എൻസോ ഫെർണാണ്ടസ് മികച്ച താരമാണെങ്കിലും നേരിടാൻ പേടിയില്ല, പ്രീമിയർ ലീഗ് പരിശീലകൻ പറയുന്നു

ജനുവരി ട്രാൻസ്‌ഫർ ജാലകത്തിന്റെ അവസാനത്തെ ദിവസമാണ് ബെൻഫിക്കയിൽ നിന്നും എൻസോ ഫെർണാണ്ടസിനെ ചെൽസി സ്വന്തമാക്കിയത്. ഇത്തവണ ലോകകപ്പിൽ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയ എൻസോക്കായി ബ്രിട്ടീഷ് ട്രാൻസ്‌ഫർ റെക്കോർഡ് തകർക്കുന്ന തുകയും ചെൽസി നൽകി. അതിനു ശേഷം കളിച്ച ആദ്യത്തെ മത്സരത്തിൽ തന്നെ വളരെ മികച്ച പ്രകടനമാണ് എൻസോ നടത്തിയത്.

അടുത്ത മത്സരത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെ നേരിടാനൊരുങ്ങുമ്പോൾ എൻസോക്ക് നേരിടേണ്ടത് പ്രീമിയർ ലീഗിലെ തന്നെ ഏറ്റവും മികച്ച ഡിഫെൻസിവ് മിഡ്‌ഫീൽഡർമാരിൽ ഒരാളായ ഡെക്ലൻ റൈസിനെയാണ്. കഴിഞ്ഞ ദിവസം അതേക്കുറിച്ച് സംസാരിച്ച വെസ്റ്റ് ഹാം പരിശീലകൻ മോയസ് എൻസോയെ പ്രശംസിച്ചെങ്കിലും താരത്തെ നേരിടാൻ റൈസിന് യാതൊരു ആശങ്കയുമില്ലെന്നും വ്യക്തമാക്കി.

“ഡെക്ലൻ റൈസിനെതിരെ കളിക്കാനിറങ്ങുമ്പോൾ എൻസോക്കും അതേക്കുറിച്ച് ആശങ്കയുണ്ടായിരിക്കും. ഡെക്ലൻ അവന്റെ ഫുട്ബോൾ ഇഷ്‌ടപ്പെടുന്നു. ഞങ്ങൾ എല്ലാ മികച്ച കളിക്കാരെയും കാണാറുണ്ട്, അവരെക്കുറിച്ച് സംസാരിക്കാറുണ്ട്. എൻസോ ഫെർണാണ്ടസ് വളരെ മികച്ചൊരു താരമാണ്. ലോകകപ്പിൽ താരം അത് തെളിയിച്ചു കാണിക്കുകയും ചെയ്‌തു.” ഡേവിഡ് മോയെസ് പറഞ്ഞു.

“ബെൻഫിക്കയിൽ ഉള്ളപ്പോൾ തന്നെ എനിക്ക് താരത്തെ അറിയാമായിരുന്നു. നവംബറിൽ ബെൻഫിക്ക പരിശീലകനോട് ഞാൻ എൻസോയെ കുറിച്ച് ചോദിച്ചിരുന്നു. അദ്ദേഹം വളരെ മികച്ച വാക്കുകളാണ് താരത്തെക്കുറിച്ച് നൽകിയത്. അതുകൊണ്ടു തന്നെ താരം നോട്ടപ്പുള്ളിയാകുമെന്ന് അറിയാമായിരുന്നു. ലോകകപ്പിൽ താരം എന്തിനാണ് കഴിയുകയെന്നു കാണിച്ചു തന്നു. താരത്തെക്കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾ കളിക്കാർക്ക് നൽകിയിട്ടുണ്ട്.” അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രീമിയർ ലീഗിലെ നിരവധി ക്ലബുകൾ നോട്ടമിട്ടിട്ടുള്ള താരമാണ് റൈസ്. നിലവിൽ എൻസോ ഫെർണാണ്ടസാണ് ബ്രിട്ടനിലെ ഏറ്റവുമുയർന്ന ട്രാൻസ്‌ഫർ ഫീസിന്റെ റെക്കോർഡ് സ്വന്തമാക്കിയതെങ്കിലും റൈസിന്റെ ട്രാൻസ്‌ഫർ നടന്നാൽ ആ റെക്കോർഡ് ഭേദിക്കപ്പെടുമെന്നാണ് മോയസ് പറയുന്നത്. എന്തായാലും രണ്ടു താരങ്ങളും തമ്മിലുള്ള പോരാട്ടം കാണാനാണ് ആരാധകർ കാത്തിരിക്കുന്നത്.