ഹെയർ സ്റ്റൈൽ മാറ്റാത്തതിന് തന്നെ ബെഞ്ചിലിരുത്തി; ടെൻ ഹാഗിനെതിരെയുള്ള വെളിപ്പെടുത്തൽ വീണ്ടും ചർച്ചയാകുന്നു

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം ജെഡൻ സാഞ്ചോ പരിശീലകൻ ടെൻ ഹാഗിനെതിരെ വിമർശനവുമായി രംഗത്ത് വന്നതിന് പിന്നാലെ രൂക്ഷ വിമർശനമാണ് ടെൻ ഹാഗിനെതിരെ ഉയരുന്നത്. ആർസനലുമായുള്ള മത്സരത്തിൽ എന്തുകൊണ്ട് സാഞ്ചോയെ ഉൾപ്പെടുത്തിയില്ല എന്ന ചോദ്യത്തിന് താരത്തിന്റെ പരിശീലന സെക്ഷനിലെ പ്രകടനം തൃപ്തികരമല്ലായിരുന്നു എന്നാണ് ടെൻ ഹാഗ് മറുപടി നൽകിയത്.

എന്നാൽ ഇതിന് തൊട്ടു പിന്നാലെ ടെൻഹാഗിന് മറുപടിയുമായി സാഞ്ചോയും രംഗത്തെത്തി. പരിശീലന സെക്ഷനിൽ താൻ മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്നും തന്നെ പുറത്തിരുത്താൻ മറ്റു പല കാരണങ്ങളുണ്ടെന്നും, ടീമിൽ താൻ ബലിയാട് ആവുകയാണ് എന്നതടക്കമുള്ള ഗുരുതരമായ കാര്യങ്ങളാണ് സാഞ്ചോ ടെൻ ഹാഗിന് മറുപടിയായി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ഇതിന് പിന്നാലെയാണ് മാഞ്ചസ്റ്റർ ആരാധകർ ടെൻ ഹാഗിനെതിരെ പ്രതിഷേധമുയർത്തി തുടങ്ങിയത്.

ഇപ്പോഴിതാ ടെൻ ഹാഗി നെതിരെ മുൻ അയാക്സ് താരം ഡേവിഡ് നെരസ് പറഞ്ഞ കാര്യങ്ങളും യുണൈറ്റഡ് ആരാധകർ ചർച്ചയാക്കുകയാണ്. തന്റെ ഹെയർ സ്റ്റൈൽ ഇഷ്ടപ്പെടാത്ത ടെൻ ഹാഗ് തന്നോട് ഹെയർ സ്റ്റൈൽ മാറ്റാൻ ആവശ്യപ്പെട്ടെന്നും എന്നാൽ അതിനു താൻ തയ്യാറാവാത്തതോടെ അടുത്ത രണ്ടു മത്സരങ്ങളിലും തന്നെ ബെഞ്ചിലിരുത്തി എന്നുമാണ് ഡേവിഡ് നെരസ് ഒരു വർഷം മുമ്പ് നടത്തിയ വെളിപ്പെടുത്തൽ. സാഞ്ചോയുടെ മറുപടിക്ക് പിന്നാലെ നെരസിന്റെ വാക്കുകളും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.

10 ഹാഗ് ക്രൂരനായ പരിശീലകനാണെന്നും കളിക്കാരുടെ പ്രകടനങ്ങൾ നോക്കിയല്ല, വ്യക്തിപരമായ മറ്റു കാരണങ്ങൾ നോക്കിയാണ് ടെൻ ഹാഗ് താരങ്ങളെ കളത്തിൽ ഇറക്കുന്നത് എന്ന ആരോപണവും ശക്തമാവുകയാണ്. ഇതിനോടകം ടെൻ ഹാഗ് ഔട്ട് എന്ന ഹാഷ്ടാഗും ട്വിറ്ററിൽ ട്രെൻഡിങ് ആയിരുന്നു.

3.2/5 - (5 votes)