റൊണാൾഡോക്ക് ചാമ്പ്യൻസ് ലീഗ് ഫുട്ബോളില്ല, രണ്ടു താരങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരുമെന്ന് എറിക് ടെൻ ഹാഗ്

മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുമെന്ന് സമ്മർ ട്രാൻസ്‌ഫർ ജാലകത്തിന്റെ തുടക്കം മുതൽ തന്നെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിനൊപ്പം തുടരുമെന്ന് പരിശീലകനായ എറിക് ടെൻ ഹാഗ് പറഞ്ഞു. നിലവാരമുള്ള താരങ്ങളെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആവശ്യമുണ്ടെന്നു പറഞ്ഞ അദ്ദേഹം തന്റെ പദ്ധതികളിൽ പോർച്ചുഗീസ് താരമുണ്ടെന്നും വ്യക്തമാക്കി. ക്രിസ്റ്റ്യാനോ റൊണാൾഡോക്കു പുറമെ ക്ലബ് വിടാൻ സാധ്യതയുണ്ടായിരുന്ന റൈറ്റ് ബാക്കായ ആരോൺ വാൻ ബിസാക്കയും മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരുമെന്ന് ടെൻ ഹാഗ് പറഞ്ഞു.

“തീർച്ചയായും അതു വളരെ വ്യക്തമായ കാര്യമാണ്.” ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് എറിക് ടെൻ ഹാഗ് മറുപടി നൽകി. “എനിക്ക് നിലവാരമുള്ള താരങ്ങളെയാണ് വേണ്ടതെന്നാണു പറഞ്ഞത്. എല്ലാ മത്സരങ്ങളും പൂർത്തീകരിക്കണമെങ്കിൽ അവരെ ആവശ്യമായി വരും, സ്ഥിരതയും തുടരണം, അതിനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.” എറിക് ടെൻ ഹാഗ് പറഞ്ഞു. ആരോൺ വാൻ ബിസാക്ക ക്ലബിനൊപ്പം തന്നെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ മാഞ്ചസ്റ്റർ യുണൈറ്റഡിനു നഷ്ടമായതിനെ തുടർന്നാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിടാനുള്ള ശ്രമം നടത്തിയിരുന്നത്. താരത്തിന്റെ ഏജന്റായ യോർഹെ മെൻഡസ്‌ നിരവധി ക്ലബുകൾക്ക് താരത്തിന്റെ സേവനം വാഗ്‌ദാനം ചെയ്‌തെങ്കിലും സാമ്പത്തിക പ്രശ്‌നങ്ങൾ കാരണവും ക്ലബിന്റെ പദ്ധതികളെ ബാധിക്കുമെന്നതു കൊണ്ടും അവരാരും റൊണാൾഡോയെ സ്വന്തമാക്കാനുള്ള അവസരം ഉപയോഗപ്പെടുത്തിയില്ല. ട്രാൻസ്‌ഫർ ജാലകത്തിന്റെ അവസാനം വരെയും താരം ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള ക്ലബ്ബിലേക്ക് ചേക്കേറാൻ ശ്രമം നടത്തിയെന്നാണ് റിപ്പോർട്ടുകൾ.

റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്നെ തുടരുകയാണെങ്കിൽ സീനിയർ കരിയറിൽ ആദ്യമായി താരം ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കളിക്കാതിരിക്കുന്ന സീസൺ ആയിരിക്കുമത്. സ്പോർട്ടിങ് ലിസ്ബണിൽ അരങ്ങേറ്റം നടത്തിയതു മുതൽ ചാമ്പ്യൻസ് ലീഗിലെ സ്ഥിരസാന്നിധ്യമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ചാമ്പ്യൻസ് ലീഗിൽ ഏറ്റവുമധികം ഗോളുകൾ നേടിയ താരമെന്നതടക്കം നിരവധി റെക്കോർഡുകളും സ്വന്തമായുള്ള താരം തുടർച്ചയായി മൂന്നു തവണ നേടിയതടക്കം അഞ്ചു കിരീടവും സ്വന്തമാക്കിയിട്ടുണ്ട്.