ആഴ്‌സനലിനെ അടിച്ചു പെട്ടിയിലാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്, ഓൾഡ് ട്രാഫൊഡിലെ യുണൈറ്റഡ് ഷോ |Manchester United

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായ നാലാമത്തെ ജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്ന് ഓൾഡ്‌ട്രാഫൊഡിൽ നടന്ന കരുത്തന്മാരുടെ പോരാട്ടത്തിൽ ഒന്നാം സ്ഥാനത്തുള്ള ആഴ്സണലിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് യുണൈറ്റഡ് വിജയിച്ചത്. യൂണൈറ്റഡിനായി അരങ്ങേറ്റ താരം ആന്റണിയും ,മാർക്കസ്സ് റാഷ്‌ഫോഡുമാണ് ഗോളുകൾ നേടിയത്.ആദ്യ രണ്ടു മത്സരണങ്ങളിൽ ദയനീയ പരാജയം ഏറ്റുവാങ്ങിയ യൂണൈറ്റഡിന്റേയും പരിശീലകൻ എറിക് ടെൻ ഹാഗിന്റെയും തകർപ്പൻ തിരിച്ചു വരവാണ് നടത്തിയത്.

ആഴ്‌സനലിന്റെ മുന്നേറ്റങ്ങളോടെയാണ് ഇന്ന് മത്സരം ആരംഭിച്ചത്. ബ്രസീലിയൻ മുന്നേറ്റ നിര ജോഡികളായ മാർട്ടിനെല്ലിയും -ജീസസും യുണൈറ്റഡ് പ്രതിരോധ നിരക്ക് ഭീഷണി ഉയർത്തി കൊണ്ടിരുന്നു. 12 ആം മിനുട്ടിൽ ബുക്കായോ സാക്കയുടെ പാസിൽ നിന്നും ബോക്‌സിനുള്ളിൽ നിന്നും ഗബ്രിയേൽ മാർട്ടിനെല്ലിയെ ആഴ്സണലിനായി ഗോൾ നേടിയെങ്കിലും VAR അവലോകനത്തിൽ റഫറി ഗോൾ അനുവദിച്ചില്ല.ഗോൾ ബിൽഡ് അപ്പിൽ യുണൈറ്റഡ് മിഡ്ഫീൽഡർ എറിക്‌സനെ ആഴ്‌സണൽ താരം ഫൗൾ ചെയ്തതാണ് കാരണം.

ആഴ്‌സണൽ വീണ്ടും മുന്നേറ്റം തുടർന്ന് കൊണ്ടിരുന്നു. 29 മത്തെ മിനുട്ടിൽ ഒഡേഗാർഡ് കൊടുത്ത മികച്ചൊരു ക്രോസിൽ നിന്നും ഗബ്രിയേൽ മാർട്ടിനെല്ലിയുടെ അളന്നു മുറിച്ച ഹെഡ്ഡർ യുണൈറ്റഡ് കീപ്പർ തട്ടിയകറ്റി. 35 ആം മിനുട്ടിൽ മാർക്കസ് റാഷ്‌ഫോർഡ് കൊടുത്ത പാസിൽ നിന്നും മനോഹരമായ ഇടം കാൽ ഷോട്ടിലൂടോപ് ആന്റണി യുണൈറ്റഡിനെ മിന്നിലെത്തിച്ചു. പ്രീമിയർ ലീഗിൽ പ്രത്യക്ഷപ്പെടുന്ന 100-ാമത്തെ ബ്രസീലിയൻ താരമാണ് ആന്റണി.പ്രീമിയർ ലീഗിൽ അരങ്ങേറ്റത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബ്രസീലിയൻ കളിക്കാരനാണ് ആന്റണി (22y 192d).

രണ്ടാം പകുതിയിൽ ഗോൾ തിരിച്ചടിക്കണമെന്ന ഉദ്ദേശത്തോടെയാണ് ആഴ്‌സണൽ ഇറങ്ങിയത്. 51 ആം മിനുട്ടിൽ സമനില നേടാനുള്ള മികച്ച അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 57 ആം മിനുറ്റിൽ ഗോൾ സ്‌കോറർ ആന്റണിക്ക് പകരം സൂപ്പർ താരം റൊണാൾഡോയെ ഇറക്കി. രണ്ടാം പകുതിയിൽ പ്രസ് ചെയ്തതിന്റെ ഗുണം ആഴ്സണലിന്‌ 59 ആം മിനുട്ടിൽ ലഭിച്ചു. മിഡ്ഫീൽഡർ ഒഡേഗാർഡ് ബോക്സിലേക്ക് കൊടുത്ത പാസ് ഡാലോട്ട് ക്ലിയർ ചെയ്‌തെങ്കിലും സകയുടെ കാലിലാണ് എത്തിയത്. ഇംഗ്ലീഷ് യുവ താരം പിഴവ് കൂടാതെ പന്ത് വലയിലാക്കി ആഴ്സണലിനെ ഒപ്പമെത്തിച്ചു.

എന്നാൽ 65 ആം മിനുട്ടിൽ യുണൈറ്റഡ് തിരിച്ചടിച്ചു. സ്വന്തം പകുതിയിൽ നിന്നും പോർച്ചുഗീസ് താരം ബ്രൂണോ ഫെർണാണ്ടസ് കൊടുത്ത മനോഹരമായ പാസ് മികച്ചൊരു ഫിനിഷിംഗിലൂടെ മർക്കസ് റാഷ്‌ഫോർഡ് ആഴ്‌സണൽ വലയിലെത്തിച്ചു. 68 ആം മിനുട്ടിൽ ആഴ്‌സണൽ ഗോൾ കീപ്പറുടെ പിഴവിൽ നിന്നും യുണൈറ്റഡിന് ഗോൾ നേടാൻ അവസരം ലഭിച്ചെങ്കിലും ബ്രൂണോ ഫെർണാണ്ടസിന്റെ ഷോട്ട് കീപ്പർ തന്നെ തടുത്തിട്ടു. 74 ആം മിനുട്ടിൽ യുണൈറ്റഡ് മൂന്നാം ഗോൾ നേടി, റൊണാഡോ തുടക്കമിട്ട മുന്നേറ്റത്തിൽ നിന്നും എറിക്‌സൺ കൊടുത്ത പാസ് റാഷ്‌ഫോർഡ് വലയിലാക്കി സ്കോർ 3 -1 ആക്കി മാറ്റി.

അവസാന മിനിറ്റുകളിൽ ആഴ്‌സണൽ ഗോൾ തിരിച്ചടിക്കാൻ കഠിന ശ്രമം നടത്തിയെങ്കിലും യുണൈറ്റഡ് പ്രതിരോധം തകർക്കാൻ സാധിച്ചില്ല. ജയത്തോടെ യുണൈറ്റഡ് പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. ആറു മത്സരങ്ങളിൽ നിന്നും 12 പോയിന്റാണ് യൂണൈറ്റഡിനുള്ളത്.