ഡിഫൻഡറെ വേണമെന്ന് കൂമാൻ, എറിക് ഗാർഷ്യയുടെ കാര്യത്തിൽ അന്തിമതീരുമാനം കൈക്കൊണ്ട് ബാഴ്സ.

ദിവസങ്ങൾക്ക് മുന്നേ നടന്ന പത്രസമ്മേളനത്തിലായിരുന്നു ബാഴ്‌സക്ക് രണ്ട് പൊസിഷനുകളിലേക്കാണ് പ്രധാനമായും താരങ്ങളെ ആവിശ്യമുള്ളതെന്ന് കൂമാൻ തുറന്നു പറഞ്ഞിരുന്നത്. സുവാരസ് ടീം വിട്ട സാഹചര്യത്തിൽ ഒരു സെന്റർ സ്‌ട്രൈക്കറെയും ഉംറ്റിറ്റിക്ക് പകരക്കാരൻ എന്ന രൂപത്തിൽ ഒരു സെന്റർ ഡിഫൻഡറെയും ആവിശ്യമാണ് എന്നാണ് കൂമാൻ അറിയിച്ചിരുന്നത്. എന്നാൽ ഈ ട്രാൻസ്ഫർ ജാലകത്തിൽ ഇനിയൊരു സൈനിങ്‌ ബാഴ്‌സക്ക് അസാധ്യമാണ് എന്നാണ് ഇപ്പോഴത്തെ കണ്ടെത്തൽ.

ഒക്ടോബർ അഞ്ചിനാണ് ട്രാൻസ്ഫർ വിൻഡോ ക്ലോസ് ചെയ്യുക. ബാഴ്സ പ്രതിരോധനിരയിലേക്ക് ഏറ്റവും കൂടുതൽ പരിഗണിച്ചിരുന്നത് മാഞ്ചസ്റ്റർ സിറ്റി താരം എറിക് ഗാർഷ്യയെയായിരുന്നു. എന്നാൽ താരത്തെ ഈ ട്രാൻസ്ഫറിൽ ലഭിക്കുമെന്നുള്ള പ്രതീക്ഷ ബാഴ്സ കൈവെടിഞ്ഞിരിക്കുന്നു. സ്പാനിഷ് മാധ്യമമായ മാർക്കയാണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം റഫീഞ്ഞയെ ഉൾപ്പെടുത്തി കൊണ്ട് ഒരു ഓഫർ ബാഴ്സ മുന്നോട്ട് വെച്ചിരുന്നു. എന്നാൽ അത് സിറ്റി തള്ളികളയുകയായിരുന്നു. സിറ്റി ആദ്യം ആവിശ്യപ്പെട്ടിരുന്ന മുപ്പതു മില്യൺ യൂറോ കുറച്ചിട്ടുണ്ടെങ്കിലും സാമ്പത്തികപ്രശ്നങ്ങൾ കാരണം ബാഴ്‌സക്ക് ഇരുപത് മില്യൺ പോലും നൽകാൻ കഴിയില്ല. ഇതോടെ ഈ സീസണിൽ താരത്തെ എത്തിക്കാനുള്ള പദ്ധതി ബാഴ്‌സ ഉപേക്ഷിച്ചു. മറിച്ച് അടുത്ത സീസണിൽ താരത്തെ ഫ്രീ ഏജന്റ് ആയി കൊണ്ട് ടീമിൽ എത്തിക്കാനാണ് ബാഴ്‌സ പദ്ധതി.

2021-ൽ സിറ്റിയുമായുള്ള താരത്തിന്റെ കരാർ അവസാനിക്കും. പുതുക്കാൻ താല്പര്യമില്ല എന്ന് എറിക് ഗാർഷ്യ മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നു. അത്കൊണ്ട് തന്നെ ഈ സീസണിൽ സിറ്റിയിൽ തുടർന്ന ശേഷം താരം അടുത്ത സീസണിൽ ബാഴ്സയിൽ എത്താനാണ് ചാൻസ്. 2017-ൽ ബാഴ്‌സയിൽ നിന്ന് തന്നെയാണ് ഗാർഷ്യ സിറ്റിയിൽ എത്തിയത്. ഫ്രീ ഏജന്റ് ആവുന്നതിന് മുമ്പ് കരാർ പുതുക്കാനുള്ള ശ്രമങ്ങളും സിറ്റി നടത്തിയേക്കും.