യൂറോപ്പ ലീഗ്‌ ഫൈനലിന്റെ മറുപടി ഇന്ന് ചാമ്പ്യൻസ് ലീഗിലോ ?

ആവേശത്തിലാഴ്‍ത്തിയ യൂറോപ്പ ലീഗ് ഫൈനൽ പോരാട്ടം ഇന്ന് ചാമ്പ്യൻസ് ലീഗിലൂടെ വീണ്ടും ആരാധകരിലേക്ക്. മാഞ്ചസ്റ്റർ യുണൈറ്റഡ് ന്റെ മൈതാനത്തു വച്ച് നടക്കുന്ന മത്സരത്തിൽ സ്പാനിഷ് ക്ലബ് ആയ വിയ്യാറയൽ ആണ് എതിരാളികൾ. ഇന്ത്യൻ സമയം രാത്രി 12:30 നാണ് മത്സരം. ഏറെ നാളുകൾക്ക് ശേഷം കണ്മുന്നിലെത്തിയ കിരീടം തട്ടിപ്പറിച്ച വിയ്യറയലിനോട് മാഞ്ചസ്റ്റർ പ്രതികാരം വീട്ടുമോ എന്നതും ഇന്നറിയാം. പരിക്കിന്റെ പിടിയിലാണ് രണ്ടു ടീമുകളും ഇറങ്ങുന്നത് എങ്കിലും ഇന്നത്തെ മത്സരം വാശിയേറിയത് ആവുമെന്ന് ഉറപ്പാണ്. അവസാന മത്സരം ആസ്റ്റൺ വില്ലയോട് പരാജയപ്പെട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരവും പരാജിതരായാണ് വരുന്നത്.

ആദ്യ മത്സരത്തിൽ റെഡ് കാർഡ് കണ്ടു പുറത്തായ റൈറ്റ് ബാക്ക് ആരോൺ വാൻ ബിസാക്കക്ക് പുറമെ പ്രതിരോധത്തിൽ ഇറങ്ങാൻ ക്യാപ്റ്റൻ ഹാരിയും ഇന്ന് ഉണ്ടാവില്ല. ലെഫ്റ്റ് ബാക്ക് ആയ ലൂക്ക് ഷാ യും കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിനിടെ പരിക്കേറ്റ് പുറത്തു പോയത് യുണൈറ്റഡിൽ കടുത്ത തലവേദന സൃഷ്ടിക്കും എന്നത് ഉറപ്പ്. പ്രതിരോധത്തിലെ ഈ വിള്ളലുകൾ നികത്താൻ ഒലെ കരുതി വച്ചിരിക്കുന്നത് എന്താണെന്ന് നമുക്ക് കാത്തിരുന്നു കാണേണ്ടി വരും.

യൂറോപ്പ ലീഗ് ഫൈനലിന്റെ പ്രതികാരം തീർക്കാൻ സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ അവതരിക്കുമോ എന്നതാണ് ഇന്ന് മാഞ്ചസ്റ്റർ ആരാധകർ ഉറ്റു നോക്കുന്ന പ്രധാന ഘടകം. നീണ്ടു പോയ പെനാൽറ്റി ഷൂട്ട് ഔട്ട് ലാണ് കൈതുമ്പത്ത് എത്തിയ കപ്പ് ചെകുത്താന്മാർക്ക് നഷ്ടം ആവുന്നത്. എന്നാൽ ഇതേ പെനാൽറ്റിയിൽ ആണ് കഴിഞ്ഞ പ്രീമിയർ ലീഗ് മാച്ചിലും വിധി അവർക്ക് വില്ലനായത്. ഇതിനെല്ലാം പുറമേ കഴിഞ്ഞ യൂറോപ്പ ലീഗ് ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്ത ശേഷം വിയ്യറയൽ താരങ്ങൾ അവരെ കളിയാക്കിയുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിലൂടെ പങ്കു വച്ചതും നാം കണ്ടതാണ്. അതിനാൽ ഇന്നത്തെ മത്സരത്തിന്റെ വിധി യുണൈറ്റഡ്‌ ന്റെ വില്ലനാവാതിരുന്നാൽ ആഗ്രഹിച്ച വിജയം സ്വന്തമാക്കി അവർക്ക് പ്രതികാരം വീട്ടാൻ സാധിക്കും.

ഇന്നലെ കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മാച്ചിൽ ആവേശ ഗോൾ നേടി മെസ്സി തന്റെ പി.എസ്.ജി വേട്ടക്ക് തുടക്കം കുറിച്ചതിനാൽ ഗോളിൽ കുറഞ്ഞതൊന്നും റൊണാൾഡോ ആരാധകരെയും സംതൃപ്തരാക്കില്ല. എന്നാൽ ഏവർക്കുമറിയുന്നത് പോലെ എവിടെയെല്ലാം തകർന്നിട്ടുണ്ടോ അവിടെയെല്ലാം അതിനേക്കാൾ രണ്ടിരട്ടിയിൽ മറുപടി കൊടുത്തു കാണിച്ചവനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇന്നും മാഞ്ചസ്റ്ററിൽ റൊണാൾഡോ അവതരിക്കും എന്ന പ്രതീക്ഷയോടെ തന്നെ ഈ ആവേശപ്പോരാട്ടത്തിനായി നമുക്ക് കാത്തിരിക്കാം.

Rate this post