ബാഴ്സയുടെ പ്രതീക്ഷകൾക്ക് ചിറക് മുളക്കുന്നു, നോട്ടമിട്ട സൂപ്പർ താരം കരാർ പുതുക്കാൻ വിസമ്മതിച്ചു.

ഈ കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ എഫ്സി ബാഴ്സലോണ ടീമിലെത്തിക്കാൻ വേണ്ടി പഠിച്ച പണി പതിനെട്ടും പയറ്റി നോക്കിയ താരമാണ് മാഞ്ചസ്റ്റർ സിറ്റിയുടെ ഡിഫൻഡർ എറിക് ഗാർഷ്യ. എന്നാൽ താരത്തെ സ്വന്തമാക്കാൻ ബാഴ്സക്ക് സാധിച്ചിരുന്നില്ല. പ്രധാനതടസ്സം ബാഴ്സയുടെ സാമ്പത്തികം തന്നെയായിരുന്നു. പക്ഷെ ഈ വരുന്ന ട്രാൻസ്ഫറുകളിൽ ബാഴ്സ ശ്രമം തുടരുമെന്ന് വ്യക്തമാണ്.

താരത്തിന് വേണ്ടി 13.6 മില്യൺ പൗണ് ബാഴ്സ ഓഫർ ചെയ്തിരുന്നുവെങ്കിലും സിറ്റി അത് തട്ടികളയുകയായിരുന്നു. 30 മില്യൺ പൗണ്ട് എങ്കിലും താരത്തിന് വേണ്ടി ലഭിക്കണം എന്നാണ് സിറ്റിയുടെ നിലപാട്. ഇതോടെ ഈ ട്രാൻസ്ഫർ നടക്കാതെയാവുകയായിരുന്നു. മുൻ ബാഴ്‌സ താരം കൂടിയായ എറിക് ഗാർഷ്യക്ക് തിരികെ വരാൻ ആഗ്രഹമുണ്ട്. താരത്തിന് ഇനി ഈ വർഷം കൂടിയേ സിറ്റിയിൽ കരാറൊള്ളൂ. പക്ഷെ താരത്തെ നിലനിർത്താൻ പരിശീലകൻ പെപ് ഗ്വാർഡിയോള ശ്രമങ്ങൾ നടത്തുന്നുണ്ടായിരുന്നു.എന്നാൽ അവസാനശ്രമവും ഫലം കാണാതെ പോയതായാണ് റിപ്പോർട്ടുകൾ.

ഇംഗ്ലീഷ് മാധ്യമമായ ഡെയിലി മെയിൽ ആണ് ഈ വാർത്തയുടെ ഉറവിടം. കരാർ പുതുക്കാൻ വേണ്ടി താരത്തെ കൺവിൻസ് ചെയ്യാൻ പെപ് ഗ്വാർഡിയോളക്ക് സാധിച്ചില്ല എന്നാണ് വാർത്തകൾ. ഇതോടെ താരത്തിന്റെ ലക്ഷ്യം ബാഴ്‌സ തന്നെയാണെന്ന് വ്യക്തമായിരിക്കുകയാണ്. അടുത്ത ട്രാൻസ്ഫറിൽ ഫ്രീ ഏജന്റ് ആവുന്ന താരം ബാഴ്സയിലേക്ക് തന്നെ ചേക്കേറാനാണ് പദ്ധതിയിട്ടിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ സംസാരിക്കുന്ന സമയത്ത് തന്നെ തനിക്ക് സിറ്റിയിൽ തുടരാൻ താല്പര്യമില്ല എന്ന് ഗാർഷ്യ വ്യക്തമാക്കിയിരുന്നു.

2017-ലായിരുന്നു ഈ ഡിഫൻഡർ ബാഴ്സയിൽ നിന്നും സിറ്റിയിൽ എത്തിയത്. അതിന് ശേഷം പത്തൊൻപതുകാരനായ താരം ഇരുപത്തിയെഴ് തവണ സിറ്റിക്ക് വേണ്ടി കളിച്ചിട്ടുണ്ട്. താരത്തിനെ എത്തിക്കാൻ കഴിഞ്ഞാൽ ബാഴ്‌സയുടെ ഡിഫന്റിങ്ങിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് ബാഴ്സ കരുതുന്നത്.

Rate this post