ആഘോഷിക്കാൻ സമ്മതിക്കില്ല, ലാ ലിഗ കിരീടം നേടാനൊരുങ്ങുന്ന ബാഴ്‌സലോണക്ക് മുന്നറിയിപ്പ്
കഴിഞ്ഞ സീസണിലെ തിരിച്ചടികൾക്ക് ശേഷം ഈ സീസണിൽ ലീഗ് കിരീടം നേടാനുള്ള തയ്യാറെടുപ്പിലാണ് ബാഴ്‌സലോണ. എസ്പാന്യോളിനെതിരെ നടക്കാൻ പോകുന്ന മത്സരത്തിൽ വിജയം സ്വന്തമാക്കിയാൽ ലാ ലീഗ ബാഴ്‌സലോണക്ക് സ്വന്തമാകും. സാമ്പത്തികപ്രതിസന്ധികളെ തുടർന്ന് വലിയ തിരിച്ചടി ഏറ്റുവാങ്ങിയ ക്ലബ്ബിനെ സംബന്ധിച്ച് ഒരു ഉയിർത്തെഴുന്നേൽപ്പ് കൂടിയാണ് ആധികാരികമായ ഈ കിരീടനേട്ടം.
എന്നാൽ ബാഴ്‌സലോണയെ ആഘോഷിക്കാൻ സമ്മതിക്കില്ലെന്നാണ് നഗരവൈരികളായ എസ്പാന്യോളിന്റെ നായകനായ സെർജി ഡാർഡർ പറയുന്നത്. ബാഴ്‌സലോണ ലീഗ് കിരീടത്തിനായി പോരാടുമ്പോൾ എസ്പാന്യോൾ ലീഗിൽ തരംതാഴ്ത്തലിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിലാണ്. അതുകൊണ്ടു തന്നെ ബാഴ്‌സലോണക്കെതിരെ നടക്കുന്ന മത്സരത്തിൽ ജീവന്മരണ പോരാട്ടം നടക്കുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
“ഞങ്ങളെക്കാൾ പ്രചോദിതരായി മറ്റാരുമില്ല. ഇതുപോലെയുള്ള മത്സരങ്ങളിൽ ഏതറ്റം വരെ പോയാലും കുഴപ്പമില്ല. പതിനൊന്നു താരങ്ങളുമായി മത്സരം നിയന്ത്രിക്കാനും മുഴുവനാക്കാനും ഞങ്ങൾക്ക് കഴിയണം. എന്നാൽ മുഴുവൻ ആവേശത്തോടെയാകണം ടീം ഗ്രൗണ്ടിൽ ഇറങ്ങേണ്ടത്. എല്ലാ മത്സരവും ഒരു ഫൈനൽ ആണെങ്കിൽ ഈ പോരാട്ടം അതിലും ഒരുപാട് മടങ് പ്രധാനപ്പെട്ടതാണ്.”
“ടീം കളിക്കളത്തിൽ പോയി മരണം വരെ പോരാടണമെന്നാണ് എനിക്ക് പറയാനുള്ളത്. ഇതൊരു ആഘോഷമല്ലെന്ന് ഓര്മ വേണം. ബാഴ്‌സലോണ ലീഗ് നേടാതിരിക്കാൻ വേണ്ടിയല്ല ഞങ്ങൾക്ക് മൂന്നു പോയിന്റുകൾ വേണ്ടത്, ഞങ്ങളെ സംരക്ഷിക്കുന്നതിനു കൂടി വേണ്ടിയാണ്. ഞങ്ങളുടെ മുഖത്ത് നോക്കി ആഘോഷിക്കാൻ അവരെ സമ്മതിക്കില്ല.” സെർജി വ്യക്തമാക്കി.
Espanyol captain Sergi Darder is 'ready to die' to block Barcelona winning the title against them on Sunday https://t.co/7lGJn5SCLO
— Football España (@footballespana_) May 12, 2023
തരംതാഴ്ത്തൽ മേഖലയിൽ കിടക്കുന്ന എസ്പാന്യോൾ അതിനെ മറികടന്ന് മുന്നോട്ടു വരാനുള്ള സാധ്യതകൾ വളരെ കുറവാണ്. എങ്കിലും തങ്ങളുടെ പ്രധാന എതിരാളികളായ ബാഴ്‌സലോണയെ സ്വന്തം മൈതാനത്ത് പൂട്ടാൻ കഴിയുമെന്ന പ്രതീക്ഷ അവർക്കുണ്ടാകും. അതേസമയം നേരത്തെ ലീഗ് സ്വന്തമാക്കി അടുത്ത സീസണിലേക്കുള്ള തയ്യാറെടുപ്പുകൾ നടത്തുകയാവും ബാഴ്‌സലോണയുടെ ലക്‌ഷ്യം.