീന പോരാട്ടം. ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ സൗദി അറേബ്യക്കെതിരെ തോറ്റെങ്കിലും പിന്നീട് ഇതുവരെ ഒരൊറ്റ മത്സരം പോലും അർജന്റീന തോറ്റിട്ടില്ല. ലോകകപ്പ് ഫൈനലിനു ശേഷം ഇതുവരെ ഒരു ഗോൾ പോലും വഴങ്ങിയിട്ടുമില്ല അർജന്റീന. പക്ഷേ ബ്രസീലിൽ എത്തുമ്പോൾ കളി മാറും എന്നാണ് കാനറി പടയുടെ ആരാധകർ പ്രതീക്ഷിക്കുന്നത്.

അടുത്തവർഷം മാർച്ചിലാണ് ബ്രസീൽ-ഇംഗ്ലണ്ട് പോരാട്ടം നടക്കുക. 2017 ലാണ് ഇരു ടീമുകളും ഇതിനു മുൻപ് പരസ്പരം ഏറ്റുമുട്ടിയത്. അന്ന് ഗോൾ രഹിത സമനിലയായിരുന്നു ഫലം. അടുത്ത മാർച്ചിൽ തന്നെ ബ്രസീൽ സ്പെയിനിനെതിരെയും സൗഹൃദ മത്സരം കളിക്കും. റയൽ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ട് ആയ ബർണാബ്യുവിലായിരിക്കും മത്സരം നടക്കുക എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.