‘ചുവപ്പ് കാർഡ് നൽകണം’ : റഫറിക്കെതിരെ കടുത്ത വിമർശനവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ടെൻ ഹാഗ്

യുവേഫ യൂറോപ്പ ലീഗിൽ ബാഴ്‌സലോണയും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ ക്യാമ്പ് നൗവിൽ നടന്ന ആവേശകരമായ മത്സരം സമനിലയിൽ അവസാനിച്ചു. ഇരു ടീമുകളും രണ്ടു ഗോളുകൾ വീതമാണ് മത്സരത്തിൽ നേടിയത്.മത്സരത്തിന്റെ ഭൂരിഭാഗവും കളിയിൽ ആധിപത്യം പുലർത്തിയെങ്കിലും, ആദ്യ പകുതിയിൽ ടീമിന് ലഭിച്ച അവസരങ്ങൾ ഗോളാക്കി മാറ്റുന്നതിൽ പരാജയപ്പെട്ടതും സമനിലയിൽ തൃപ്തിപ്പെടേണ്ടി വന്നതും നിരാശപ്പെടുത്തിയെന്ന് യുണൈറ്റഡ് മാനേജർ ടെൻ ഹാഗ് അഭിപ്രായപ്പെട്ടു.

റഫറിയുടെ തീരുമാനത്തിൽ അതൃപ്തിയും പരിശീലകൻ അറിയിച്ചു.ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ 50-ാം മിനിറ്റിൽ മാർക്കോസ് അലോൻസോ ബാഴ്‌സലോണയ്ക്ക് ലീഡ് നൽകി. റാഫിൻഹയുടെ അസിസ്റ്റിൽ അലോൻസോ സ്കോർ ചെയ്തു. എന്നാൽ 2 മിനിറ്റിന് ശേഷം മാർക്കസ് റാഷ്ഫോർഡ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ മത്സരത്തിൽ ഒപ്പമെത്തിച്ചു.കളിയുടെ 59-ാം മിനിറ്റിൽ ബാഴ്‌സലോണ ഡിഫൻഡർ ജൂൾസ് കൗണ്ടെ സെൽഫ് ഗോൾ വഴങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡിന് വീണ്ടും ലീഡ് നൽകി. 76-ാം മിനിറ്റിൽ റാഫിൻഹ നൽകിയ ഒരു ക്രോസ് എല്ലാവരേയും ഒഴിവാക്കി വലയിൽ കയറിയതോടെ ബാഴ്സ സമനില പിടിച്ചു.

എന്നാൽ 64-ാം മിനിറ്റിൽ മാർക്കസ് റാഷ്‌ഫോർഡിനെ ബോക്സിൽ വീഴ്ത്തിയ ജൂൾസ് കൗണ്ടെയെ ഫൗൾ ചെയ്തപ്പോൾ റഫറിയെടുത്ത തീരുമാനത്തിൽ ടെൻ ഹാഗ് തന്റെ നിരാശ പ്രകടിപ്പിക്കുകയും ചെയ്തു.ആ ഫൗളിന് ചുവപ്പ് കാർഡ് നൽകണമെന്നും ടെൻ ഹാഗ് പറഞ്ഞു.കൂടാതെ ടച്ച്‌ലൈനിലെ പ്രതിഷേധത്തിന് പരിശീലകന് മഞ്ഞ കാർഡ് ലഭിക്കുകയും ചെയ്തു. ഫൗൾ ബോക്‌സിന്റെ ഉള്ളിൽ നിന്നാണോ പുറത്തു നിന്നാണോ എന്ന കാര്യം പിന്നീട് വരുന്നതാണെന്നും റെഡ് കാർഡ് അർഹിക്കുന്ന ഫൗളാണ് കൂണ്ടെ ചെയ്‌തതെന്നും അദ്ദേഹം വ്യക്തമാക്കി.

റഫറിമാർ കൃത്യമായ പൊസിഷനിൽ ആയിരുന്നിട്ടു കൂടി അത് നൽകാതിരുന്നത് തെറ്റാണെന്നും ടെൻ ഹാഗ് കൂട്ടിച്ചേർത്തു.ഫലത്തിൽ നിരാശയുണ്ടെങ്കിലും, ടെൻ ഹാഗ് തന്റെ ടീമിന്റെ പ്രകടനത്തെ പ്രശംസിച്ചു, ഈ മത്സരം “ഒരു ചാമ്പ്യൻസ് ലീഗ് ഗെയിം പോലെ” ഉണ്ടായിരുന്നു എന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

Rate this post