ആഴ്സനൽ എട്ടു മികച്ച ടീമുകളിലൊന്നു പോലുമല്ലായിരുന്നു, പ്രീമിയർ ലീഗിൽ എല്ലാവരെയും ഭയക്കണമെന്ന് ക്ലോപ്പ്

ഇത്തവണത്തെ പ്രീമിയർ ലീഗിൽ അതിശക്തമായ പോരാട്ടമാണു നടക്കാൻ പോകുന്നതെന്നും ഏതെങ്കിലും രണ്ടു ടീമുകൾ തമ്മിലുള്ള മത്സരമല്ലെന്നും ലിവർപൂൾ പരിശീലകൻ യർഗൻ ക്ലോപ്പ്. ആഴ്സനലിനെതിരെ നടക്കാനിരിക്കുന്ന പ്രീമിയർ ലീഗ് മത്സരത്തിനു മുൻപ് മാധ്യമങ്ങളോടു സംസാരിക്കുമ്പോഴാണ് കഴിഞ്ഞ സീസണിലെ ആധിപത്യം ഉറപ്പിക്കാനാവില്ലെന്ന് ജർമൻ പരിശീലകൻ വ്യക്തമാക്കിയത്.

കഴിഞ്ഞ സീസണിൽ എട്ടാം സ്ഥാനത്താണ് ആഴ്സനൽ ഫിനിഷ് ചെയ്തത്. എന്നാൽ കമ്മ്യൂണിറ്റി ഷീൽഡ് മത്സരത്തിൽ അവർ ലിവർപൂളിനെ തോൽപിച്ചത് ക്ളോപ്പ് ചൂണ്ടിക്കാണിച്ചു. “ടീമിലെ പ്രശ്നങ്ങൾ പരിഹരിക്കാത്തതു കൊണ്ടാണ് കഴിഞ്ഞ സീസണിൽ എട്ടാം സ്ഥാനത്തെത്തിയത്. പ്രീമിയർ ലീഗിലെ എട്ടു മികച്ച ടീമുകളിൽ ഒന്നല്ലായിരുന്നു ഗണ്ണേഴ്സ്. എന്നാൽ ചാമ്പ്യൻസ് ലീഗിനു വരെ യോഗ്യത നേടാൻ അവർക്കു കഴിഞ്ഞേനെ.”

പ്രീമിയർ ലീഗിൽ ഏതു ടീം മുന്നേറുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്സനൽ, ചെൽസി, വോൾവ്സ് എന്നിങ്ങനെ കരുത്തരായ ടീമുകളുടെ നിര തന്നെ പ്രീമിയർ ലീഗിലുണ്ടെന്നും വളരെ തുറന്ന പോരാട്ടമാണു പ്രതീക്ഷിക്കുന്നതെന്നും ക്ലോപ്പ് വ്യക്തമാക്കി. വമ്പൻ ടീമുകൾക്ക് വെല്ലുവിളിയുയർത്താൻ കഴിയുന്ന മറ്റു ടീമുകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അർടേട്ടയുടെ ആഴ്സനലിനെതിരെ ആദ്യ വിജയമാണ് ലിവർപൂൾ നാളെ നടക്കുന്ന പോരാട്ടത്തിൽ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ രണ്ടു മത്സരത്തിലും ലിവർപൂൾ ആഴ്സനലിനോടു പരാജയമേറ്റു വാങ്ങിയിരുന്നു. ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ചാണ് രണ്ടു ടീമുകളും ഇറങ്ങുന്നത്.