“കീഴടങ്ങാൻ ഒരുക്കമല്ല ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീട പോരാട്ടം തുടരും “

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കിരീട ജേതാക്കളെ തീരുമാനിക്കാൻ ആദ്യ രണ്ട് സ്ഥാനക്കാർ നേർക്കുനേർ വന്ന മത്സരം ആവേശകരമായ സമനിലയിൽ പിരിഞ്ഞു‌. എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ലിവർപൂളും മാഞ്ചസ്റ്റർ സിറ്റിയും രണ്ടു ഗോൾ വീതം നേടിയാണ് സമനിലയിൽ പിരിഞ്ഞത്.

മാഞ്ചസ്റ്റർ സിറ്റിയുടെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. അഞ്ചാം മിനുട്ടിൽ തന്നെ സിറ്റിക്ക് ഗോൾ നേടാനുള്ള ആദ്യ അവസരം ലഭിക്കുകയും ചെയ്തു. മികച്ചൊരു പാസ്സ് ലഭിച്ചതിനു ശേഷം റഹീം സ്റ്റെർലിംഗിന് ബോക്സിനുള്ളിൽ മികച്ചൊരു ഷോട്ട് ഉതിർക്കാനുള്ള സമയവും സ്ഥലവും ലഭിച്ചെങ്കിലും അദ്ദേഹത്തിന്റെ ഷോട്ട് അലിസൺ സുഖകരമായി രക്ഷപ്പെടുത്തി. എന്നാൽ തൊട്ടടുത്ത മിനുട്ടിൽ തന്നെ സിറ്റി മുന്നിലെത്തി. ബെർണാഡോ സിൽവ കൊടുത്ത മികച്ചൊരു പാസിൽ നിന്നും കെവിൻ ഡി ബ്രൂയ്നെ ബോക്സിനു പുറത്ത് നിന്നും തൊടുത്തു വിട്ട ഇടം കാലൻ ഷോട്ട് അലിസനെ കീഴ്പെടുത്തി വലയിൽ കയറി സിറ്റിക്ക് ലീഡ് നേടിക്കൊടുത്തു.

13 മ മിനുട്ടിൽ മികച്ചൊരു ടീം ഗോളിലൂടെ ലിവർപൂൾ സമനില നേടി.അലക്‌സാണ്ടർ-അർനോൾഡ് നൽകിയ മികച്ചൊരു പാസ് ബോക്സിൽ മാർക്ക് ചെയ്യപെടാതിരുന്ന ജോട്ട എഡേഴ്‌സണെ മറികടന്ന് ഗോളാക്കി മാറ്റി. 30 ആം മിനുട്ടിൽ ജോവോ കാൻസെലോയുടെ മനോഹരമായ പാസിൽ നിന്നും ബോക്‌സിനുള്ളിൽ നിന്ന് കെവിൻ ഡി ബ്രൂയ്ൻ തൊടുത്ത ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്തേക്ക് പോയി. എന്നാൽ 36 ആം മിനുട്ടിൽ സിറ്റി ലീഡ് നേടി. ബ്രസീലിയൻ സ്‌ട്രൈക്കർ ഗബ്രിയേൽ ജീസസാണ് ഗോൾ നേടിയത്. 2021 സെപ്റ്റംബറിന് ശേഷം താരത്തിന്റെ ആദ്യ ഗോളായിരുന്നു ഇത്.

ഒരു ഗോളിന്റെ കടവുമായി ഇറങ്ങിയ ലിവർപൂൾ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ സമനില പിടിച്ചു.മുഹമ്മദ് സലായുടെ കൃത്യമായ പാസ് ബോക്സിനുള്ളിൽ നിന്നും സ്വീകരിച്ച സാദിയോ മാനെ മനോഹരമായി വലയിലെത്തിച്ചു സ്കോർ 2 -2 ആക്കി മാറ്റി. 61 ആം മിനുട്ടിൽ ജീസസിന്റെ മികച്ചൊരു ഗോൾ ശ്രമം ലക്ഷ്യത്തിലെത്തിയില്ല. 63 ആം മിനുട്ടിൽ റഹീം സ്റ്റെർലിങ് സിറ്റിയെ മുന്നിലെത്തിച്ചെങ്കിലും ഓഫ്‌സൈഡ് കാരണം ഗോൾ അനുവദിച്ചില്ല. മത്സരം അവസാന 20 മിനുട്ടിലേക്ക് കടന്നതോടെ ഇരു ടീമുകളും കൂടുതൽ മുന്നേറി കളിച്ചു.

90 ആം മിനുട്ടിൽ റിയാദ് മഹ്‌റസിന്റെ ഫ്രീകിക്ക് പോസ്റ്റിൽ തട്ടി മടങ്ങി പോവുകയും ചെയ്തു.ഫൈനൽ വിസിൽ വന്നപ്പോൾ രണ്ട് ടീമുകളും കളി ആരംഭിച്ചപ്പോൾ ഉള്ളത് പോലെ 1 പോയിന്റിന്റെ മാത്രം വ്യത്യാസത്തിൽ നിൽക്കുന്നു. മാഞ്ചസ്റ്റർ സിറ്റിക്ക് 74 പോയിന്റും ലിവർപൂളിന് 73 പോയിന്റും ആണുള്ളത്. ഇനി 7 മത്സരങ്ങൾ മാത്രമെ ലീഗിൽ ബാക്കിയുള്ളൂ‌

Rate this post